സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുർക്കിയിലേക്ക്
ദുബൈ: സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുർക്കി ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് പര്യടനത്തിനൊരുങ്ങുങ്ങുന്നുവെന്ന് റിപ്പോർട്ട്. തുർക്കിയെ കൂടാതെ, സൈപ്രസ്, ഗ്രീസ്, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കായിരിക്കും കിരീടാവകാശിയുടെ യാത്ര. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. ജൂൺ ആദ്യം തന്നെ യാത്ര നടക്കുമെന്നാണ് കരുതുന്നത്. എന്നാൽ, യാത്ര സംബന്ധമായി സഊദി സർക്കാരിന്റെ മീഡിയ ഓഫീസ് പ്രതികരിച്ചില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ വ്യക്തമാക്കി.
ആഗോള തലത്തിൽ ഏറെ ചർച്ചയായ 2018 ലെ പ്രമുഖ സഊദി മാധ്യമ പ്രവർത്തകന്റെ കൊലപാതകത്തിന് ശേഷം ആദ്യമായാണ് സഊദി ഭരണാധികാരി തുർക്കി സന്ദര്ശിക്കുന്നത്. പ്രമുഖ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി തുർക്കിയിലെ സഊദി എംബസിയിൽ വെച്ചാണ് കൊല ചെയ്യപ്പെട്ടത്. ഇത് അന്താരാഷ്ട്ര തലത്തിൽ ഏറെ ഒച്ചപ്പാടുകൾക്ക് ഇടയാക്കുകയും സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേർക്ക് മാധ്യമ വാർത്തകൾ വരികയും ചെയ്തിരുന്നു. കൊലപാതകത്തിനും കൊവിഡ്-19 പകർച്ചവ്യാധിക്കും ശേഷമുള്ള രാജകുമാരന്റെ മേഖലയ്ക്ക് പുറത്തുള്ള ആദ്യ പര്യടനമാണിത്. 2019 ൽ ജി 20 ഉച്ചകോടിക്കായി അദ്ദേഹം ജപ്പാൻ സന്ദർശിച്ചിരുന്നു.
ഇസ്താംബൂളിലെ സഊദി കോൺസുലേറ്റിൽ വെച്ച് നടന്ന ജമാൽ ഖഷോഗിയുടെ കൊലപാതകം പാശ്ചാത്യ രാജ്യങ്ങളിൽ കോലാഹലങ്ങൾക്കിടയാക്കുകയും ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരും ഏറ്റവും വലിയ അറബ് സമ്പദ്‌വ്യവസ്ഥയുമായ ഗൾഫ് അറബ് രാഷ്ട്രമായ സഊദിയുടെ മേൽ വൻ ആരോപണങ്ങൾ വരികയും ചെയ്‌തിരുന്നു. ആധുനിക സഊദിയുടെ പരിഷ്‌കരണവാദിയെന്ന നിലയിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയും ചെയ്‌തിരുന്നു. .
ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിചാരണ തുർക്കി ഉപേക്ഷിച്ചതുൾപ്പെടെയുള്ള സഊദി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള തീവ്രശ്രമങ്ങൾക്ക് ശേഷം വർഷങ്ങൾക്ക് ശേഷമുള്ള ആദ്യത്തെ ഉന്നതതല യാത്രയിൽ തുർക്കി പ്രസിഡന്റ് കഴിഞ്ഞ മാസം സഊദി സന്ദർശിച്ചിരുന്നു. തുർക്കി സന്ദർശനത്തിനുള്ള പ്രസിഡന്റ് ത്വയ്യിബ് ഉർദുഗാന്റെ ക്ഷണം മുഹമ്മദ് രാജകുമാരൻ സ്വീകരിച്ചുവെന്നും അത് ഷെഡ്യൂൾ ചെയ്യാൻ ഇരുപക്ഷവും ശ്രമിക്കുന്നുണ്ടെന്നും സ്രോതസുകളിലൊന്നായ മുതിർന്ന തുർക്കി ഉദ്യോഗസ്ഥൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."