തടവുകാരുടെ കുടുംബങ്ങള്‍ക്ക് സഹായ നീക്കവുമായി ദുബൈ പൊലീസ്
ദുബൈ: ദുബൈയിലെ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന ഇന്ത്യക്കാരടക്കമുള്ള തടവുകാരുടെ കുടുംബങ്ങള്‍ക്ക് റമദാനില്‍ പിന്തുണയുമായി ദുബൈ പൊലീസ് രംഗത്ത്. നൂറുകണക്കിന് തടവുകാരുടെ കുടുംബങ്ങള്‍ താമസിക്കുന്ന അപാര്‍ട്‌മെന്റുകളുടെ വാടക നല്‍കിയും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ഫീസ് ഒടുക്കിക്കൊടുത്തും പ്രിയപ്പെട്ടവരുടെ മെഡിക്കല്‍ ബില്ലുകള്‍ അടച്ചുമാണ് പൊലീസ് തടവുകാര്‍ക്ക് പിന്തുണയായി മാറിയിരിക്കുന്നത്. പൊലീസിന്റെ മനുഷ്യ കാരുണ്യ വിഭാഗം ഇതിനായി 10 ലക്ഷം ദിര്‍ഹമാണ് ചെലവഴിക്കുന്നത്. ചില ചാരിറ്റബിള്‍ സംഘടനകളും ഗ്രൂപ്പുകളും സാമ്പത്തിക സംഭാവനകള്‍ നല്‍കിയത് വഴിയാണ് ഇതിനായുള്ള പണം ലഭിച്ചതെന്ന് ദുബൈ പൊലീസിലെ കാരുണ്യ വിഭാഗം തലവന്‍ ക്യാപ്റ്റന്‍ ഹബീബ് അല്‍ സറൂനി അറിയിച്ചു.
തടവുകാരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും അവരുടെ കുടുംബങ്ങള്‍ക്ക് പിന്‍ബലമായി മാറാനും ഈ സാമ്പത്തിക സഹായത്തിലൂടെ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന ആവശ്യങ്ങളായ മെഡിക്കല്‍ ഉപകരണങ്ങള്‍, പ്രതിമാസ സ്‌റ്റൈപെന്‍ഡ്, വൈദ്യ സഹായം എന്നിവക്ക് പുറമെ, വീട്ടു വാടക നല്‍കല്‍, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ എന്നിവയടക്കം അന്തേവാസികള്‍ അഭിമുഖീകരിക്കുന്ന ആന്തരികവും ബാഹ്യവുമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് വെളിപ്പെടുത്തിയ ക്യാപ്റ്റന്‍ അല്‍ സറൂനി, വീല്‍ ചെയറുകള്‍, കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ തുടങ്ങിയ സേവനങ്ങളും നിര്‍വഹിച്ചെന്നും വ്യക്തമാക്കി. മാനുഷിക സഹായങ്ങളില്‍ വസ്ത്രങ്ങള്‍, വ്യക്തിഗത ശുചിത്വ ഇനങ്ങള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു.
തടവുകാര്‍ക്ക് നന്നാവാനുള്ള അവസരം കൂടിയാണ് ഈ സഹായങ്ങളിലൂടെ പൊലീസ് മുന്നോട്ടു വെക്കുന്നതെന്നും, ശിക്ഷിക്കുന്നതിന് പകരം അവരെ നല്ല പ്ര പ്രവര്‍ത്തനങ്ങളിലൂടെ പുനരധിവസിപ്പിക്കാനും സ്‌കില്‍സ് ട്രെയിനിംഗ് നല്‍കി സ്വയംപര്യാപ്തിയിലേക്കും അതു വഴി നന്മയിലേക്കും നയിക്കാനും കൂടി ഈ വേള ഉപയോഗിക്കുന്നുവെന്നും പൊലീസിലെ പ്യൂണിറ്റീവ് ആന്റ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ജനറല്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മര്‍വാന്‍ അബ്ദുല്‍ കരീം ജല്‍ഫാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."