പോരു മുറുകുന്ന കര്‍ണാടക
സി.വി ശ്രീജിത്ത്
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ കളംനിറഞ്ഞാടുന്നത് വികസന മുദ്രാവാക്യങ്ങളോ ജനകീയ പ്രശ്‌നങ്ങളോ അല്ല. അഴിമതിയാരോപണങ്ങളും ജാതിസമുദായ സമവാക്യങ്ങളുമാണ്. ദക്ഷിണേന്ത്യയിലെ ഏക പ്രവേശനകവാടമായ കര്‍ണാടകയില്‍ എങ്ങനെയും ഭരണത്തുടര്‍ച്ച തേടുന്ന ബി.ജെ.പിയെ കുഴയ്ക്കുന്നതും ഈ പ്രതിസന്ധിയാണ്. അഞ്ചുകൊല്ലത്തിനിടെ രണ്ടു മുഖ്യമന്ത്രിമാരെ പരീക്ഷിച്ചിട്ടും ബി.ജെ.പി ക്യാംപുകള്‍ തെല്ലും ആത്മവിശ്വാസത്തിലല്ല.
ഒരു വര്‍ഷം മുമ്പുതന്നെ ബൂത്തുതലം തൊട്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ആവേശം വിതറി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ നേതാക്കള്‍ ഒട്ടേറെ തവണ സംസ്ഥാനത്ത് വന്നുപോവുകയും ചെയ്തിട്ടും അണികളിലുള്‍പ്പെടെ തണുത്ത പ്രതികരണമാണിപ്പോഴും. ഭരണവിരുദ്ധ വികാരം സ്വന്തം അണികളില്‍ വരെ പ്രകടമാണെന്ന വിലയിരുത്തലാണ് പാര്‍ട്ടി നടത്തിയ രഹസ്യ സര്‍വേയിലെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കര്‍ണാടകയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്.
അഴിമതി രഹിത, ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരെന്ന അവകാശവാദവുമായാണ് യെദ്യുരപ്പ കോണ്‍ഗ്രസ് പക്ഷത്തെ ചിലരെ കൂറുമാറ്റി അധികാരത്തിലെത്തിയത്. എന്നാല്‍ അഴിമതി, സംവരണവിഷയം, വിവിധ ജാതിവിഭാഗങ്ങളുടെ സംവരണകാര്യം, മുസ് ലിം പെണ്‍കുട്ടികളുടെ ഹിജാബ് നിരോധിക്കല്‍, മതപരിവര്‍ത്തന നിരോധന നിയമം തുടങ്ങി വിവാദങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച എല്ലാ വിഷയങ്ങളും സര്‍ക്കാരിനും പാര്‍ട്ടിക്കും കനത്ത പ്രതിസന്ധിയാണ് സമ്മാനിച്ചത്. നാല്‍പത് ശതമാനം കമ്മിഷന്‍ സര്‍ക്കാരെന്ന ആരോപണം കരാറുകാരില്‍നിന്നു പരസ്യമായി ഉയര്‍ന്നതും ഏറ്റവും ഒടുവില്‍ വിരുപാക്ഷപ്പ എം.എല്‍.എയുടെ അറസ്റ്റും ബസവരാജ് ബൊമ്മെ സര്‍ക്കാരിനെ തീര്‍ത്തും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ദേശീയതലത്തില്‍ അഴിമതി രഹിത സര്‍ക്കാരെന്ന അവകാശവാദം ഉന്നയിക്കുമ്പോഴും കര്‍ണാടക ഭരണം അടിമുടി അഴിമതിയുടെ നിഴലിലാണെന്ന ആരോപണം ബി.ജെ.പിയെ തിരിഞ്ഞുകൊത്തുകയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സംസ്ഥാനത്തെ 190 മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയ പ്രജാധ്വനി യാത്ര വന്‍വിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ക്യാംപ്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും പി.സി.സി പ്രസിഡന്റ് ഡി.കെ ശിവകുമാറും ആദ്യഘട്ടത്തില്‍ ഒന്നിച്ചും പിന്നീട് വെവ്വേറെയും നടത്തിയ യാത്രയ്ക്ക് ലഭിച്ച ജനപിന്തുണ പാര്‍ട്ടിക്കുള്ള അംഗീകാരമായും സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന്റെ പ്രകടനമായും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നു. പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യതയ്ക്ക് കാരണമായ 2019ലെ മോദി വിരുദ്ധ പരാമര്‍ശം നടത്തിയ കോലാറിലേക്ക് സത്യമേവ ജയതേ റാലിയുമായി ഏപ്രില്‍ 9ന് രാഹുല്‍ വീണ്ടും എത്തുന്നതോടെ പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിന് കോണ്‍ഗ്രസ് തുടക്കമിടും.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുംമുമ്പ് വലിയ തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതും അവര്‍ മണ്ഡലങ്ങളില്‍ അനൗദ്യോഗിക പ്രചാരണത്തിന് തുടക്കമിട്ടതും കോണ്‍ഗ്രസില്‍ കേട്ടുകേള്‍വിയില്ലാത്ത രീതിയാണ്. തുടക്കത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ച് രംഗത്തുവന്ന സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും രാഹുല്‍ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് ഐക്യത്തോടെ മുന്നോട്ടുപോകാന്‍ തീരുമാനിച്ചത് താഴെതലം വരെ അനുകൂല സാഹചര്യം സൃഷ്ടിച്ചതായും കോണ്‍ഗ്രസ് ക്യാംപ് പറയുന്നു.
ഗ്രൂപ്പ് പോരും പ്രാദേശികവാദവും ബി.ജെ.പിയിലേക്കുള്ള കൊഴിഞ്ഞുപോക്കും കാരണം സംഘടനാപരമായി ഏറെ ദുര്‍ബലമായ അവസ്ഥയില്‍ നിന്നാണ് 2020ന് ശേഷം കോണ്‍ഗ്രസ് പതിയെ കരുത്താര്‍ജിച്ചത്. ഡി.കെ ശിവകുമാറിനെ പി.സി.സി അധ്യക്ഷനാക്കിയതോടെ അണികളിലും ആടിക്കളിക്കുന്ന നേതാക്കളിലും പുത്തനുണര്‍വ്വുണ്ടായി. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സിദ്ധരാമയ്യയുടെ പ്രകടനവും പാര്‍ട്ടിയെ വീണ്ടും സംസ്ഥാനത്തെ ശക്തമായ സാന്നിധ്യമാക്കി.
പ്രകടന പത്രിക ഏപ്രില്‍ പകുതിയോടെ പുറത്തിറക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍ പ്രധാന മുദ്രാവാക്യമായ നാലിന ഗ്യാരന്റി പ്രോഗ്രാം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും മുമ്പെ പാര്‍ട്ടി പ്രഖ്യാപിച്ചു. 1.5 കോടി സ്ത്രീകള്‍ക്ക് 2000 രൂപ പ്രതിമാസ സഹായം നല്‍കുന്ന ഗൃഹലക്ഷ്മി പദ്ധതി, 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹ ജ്യോതി പദ്ധതി, ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 10 കിലോ സൗജന്യ അരി വിതരണം ചെയ്യുന്ന അന്നഭാഗ്യാ സ്‌കീം, തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും നല്‍കുന്ന യുവനിധി പദ്ധതി എന്നിവ എല്ലാവിഭാഗം വോട്ടര്‍മാരെയും ആകര്‍ഷിക്കാനുള്ള വാഗ്ദാനമാണ്. അഴിമതിക്കെതിരായ ജനങ്ങളുടെ രോഷവും ജാതിസമുദായ ഘടകങ്ങളും തങ്ങള്‍ക്ക് അനുകൂലമായാല്‍ ഭരണം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.
ഒറ്റയ്ക്ക് ഭരിക്കാമെന്ന മോഹമില്ലെങ്കിലും കിങ്‌മേക്കര്‍ റോളിലെത്താനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ജനതാദള്‍ എസ്. 2006ല്‍ ബി.ജെ.പിക്കൊപ്പവും 2018ല്‍ ബി.ജെ.പിയെ മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസിനൊപ്പവും ചേര്‍ന്ന ദളിന്റെ നോട്ടം ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാലുള്ള നിയമസഭയിലെ മുഖ്യമന്ത്രി കസേരയാണ്. ഡിസംബറില്‍ തുടങ്ങിയ പഞ്ചരത്‌നാ യാത്രയിലൂടെ മുഖ്യമന്ത്രിസ്ഥാനത്തില്‍ കുറഞ്ഞതൊന്നും തന്റെ ലക്ഷ്യമല്ലെന്ന് വ്യക്തമാക്കിയ എച്ച്.ഡി കുമാരസ്വാമി, 90 മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. ആദ്യഘട്ടത്തില്‍ 93 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പഴയ മൈസൂരു മേഖലയിലെ സീറ്റുകളിലാണ്. എന്നാല്‍ ബി.ജെ.പിയുടെ കടന്നുകയറ്റവും കോണ്‍ഗ്രസിന്റെ സ്വീകാര്യതയും ദളിനു മുന്നിലെ കീറാമുട്ടിയാണ്. സംഘടന ദുര്‍ബലമായതും നേതാക്കള്‍ കൊഴിഞ്ഞുപോകുന്നതും ദളിനെ അലോസരപ്പെടുത്തുന്നുണ്ട്. ഇതോടൊപ്പം പഴയ മൈസൂരു, ഹാസന്‍, കല്യാണ കര്‍ണാടക മേഖലകളിലെ നേതാക്കളിലെ പടലപിണക്കവും പാര്‍ട്ടിക്കുമുന്നിലെ പ്രതിസന്ധിയാണ്. എല്ലാകാലത്തും ഒപ്പംനിന്ന വൊക്കലിംഗ സമുദായത്തിന്റെ വോട്ടുബാങ്കില്‍ വിള്ളല്‍ വീണതാണ് ദളിനേറ്റ കനത്ത തിരിച്ചടി. വൊക്കലിംഗ സമുദായത്തിലെ സ്വാധീനം കുറഞ്ഞതും അതേസമയം, കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ക്ക് അവിടെ സ്വീകാര്യത കൂടിയതും ദളിന്റെ അടിത്തറയെ ബാധിക്കുന്ന വിഷയമാണ്. മൈസൂരു, തുമക്കൂരു, ചിക്കമംഗലൂരു, ഹാസന്‍ തുടങ്ങിയ മേഖലകളിലെ കര്‍ഷകരുടെ ഇടയിലും ദളിന്റെ സ്വാധീനത്തിന് ഇടിവു തട്ടിയിട്ടുണ്ട്.
കോണ്‍ഗ്രസ്, ബി.ജെ.പി പാളയങ്ങളില്‍ പെടാതെ ഒറ്റയ്ക്ക് പോരിനിറങ്ങുന്ന ആം ആദ്മി പാര്‍ട്ടി, സി.പി.എം, ബി.സ്.പി, അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം, വിവാദ ഖനി വ്യവസായിയും മുന്‍ ബി.ജെ.പി മന്ത്രിയുമായ ജനാര്‍ദന റെഡ്ഡിയുടെ കല്യാണ രാജ്യ പ്രഗതി പക്ഷ പാര്‍ട്ടി, മഹാരാഷ്ട്രാ ഏകീകരണ്‍ സമിതി തുടങ്ങി പത്തോളം പാര്‍ട്ടികള്‍ വേറെയുമുണ്ട് കര്‍ണാടക രാഷ്ട്രീയത്തില്‍ മാറ്റുരക്കാന്‍. വോട്ടുബാങ്കുകളില്ലെങ്കിലും ചിലയിടങ്ങളിലെ സ്വാധീനം ജയപരാജയങ്ങളെ നിര്‍ണയിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."