സ്ത്രീധനമോഹികൾക്ക് പാഠമാകണം
സ് ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ മരണത്തിനുത്തരവാദിയായ ഭർത്താവ് കിരൺകുമാറിനെ 25 വർഷത്തെ കഠിനതടവിന് കോടതി ശിക്ഷിച്ചിരിക്കുകയാണ്. വിവിധ വകുപ്പുകൾ പ്രകാരമാണ് 25 വർഷത്തെ തടവ് വിധിച്ചതെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന കോടതി ഉത്തരവ് പ്രകാരം 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. കിരണിന് ജീവപര്യന്തം തടവുശിക്ഷ കിട്ടുമെന്നു കരുതിയിരുന്നെങ്കിലും പ്രതിയുടെ പ്രായം ശിക്ഷ വിധിക്കുന്നതിൽ പ്രധാന ഘടകമായതിനാലായിരിക്കണം 10 വർഷത്തെ ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ടാവുക.
പ്രതിയുടെ അച്ഛനമ്മമാർക്കെതിരേയും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അവർക്കും വിസ്മയയുടെ മരണത്തിൽ പങ്കുണ്ടെന്നുമാണ് വിധി വന്നയുടൻ വിസ്മയയുടെ മാതാപിതാക്കൾ പ്രതികരിച്ചത്. കിരണിന്റെ ബന്ധുക്കൾക്ക് ആത്മഹത്യയിൽ പങ്കുണ്ടോ എന്ന് പൊലിസ് അന്വേഷിച്ചിരുന്നു. പങ്കില്ലെന്നായിരുന്നു അവർ കണ്ടെത്തിയത്. പ്രതിയുടെ പ്രായം പരിഗണിച്ചുള്ള കോടതി വിധിക്കെതിരേ പ്രോസിക്യൂഷൻ അപ്പീൽ പോകാനുള്ള സാധ്യതയും കുറവാണ്. എന്തായാലും സ്ത്രീധനമോഹികളായ പുരുഷന്മാർക്കും അവരുടെ മാതാപിതാക്കൾക്കുമുള്ള താക്കീതാണ് കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയുടെ വിധി പ്രഖ്യാപനം. അഭ്യസ്തവിദ്യരും മെച്ചപ്പെട്ട ജോലിയുമുള്ള കുറേ ചെറുപ്പക്കാരെങ്കിലും ഈ കാലത്തും സ്ത്രീധന ദുരാഗ്രഹികളായി മാറുന്നു എന്നത് അവർക്ക് ആത്മാഭിമാനം എന്ന ഒന്നില്ലാത്തതിനാലാണ്. അന്യരുടെ സ്വത്തും സ്വർണവും പണവും സ്ത്രീധനമായി വിലപേശിവാങ്ങി അതുകൊണ്ട് ആഡംബര ജീവിതം നയിക്കുന്നവരെ പുരുഷന്മാരെന്ന് പറയാനാവില്ല.
വലിയ ഉദ്യോഗമുള്ളവരുടെ വിവാഹാലോചനകൾ വരുമ്പോൾ മറ്റൊന്നും ആലോചിക്കാതെ അവർ ചോദിക്കുന്നതിനപ്പുറം സ്ത്രീധനം കൊടുക്കുന്ന പെൺവീട്ടുകാരും ഇതിൽ കുറ്റക്കാരാണ്. സ്ത്രീധനം ചോദിക്കുന്നതും വാങ്ങുന്നതും മാത്രമല്ല, കൊടുക്കുന്നതും കുറ്റകരമാണ്. 100 പവൻ സ്വർണാഭരണവും കാറും ഏക്കർ കണക്കിന് ഭൂമിയും കിട്ടിയിട്ടും കിരണിനും അവന്റെ വീട്ടുകാർക്കും ആർത്തി അടങ്ങിയില്ല. വിസ്മയയുടെ വീടിനെ അക്ഷയഖനിയായിട്ടായിരിക്കും ആർത്തിമൂത്ത ഭർതൃ വീട്ടുകാർ കണ്ടിട്ടുണ്ടാവുക. കൂടുതൽ ചോദിച്ചാൽ ഇനിയും കിട്ടുമെന്ന ദുരാഗ്രഹമാവാം ഒരു പാവം പെൺകുട്ടിയെ കഠിനമായി ദേഹോപദ്രവമേൽപ്പിക്കുവാൻ കിരണിന് പ്രചോദനമായിട്ടുണ്ടാവുക. 10 വർഷത്തെ ജയിൽശിക്ഷ കഴിഞ്ഞ് കിരൺ പുറത്തുവരുമ്പോൾ അയാൾ യൗവനത്തിന്റെ അവസാനപാദത്തിലായിരിക്കും. വാർധക്യത്തിന്റെ ആരംഭത്തിലും. അത് തന്നെയാണയാൾക്ക് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷ.
സ്ത്രീസമത്വത്തിന്റെ പ്രധാന്യത്തെക്കുറിച്ച് നിരന്തരം പൊതുസമൂഹത്തെ ഉദ്ബോധിപ്പിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും സാമൂഹ്യ-സാംസ്കാരിക സംഘടനകൾക്കും സ്ത്രീധനമെന്ന വിപത്തിനെ ഈ പരിഷ്കൃത നൂറ്റാണ്ടിലും തൂത്തെറിയാൻ കഴിഞ്ഞിട്ടില്ല.
ആത്മാഭിമാനമില്ലാത്ത പുരുഷന്മാർക്ക് വധുവിന്റെ വീട്ടിൽ നിന്നു കിട്ടുന്ന ഭിക്ഷയാണ് സ്ത്രീധനമെന്നത്, അത് ഇരുകൈയും നീട്ടി വാങ്ങുന്ന പുരുഷനും ഓർക്കുന്നില്ല. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ധനം അവളുടെ പരിശുദ്ധിയും സ്വഭാവ വൈശിഷ്ട്യവുമാണെന്ന് തിരിച്ചറിയാത്ത സമൂഹത്തിൽ വിസ്മയമാർ ജീവനൊടുക്കി കൊണ്ടേയിരിക്കും. കൊടുക്കുന്ന സ്ത്രീധനത്തിന് പുറമെ ഭർത്താവിന്റെ വീട്ടിലെ ജോലി മുഴുവൻ ഭാര്യയായി പുരുഷന്റെ വീട്ടിലേക്ക് ചെല്ലുന്ന സ്ത്രീ ചെയ്യണം. അതൊരു തൊഴിലായി ധനാർത്തി മൂത്ത ആൺവീട്ടുകാർ കരുതുന്നേയില്ല. അവൾ ഉദ്യോഗസ്ഥയാണെങ്കിൽ ഭർത്താവിന്റെ വീട്ടിലെ ജോലി മുഴുവൻ തീർത്തതിന് ശേഷമേ ജോലിക്ക് പോകാൻ പറ്റൂ. സമത്വത്തെക്കുറിച്ച് പഴയ കാലത്തേക്കാൾ കൂടുതൽ കേൾക്കുന്ന ഒരു കാലവും കൂടിയാണിത്. എന്നാലോ, ഇപ്പോഴും വിവാഹജീവിതത്തിൽ തുല്യപങ്കാളിയായി സ്ത്രീയെ കാണാൻ ഈ നൂറ്റാണ്ടിൽപോലും സമൂഹം തയാറാവുന്നില്ല. ഉന്നത വിദ്യാഭ്യാസവും സ്വന്തമായി വരുമാനവും നേടിയതിന് ശേഷമേ സ്ത്രീകൾ വിവാഹത്തിന് തയാറാകേണ്ടതുള്ളൂവെന്ന് സ്ത്രീവാദികൾ പറയുന്നതും സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾക്കും ആത്മഹത്യകൾക്കും പരിഹാരമല്ല. എല്ലാ കുടുംബങ്ങൾക്കും ഇത്തരമൊരു തീരുമാനത്തിൽ എത്താനും കഴിയണമെന്നില്ല.
1961ലാണ് സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത്. നിയമം വന്ന് ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കും ഒരറുതിയുമുണ്ടായില്ല. കഴിഞ്ഞ ആറു വർഷത്തിനിടെ 80 യുവതികളാണ് സ്ത്രീധനപീഡനം സഹിക്കാതെ ജീവനൊടുക്കിയത്. 15വർഷത്തിനിടെ 247ജീവനുകൾ പൊലിഞ്ഞു. സ്ത്രീധനം കുറഞ്ഞുപോയതിന് ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും പാമ്പിനെക്കൊണ്ട് കടിപ്പിച്ചും കൊലപ്പെടുത്തുന്ന കിരാത സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു.
ഉത്ര, പ്രിയങ്ക, വിസ്മയ, അർച്ചന, സുചിത്ര... ഇരകൾ മാത്രം മാറുന്നു. സ്ത്രീധന പീഡനം ക്രിമിനൽ കുറ്റകൃത്യമാണ്. പരാതി കിട്ടിയാൽ പ്രാഥമിക പരിശോധനയ്ക്കുശേഷം ജാമ്യമില്ലാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യണം. പൊന്നും പണവും മാത്രമല്ല, വിവാഹച്ചെലവിന് തുക നൽകുന്നതും സ്ത്രീധനമാണെന്ന് മനസിലാക്കണം. സാമൂഹികവും സാംസ്‌കാരികവുമായി ഉന്നതരെന്നു കരുതുന്ന കേരളീയരുടെ അഭിമാനബോധത്തിനു തിരിച്ചടിയാണ് ഒാരോ സംഭവവും. പിഴുതെറിയാൻ ശ്രമിച്ചിട്ടും സാധിക്കാത്ത സ്ത്രീധനമെന്ന സമ്പ്രദായത്തിനും അതിന്റെ പേരിലുണ്ടാകുന്ന വിപത്തുകൾക്കും എതിരേ ശക്തമായ ചിന്തയും പ്രതികരണവും സമൂഹത്തിൽ വളരാൻ ഈ വിധി സഹായകരമാകണം.
കാലം മാറിക്കൊണ്ടിരിക്കുമ്പോഴും സമൂഹത്തിന്റെ മനോഭാവം മാറുന്നില്ല. നിയമം കൊണ്ട് ഒഴിവാക്കാനാകുമായിരുന്നെങ്കിൽ സ്ത്രീധനമെന്ന വിപത്ത് സമൂഹത്തിൽ നിന്ന് എന്നേ തുടച്ചുനീക്കപ്പെടുമായിരുന്നു. പഴയ കാലത്തിൽ നിന്നു വ്യത്യസ്തമായി സ്ത്രീകൾ ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയും കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലവും കൂടിയാണിത്. സ്ത്രീധനം ചോദിക്കുന്നവരെ നിഷ്കരുണം നിരാകരിക്കാനുള്ള മാനസികാവസ്ഥ സ്ത്രീക്കും അവരുടെ കുടുംബത്തിനും ഉണ്ടാകുമ്പോഴേ സ്ത്രീധനമെന്ന ദുരാചാരത്തെ സമൂഹത്തിൽ നിന്നു വിപാടനം ചെയ്യാനാവൂ. സ്ത്രീധനം ചോദിച്ചുവരുന്നവർക്ക് മകളെ വിവാഹം ചെയ്ത് കൊടുക്കില്ലെന്ന് വീട്ടുകാരും തീരുമാനിക്കണം. വിസ്മയയുടെ മരണം സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കേണ്ടി വന്നവരിൽ അവസാനത്തേതാകട്ടെ എന്ന് പ്രതീക്ഷിക്കുകയേ നിവൃത്തിയുള്ളു. കിരണിന് കിട്ടിയ ശിക്ഷ സ്ത്രീധനമോഹികൾക്കൊരു പാഠവുമാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."