കുടുംബ കലഹം മയ്യിത്തിനോടും, റിയാദില്‍ മരിച്ച മലയാളിയുടെ സംസ്‌കാരം നീണ്ടത് ഒരു മാസം, പത്തുവര്‍ഷം നാടുകാണാത്ത അബൂബക്കറിന്റെ ചേതനയറ്റ ശരീരം എത്തുന്നത് അന്ത്യയാത്രക്ക്
റിയാദ്: കുടുംബ കലഹം മരിച്ച മയ്യിത്തിനോടും തുടര്‍ന്നതോടെ സഊദിയില്‍ മരിച്ച മലയാളിയുടെ സംസ്‌കാരം നീണ്ടത് ഒരുമാസം. മാര്‍ച്ച് നാലിന് റിയാദില്‍ മരിച്ച ഒറ്റപ്പാലം സ്വദേശി അബൂബക്കറിന്റെ(65)മൃതദേഹമാണ് ഒടുവില്‍ അന്ത്യയാത്രക്കായി നാട്ടിലേക്ക് കൊണ്ടുവരുന്നത്. ചൊവ്വാഴ്ച രാവിലെ 8.20ന് കരിപ്പൂരിലെത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും.
അബൂബക്കര്‍ രണ്ട് വിവാഹം കഴിച്ചതാണ് കുടുംബതര്‍ക്കങ്ങള്‍ക്കു കാരണമായത്. 10 വര്‍ഷമായി നാട്ടില്‍ പോകാനും ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇതിന്റെ കാരണം ആദ്യ ഭാര്യ നാട്ടില്‍ നല്‍കിയ പരാതിയുടെ പേരിലായിരുന്നുവെന്നാണ് ആക്ഷേപം. നാലു പതിറ്റാണ്ടായി ഇദ്ദേഹം ജിദ്ദയിലായിരുന്നു ജോലി ചെയ്തിരുന്നത്. സ്‌പോണ്‍സറുടെ കൂടെ റിയാദില്‍ എത്തിയ സമയത്തായിരുന്നു മരണം.
ഫെബ്രുവരി 27ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അബൂബക്കര്‍ മാര്‍ച്ച് നാലിനാണ് റിയാദിലെ ആശുപത്രിയില്‍ മരിച്ചത്. ഇതോടെ തര്‍ക്കം മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ ചൊല്ലിയായി. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പവര്‍ ഓഫ് അറ്റോര്‍ണിയില്‍ ആദ്യ ഭാര്യയും മക്കളും സഹകരിച്ചിരുന്നില്ല. ഇതോടെ സൗദിയില്‍ ഖബറടക്കാന്‍ ആലോചിച്ചു. ഇതോടെ നാട്ടില്‍ ഇരു കുടുംബങ്ങളും തമ്മിലെ ഭിന്നത രൂക്ഷമായി. ആദ്യ ഭാര്യയേയും മക്കളെയും ഇന്ത്യന്‍ എംബസി അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ അയഞ്ഞു. എന്നാല്‍ ഇരുകുടുംബങ്ങളും അഭിപ്രായ ഐക്യത്തില്‍ എത്തിയില്ല. ഒരുമാസം കഴിഞ്ഞിട്ടും ഒറ്റനിലപാടില്‍ എത്താത്ത സാഹചര്യത്തില്‍ സംസ്‌കാരം അനന്തമായി നീണ്ടു. ഇതോടെ മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ എംബസി സ്വമേധയാ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന്, നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിച്ചു. സഊദിയിലെ സാമൂഹികപ്രവര്‍ത്തകരായ നിഹ്മത്തുല്ല, ഹുസൈന്‍ ദവാദ്മി, സിദ്ദീഖ് തുവ്വൂര്‍, റസാഖ് വയല്‍ക്കര, ഇബ്രാഹിം കരീം എന്നിവരുടെ ശ്രമമാണ് വിജയം കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."