വാക്‌സിന്‍ നയത്തിന് വിരുദ്ധമായി ഡല്‍ഹിക്ക് ക്വാട്ട നിശ്ചയിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: നിര്‍മാതാക്കളില്‍നിന്ന് സംസ്ഥാനത്തിന് വാങ്ങാവുന്ന വാക്‌സിന് കേന്ദ്രസര്‍ക്കാര്‍ ക്വാട്ട നിശ്ചയിച്ചു. നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിന്‍ വാങ്ങുന്നതിന് ഡല്‍ഹി സര്‍ക്കാരിന് ക്വാട്ട നിശ്ചയിച്ച് സര്‍കുലര്‍ ഇറക്കിയതോടെയാണ് ഇതുസംബന്ധിച്ച കേന്ദ്രത്തിന്റെ നയം പുറത്തായത്. ഡല്‍ഹി വാങ്ങുന്ന കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയുടെ അളവ് കേന്ദ്രം നിയന്ത്രിക്കുമെന്ന് ഈ മാസം 17ന് ആരോഗ്യമന്ത്രാലയം അയച്ച കത്തില്‍ പറയുന്നു. ഈ മാസം ഒന്നിന് കേന്ദ്രം പ്രഖ്യാപിച്ച വാക്‌സിന്‍ നയത്തിന് ഘടകവിരുദ്ധമാണിത്. ആകെ ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വിലകൊടുത്ത് വാങ്ങാമെന്നും വാക്‌സിന്‍ വാങ്ങുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം അനുവദിക്കുമെന്നുമായിരുന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയ വാക്‌സിന്‍ നയം.
അടുത്തമാസം ഡല്‍ഹി സര്‍ക്കാരിന് മൂന്നുലക്ഷം ഡോസ് കൊവിഷീല്‍ഡും 92,000 ഡോസ് കൊവാക്‌സിനും കമ്പനികളില്‍നിന്ന് വാങ്ങാമെന്ന് കത്തില്‍ പറയുന്നു. 45 വയസിന് മുകളിലുള്ളവര്‍ക്ക് കേന്ദ്രം അനുവദിച്ച സൗജന്യ വാക്‌സിന്റെ എണ്ണവും കത്തില്‍ നിശ്ചയിച്ചിട്ടുണ്ട്.
ഏപ്രില്‍ 26ന് 67 ലക്ഷം ഡോസ് വാക്‌സിനാണ് ഡല്‍ഹി സര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇതുവരെ വളരെ കുറഞ്ഞ അളവ് വാക്‌സിന്‍ മാത്രമാണ് ലഭിച്ചതെന്നും വാക്‌സിന്‍ ക്ഷാമംമൂലം പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ഡല്‍ഹി സര്‍ക്കാര്‍ അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. കൂടാതെ കേരളമുള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലും രൂക്ഷമായ വാക്‌സിന്‍ ദൗര്‍ലഭ്യം നേരിടുമ്പോഴാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വാങ്ങാവുന്ന വാക്‌സിന് നിയന്ത്രണം വച്ചിരിക്കുന്നത്.
നിര്‍മാതാക്കളില്‍ നിന്ന് സംസ്ഥാനങ്ങള്‍ വാങ്ങുന്ന വാക്‌സിന് ക്വാട്ട നിശ്ചയിക്കാനുള്ള പദ്ധതിയെക്കുറിച്ച് കഴിഞ്ഞദിവസം കേരള ഹൈക്കോടതില്‍ നല്‍കിയ സത്യവാങ്മൂലത്തിലും കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."