ട്രെയിനിലെ തീവെപ്പ്: ഡല്‍ഹി കേന്ദ്രീകരിച്ചുള്ള വിവര ശേഖരണം ഊര്‍ജ്ജിതം; കോഴിക്കോട് നിന്ന് നാല് ഉദ്യോഗസ്ഥര്‍ തലസ്ഥാന നഗരിയിലേക്ക്
കോഴിക്കോട്: ട്രെയിനിലെ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള വിവര ശേഖരണം അന്വേഷണ സംഘം ഊര്‍ജ്ജിതമാക്കുന്നു. ഡല്‍ഹി പൊലിസ് സ്‌പെഷ്യല്‍ സെല്ലും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ഷഹീന്‍ ബാഗില്‍ നിന്ന് കാണാതായെന്ന് പറയുന്ന യുവാവിനെ കുറിച്ച രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അയാളുടെ കയ്യക്ഷരം നോട്ട് ബുക്കിലെ കയ്യക്ഷരവുമായ ഒത്തു നോക്കും.
അതിനിടെ കേസ്, അന്വേഷിക്കാനായി കോഴിക്കോട് നിന്നുളള നാല് പൊലിസ് ഉദ്യോഗസ്ഥര്‍കൂടി ഡല്‍ഹിയിലേക്ക് തിരിച്ചു. രണ്ട് സിഐമാരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനായി തലസ്ഥാന നഗരിയില്‍ എത്തുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്‌സും ഡല്‍ഹിയിലും നോയ്ഡയിലും അന്വേഷണം നടത്തി വരികയാണ്. അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ട് പോകുന്നത്.
ബാഗില്‍ നിന്ന് കിട്ടിയ ഫോണിലെ വിവരങ്ങളും ബാഗിലുണ്ടായിരുന്ന കുറിപ്പുകളിലെ സൂചനയും അനുസരിച്ചുമാണ് അന്വേഷണം ഡല്‍ഹിയിലേക്ക് വ്യാപിപ്പിച്ചത്. പ്രത്യേക അന്വേഷണ സംഘത്തലവന്‍ എം ആര്‍ അജിത് കുമാര്‍ കോഴിക്കോട്ട് ക്യാംപ് ചെയ്താണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. എന്‍ഐഎയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംഭവത്തില്‍ സമാന്തരമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. തീപ്പൊളളലേറ്റ ഏഴ് പേര്‍ കോഴിക്കോട്ടെ രണ്ട് ആശുപത്രികളിലായി ചികില്‍സയില്‍ തുടരുകയാണ്.
വ്യക്തമായി പ്രതികരിക്കാതെ പൊലിസ്
അതേസമയം, പ്രതിയെ കുറിച്ച വ്യക്തമായി പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് പൊലിസ്. ഉത്തര്‍പ്രദേശിലെ നോയ്ഡ സ്വദേശിയായ ഷാറൂഖ് സെയ്ഫി എന്നയാള്‍ തീവെപ്പ് നടത്തിയെന്ന നിലക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാള്‍ പൊലിസ് വലയിലായെന്ന നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം പുറത്തു വന്നിട്ടില്ല. 'ആരെങ്കിലും കസ്റ്റഡിയിലുണ്ടോ' എന്ന ചോദ്യത്തിന് 'എല്ലാം ഇപ്പോള്‍ പറയാനാകില്ലെ'ന്നാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ചൊവ്വാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. തിങ്കളാഴ്ച രാത്രി സംസ്ഥാന പൊലീസ് മേധാവിയും ഏറക്കുറെ ഇതേ രീതിയിലാണ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.
അക്രമം നടന്ന എലത്തൂരില്‍നിന്ന് കണ്ടെത്തിയ ബാഗില്‍നിന്നാണ് 'ഷാറൂഖ് സെയ്ഫി കാര്‍പെന്റര്‍' എന്ന പേര് പൊലിസിന് ലഭിക്കുന്നത്. സംഭവം നടന്നയുടന്‍ പുറത്തേക്കിറങ്ങിയ ഇയാള്‍ കണ്ണൂരിലേക്ക് കടന്നുവെന്നാണ് പൊലിസിന് ലഭിച്ച ആദ്യ സൂചനകള്‍. താമസിയാതെ ഇയാള്‍ കസ്റ്റഡിയിലായെന്ന വിവരവും പുറത്തുവന്നു.
ഷാറൂഖ് സെയ്ഫി എന്ന പേര് പുറത്തുവന്നയുടന്‍ തന്നെ ഉത്തര്‍പ്രദേശ് പൊലിസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സമാന പേരുള്ള ഏതാനും പേരെ നോയ്ഡയില്‍ പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്. ചിലരെ ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയ്തു. സംസ്ഥാന പൊലിസാവട്ടെ ഇതേ പേരുകാരനെ തേടി നോയ്ഡയിലേക്ക് കുതിക്കുകയും ചെയ്തു. ബാഗില്‍നിന്ന് ലഭിച്ച വെറും വിലാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണോ സംസ്ഥാന പൊലിസ് നോയ്ഡയിലേക്ക് പോയത് എന്നത് സംബന്ധിച്ച് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."