HOME
DETAILS

എല്‍.ഡി.ആര്‍.എ: നിയമമെന്ന് പേരിട്ട അശ്ലീലം

  
backup
May 28 2021 | 00:05 AM

65145215252453-2021

 


ലക്ഷദ്വീപിലെ ജനങ്ങളുടെ വീടും സ്വത്തും കൈയടക്കാന്‍ ഒരു അഡ്മിനിസ്‌ട്രേറ്റര്‍ വിചാരിച്ചാല്‍ നടക്കുന്ന കാര്യമേയുള്ളുവെങ്കില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഊറ്റംകൊള്ളുന്ന ഇന്ത്യയില്‍ നമ്മുടെ ഭരണഘടന കാലഹരണപ്പെട്ടു കഴിഞ്ഞു എന്നാണര്‍ഥം. സ്വാതന്ത്ര്യ പ്രാപ്തിയുടെ ആദ്യ ദശകത്തില്‍ സ്വത്തവകാശം മൗലികാവകാശങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയ രാജ്യമായിരുന്നു നമ്മുടേത്. അന്ന് ഭാഗം 3 ല്‍ ആര്‍ട്ടിക്കിള്‍ 19(1), 31 എന്നീ അനുഛേദങ്ങള്‍ പ്രകാരം സ്വത്ത് കൈവശംവയ്ക്കുന്നത് പൗരന് രാജ്യം നല്‍കിയ അടിസ്ഥാനപരമായ അവകാശമായിരുന്നു. ഇക്കാര്യത്തിലെ പ്രായോഗികമായ ചില പ്രതിസന്ധികള്‍ മുന്നില്‍വച്ച് സുപ്രിംകോടതിയാണ് പുതിയ നിയമം കൊണ്ടുവരാന്‍ പിന്നീട് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഭരണഘടനയുടെ പ്രശസ്തമായ 44ാം ഭേദഗതിയിലൂടെ നിര്‍ണായകമായ ഈ തിരുത്തിന് പാര്‍ലമെന്റ് അംഗീകാരവും നല്‍കി. അതായിരുന്നു 300 (എ) വകുപ്പ്. പൗരന്റെ സ്വത്തവകാശത്തിന് നിയമപരിരക്ഷ ഉറപ്പുവരുത്തുകയും എന്നാല്‍ പൊതുനന്മയെ മുന്‍നിര്‍ത്തി അവശ്യഘട്ടങ്ങളില്‍ നിയമപരമായ പ്രക്രിയയിലൂടെ ഈ സ്വത്ത് രാജ്യം ഏറ്റെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരം ലഭിക്കുകയും ചെയ്തത് അങ്ങനെയാണ്. എന്നാല്‍, രാജ്യത്തെ ഉദ്യോഗസ്ഥര്‍ക്ക് തോന്നുന്നതു പോലെയല്ല പൗരന്റെ സ്വത്ത് ഏറ്റെടുക്കേണ്ടതെന്നും അത് സംബന്ധിച്ച കൃത്യമായ നിയമവും ചട്ടങ്ങളുമുണ്ടായിരിക്കണമെന്നും കോടതി പിന്നീട് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ഹാന്‍ഡിക്രാഫ്റ്റ് എംപോറിയം - കേന്ദ്ര സര്‍ക്കാര്‍ കേസിലും ഗുരുദത്ത്- ബിഹാര്‍ സര്‍ക്കാര്‍ കേസിലും ഇതു സംബന്ധിച്ച കൂടുതല്‍ വ്യക്തത സുപ്രിംകോടതി ഉറപ്പുവരുത്തുകയും ചെയ്തു.


ഇന്ന് പ്രഫുല്‍ ഖോദ പട്ടേല്‍ എന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഏതാണ്ട് 'കണ്ടുകെട്ടല്‍' രീതിയോളം എത്തിനില്‍ക്കുന്ന ഏറ്റെടുക്കല്‍ നിയമം ഭരണഘടനയും ബി.ജെ.പി ഭരണാധികാരികളും തമ്മിലുള്ള 'ചേരുംപടി ചേരായ്മ'യുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് മാറുന്നത്. ഒരു പ്രദേശത്ത് ജീവിക്കുന്ന ജനങ്ങളുടെ ഭരണഘടനാപരമായ അവകാശത്തേക്കാള്‍ പ്രധാനപ്പെട്ടതാവുകയാണ് അവരെ കൈയേറാനെത്തുന്ന രാഷ്ട്രീയ, കോര്‍പറേറ്റ് കൂട്ടുകെട്ടിന്റെ താല്‍പര്യങ്ങള്‍. ലക്ഷദ്വീപ് എന്ന കേന്ദ്രഭരണ പ്രദേശത്തിന്റെ ഭരണഘടനാപരവും ഭൂമിശാസ്ത്ര-ജൈവശാസ്ത്രപരവുമായ പ്രാധാന്യങ്ങളൊന്നും കണക്കിലെടുക്കാതെയാണ് ഈ കരട് തയാറാക്കിയിരിക്കുന്നതെന്ന് അതിന്റെ ആമുഖത്തില്‍ തന്നെ സ്പഷ്ടം. ഭൂമിയുടെ വിനിയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ചും അവിടം വികസിപ്പിക്കുന്നതിന് വേണ്ടി സ്ഥലം അക്വയര്‍ ചെയ്യാനുമുള്ള ദ്വീപ് ഭരണകൂടത്തിന്റെ അധികാരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് നിയമം ലക്ഷ്യമിടുന്നതെന്ന് തുടക്കത്തില്‍ തന്നെ പറഞ്ഞുവച്ചാണ് വിശദാംശങ്ങളിലേക്ക് ഖോദ പട്ടേല്‍ കടക്കുന്നത് തന്നെ. വകുപ്പ് 2 (12) പ്രകാരം ഇത്തരം കാര്യങ്ങളില്‍ ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത വിധം പൂര്‍ണമായ അധികാരം അഡ്മിനിസ്‌ട്രേറ്ററില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നു. അതായത് പാര്‍ലമെന്റും കോടതികളുമൊക്കെ പോയി വേറെ പണി നോക്കണമെന്ന്. 2 (29)ല്‍ പറയുന്നതനുസരിച്ച് ശാസ്ത്രീയമായി വിന്യസിക്കപ്പെട്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍ 'വിലക്ഷണമായ വികസന മാതൃക'കള്‍ സ്വീകരിച്ച് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടായിരിക്കും. ലക്ഷദ്വീപ് സിംഗപ്പൂരല്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. പട്ടികവര്‍ഗ സമൂഹമായി ഭരണഘടന അംഗീകരിച്ച ഒരു വിഭാഗം ജനങ്ങളുടെ കാര്യത്തിലാണ് ഈ കോത്താഴത്തെ വികസന മാനദണ്ഡങ്ങള്‍ ഖോദ പട്ടേല്‍ അടിച്ചേല്‍പ്പിക്കുന്നത്. അക്കാര്യത്തില്‍ തദ്ദേശീയര്‍ക്ക് ഒന്നും പറയാനുള്ള അവകാശം ഉണ്ടായിരിക്കില്ല. വീടുകളില്‍ മഴക്കുഴിയില്ലെന്നോ തൊട്ടപ്പുറത്തെ വീടുമായി പത്തു മീറ്റര്‍ അകലം പാലിച്ചില്ലെന്നോ ചൂണ്ടിക്കാട്ടി ഒരു ഉദ്യോഗസ്ഥന് നിഷ്പ്രയാസം ആളുകളെ 'മാറ്റിപ്പാര്‍പ്പിക്കാ'നാവും. മാത്രവുമല്ല വികസന മാതൃക കാലാനുസൃതമാണോ അല്ലേ എന്ന് ഓരോ പത്ത് വര്‍ഷവും വിലയിരുത്താനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതായത്, ഇനി അഥവാ വല്ലവനും ഖോഡ പട്ടേല്‍ നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിച്ചാല്‍ പോലും പത്തുവര്‍ഷം കഴിയുമ്പോള്‍ അവനെ വീണ്ടും കുടിയിറക്കാന്‍ കഴിയുമെന്ന്.


പോയ പ്രദേശങ്ങളിലൊക്കെ നാശം വിതച്ച ഈ ഭരണാധികാരിയുടെ പ്രായോഗിക ബുദ്ധിയെ കുറിച്ച് കാര്യമായ സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ് കരട് നിയമം. 2(9) പ്രകാരം ഖന ന ആവശ്യങ്ങള്‍ക്കായും ക്വാറികള്‍ക്കു വേണ്ടിയും ദ്വീപിലെ മലകള്‍ തുരക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടായിരിക്കും എന്ന മുന്നറിയിപ്പും കരടിലുണ്ട്. ദ്വീപില്‍ എവിടെയാണാവോ മലകള്‍? മാത്രവുമല്ല, നിലവിലുള്ള ഭൂഘടനയനുസരിച്ച് ദ്വീപുകളില്‍ ഖനനം നടത്താനും ബഹുനില കെട്ടിടങ്ങള്‍ പണിയുന്നതിനും നിയമപരമായ വിലക്കുകളുമുണ്ട്. അന്നാട്ടില്‍ വിമാനത്താവളവും റെയില്‍വേ ലൈനും ട്രാമും നാഷണല്‍ ഹൈവേയും കൊണ്ടുവരുമെന്ന ഖോഡയുടെ പ്രഖ്യാപനം ശുദ്ധ അസംബന്ധമായാണ് മാറുന്നത്. അഗത്തിയില്‍ ഇപ്പോഴുള്ള എയര്‍സ്ട്രിപ്പ് പോലും ആ ദ്വീപിലെ മുക്കാലേ മുണ്ടാണി സ്ഥലവും അപഹരിച്ചുകൊണ്ടാണ് സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ റോഡും റെയിലുമെന്നൊക്കെ പറയുന്നത് കേള്‍ക്കാന്‍ രസമുണ്ടെങ്കിലും ജനങ്ങളുടെ വീടുകളും കടകളും ഇടിച്ചു നിരത്താനുള്ള ഒരു കുതന്ത്രം മാത്രമാണത്. ഒരു കിലോമീറ്ററില്‍ അധികം വീതിയുള്ള രണ്ട് ദ്വീപുകളേ ഇപ്പോഴുള്ളൂ. ആന്ത്രോത്തും കവരത്തിയും. അവിടെ 15 മീറ്റര്‍ വീതിയില്‍ റോഡുണ്ടാക്കാന്‍ ഒരുമ്പെട്ടിറങ്ങുന്നത് ഏത് തരം വാഹനങ്ങള്‍ക്ക് കുതിച്ചു പായാനാണ്? വിരലില്‍ എണ്ണാവുന്ന മിനി വാനുകളും ഏതാനും ട്രാക്ടറുകളും ഒഴിച്ചാല്‍ ഒറ്റ ബസോ ലോറിയോ ദ്വീപുകളില്‍ ഇല്ല. അവ വഹിച്ചു കൊണ്ടുപോകേണ്ട ചരക്കുകളോ യാത്രക്കാരോ അതും അവിടെയില്ല. അന്നാട്ടില്‍ ബൈക്കും ഓട്ടോയുമല്ലാത്ത വാഹനങ്ങള്‍ ആവശ്യമില്ലാത്തതു കൊണ്ടാണ് വീടുകള്‍ക്കിടയില്‍ ഇടവഴിയുടെ മാത്രം വലിപ്പത്തില്‍ റോഡുകളുള്ളതെന്ന് ഈ 'ഖോജ'യോട് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കുമോ? എങ്കില്‍ പിന്നെ ഒരു ആണവോര്‍ജ നിലയവും കുറച്ച് ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളും രണ്ട് മൂന്ന് ഗോള്‍ഫ് കോര്‍ട്ടുകളുമൊക്കെ പണിയുന്നതും ആലോചിക്കാമായിരുന്നില്ലേ? തലക്ക് ഓളം പോയതിന്റെ തെളിവല്ല ഇതൊക്കെയെങ്കില്‍ പിന്നെന്താ കുഴപ്പം?


കരടിന്റെ സെക്ഷന്‍ 2 (1)ല്‍ ലക്ഷദ്വീപില്‍ കുതിര, കഴുത, കോവര്‍ കഴുത, പന്നി, തേനീച്ച മുതലായവ വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദേശം മറ്റൊരു ഉദാഹരണം. ഏറ്റവും പരിഹാസ്യമായത് ഇതില്‍ തേനീച്ചയുടെ കാര്യമാണ്. ദ്വീപില്‍ എന്തു ചെയ്യാനാണ് പാവം തേനീച്ച. റേഷന്‍ ഷാപ്പിലെ പഞ്ചസാര ചാക്കില്‍ നിന്നും തേന്‍ കണ്ടെത്താനാണോ? മറ്റൊന്നാണ് പന്നിയുടെ കാര്യം. കുതിരയുടെ കേറോഫില്‍ പന്നിയെ മുസ്‌ലിംകളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ ആത്മസംതൃപ്തിയാണ് ഖോദയുടേതെങ്കില്‍ ഇയാള്‍ക്ക് പന്നിയെ പറ്റി മാത്രമല്ല ഇന്ത്യയെ പറ്റിയും ഒരു ചുക്കും അറിയില്ല. പന്നികളുടെ രോമം വെട്ടിയെടുത്ത് ഇന്ത്യയിലുടനീളം പെയിന്റ് ബ്രഷുകള്‍ ഉണ്ടാക്കി അയച്ചു തരുന്നത് യു.പിയിലെ മുസ്‌ലിം പട്ടണമായ രാജാ കീ ശേര്‍കോട്ടില്‍ നിന്നാണ്. ഉത്തരേന്ത്യയിലെ മിക്ക മുസ്‌ലിം ഗലികളിലും പന്നികളുമുണ്ട്. പക്ഷേ വാണിജ്യപരമായി ഒരു ഉപയോഗവുമില്ലെങ്കില്‍ വളര്‍ത്തിയിട്ടെന്തു കാര്യം. ഇനി അഥവാ സര്‍ക്കാര്‍ അതിഥികള്‍ക്ക് പന്നിയെ തിന്നണമെങ്കില്‍ കലക്ടര്‍ ബംഗ്ലാവിനോടു ചേര്‍ന്ന് ഒരു ഫാം തുടങ്ങിയാല്‍ പോരേ. ലക്ഷദ്വീപ് മൃഗസംരക്ഷണ നിയമം എന്ന തലക്കെട്ടിന്റെ രണ്ടാം അനുഛേദത്തിലെ രണ്ടാമത്തെ ഉപവകുപ്പ് പ്രകാരം ദ്വീപിലെ ഏത് മൃഗത്തെയും ഭക്ഷിക്കുന്നത് വിലക്കാനുള്ള അന്തിമമായ അധികാരം അഡ്മിനിസ്‌ട്രേറ്ററില്‍ നിക്ഷിപ്തമാണ്. മാംസഭക്ഷണത്തെ പൂര്‍ണമായും വിലക്കുകയാണ് ഈ വകുപ്പുകള്‍. കേരളത്തില്‍ നിന്നും കൊണ്ടുപോയി ഭക്ഷിക്കുന്നതു പോലും നിയമ വിരുദ്ധമായിരിക്കും. ഏതൊക്കെ മൃഗങ്ങളാണ് ഭക്ഷ്യയോഗ്യമെന്ന് നിശ്ചയിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തന്നിഷ്ട പ്രകാരം കമ്മിറ്റിയെ നിശ്ചയിക്കാനും അധികാരമുണ്ടാകുമത്രെ. പശുവിന്റെ കാര്യം മാത്രമല്ല ഇത്. കൃഷിക്ക് ഉപയോഗിക്കുന്നതോ പ്രജനനം നടത്തുന്നതോ പ്രസവിക്കുന്നതോ പാലുതരുന്നതോ ആയ ഒരു മൃഗത്തെയും അറുക്കരുതെന്നാണ് നിയമം മറ്റൊരു ഉപവകുപ്പില്‍ പറയുന്നത്. അതായത് ആണും പെണ്ണുമായ കാള, പോത്ത്, ആട് വര്‍ഗത്തില്‍ പെട്ട ഒന്നിനെയും അറുക്കരുതെന്ന്. ഇത് മുസ്‌ലിംകളെ മാത്രം ലക്ഷ്യം വെച്ചുള്ള നിയമമല്ലെങ്കില്‍ ആദ്യം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കരുതോ?


മദ്യമുള്‍പ്പെടെ ദ്വീപുവാസികളുടെ ജീവിത ശീലങ്ങള്‍ക്ക് വിരുദ്ധമാം എന്തും അടിച്ചേല്‍പ്പിക്കാനുമുള്ള ഗ്യാരണ്ടിയാവുന്നത് ഒരുപക്ഷേ അവരുടെ മതമായിരിക്കാം. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് രാഷ്ട്രീയ പിന്തുണയും കിട്ടുന്നുണ്ടാകാം. കരട് നിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരേ ജനങ്ങള്‍ പ്രതികരിച്ചുവെങ്കിലും അത് അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ചതായി സൂചനകളില്ല. നീതിവാഴ്ചയുടെ അത്തരം തത്വങ്ങളൊന്നും ദ്വീപുവാസികള്‍ക്ക് ബാധകമാക്കേണ്ട എന്നാവാം. 'വികസന' ആവശ്യത്തിന് ഏത് ഭൂമിയും കൈയേറാനും ദ്വീപുകാരനെ മറ്റെവിടെയെങ്കിലും മാറ്റിപ്പാര്‍പ്പിക്കാനും ഇനിയങ്ങോട്ട് 'ഖോദ സര്‍ക്കാരിന്' അവകാശമുണ്ടാകും. അഥവാ സ്വന്തംഭൂമിയില്‍ അവര്‍ താമസിക്കുകയാണെങ്കില്‍ തന്നെ നിലവിലുള്ള കിടപ്പാടങ്ങള്‍ക്ക് കാലാവധിയുള്ള പെര്‍മിറ്റ് എടുക്കേണ്ടി വരും. ഈ പെര്‍മിറ്റ് പുതുക്കാതെ ഭൂമി ഉപയോഗിച്ചാല്‍ 2 ലക്ഷം രൂപയാണ് പിഴ. മറ്റ് ആവശ്യങ്ങള്‍ക്ക് മാറ്റി ഉപയോഗിക്കാതിരിക്കാനാണ് ഇതെന്നാണ് വിശദീകരണം. സ്വന്തം ഭൂമിയില്‍ ദ്വീപുകാരന്‍ എങ്ങനെ താമസിക്കണമെന്ന് ഇനി കൈയേറ്റക്കാര്‍ തീരുമാനിക്കുമെന്ന് ചുരുക്കം. അവരെ ശ്വാസം മുട്ടിച്ച് പുറത്തു ചാടിക്കാനാണ് ദ്വീപ് വികസനം എന്ന ഓമനപ്പേരിട്ട് ഏതാണ്ടെല്ലാ മേഖലയിലും അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ക്കും നിലവിലുള്ള ഭരണഘടനാ തത്വങ്ങള്‍ക്കും വിരുദ്ധമായ നിയമങ്ങളുമായി മോദിജിയുടെ ഈ മാനസപുത്രന്‍ മുന്നോട്ടുപോകുന്നത്. അമുലും മയക്കുമരുന്നും ഭീകരതയുമൊന്നുമല്ല ബി.ജെ.പിയുടെ തെരഞ്ഞെടുപ്പില്‍ പുതിയ വര്‍ഗീയ അജന്‍ഡയുണ്ടാക്കലും അവരുടെ കോര്‍പറേറ്റ് ശിങ്കിടികള്‍ക്ക് പഞ്ചനക്ഷത്ര റിസോര്‍ട്ടുകള്‍ക്ക് ഭൂമി ഉറപ്പാക്കലുമാണ് എല്‍.ഡി.ആര്‍.എ നിയമം ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  6 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  13 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  20 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  29 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago