HOME
DETAILS
MAL
കലക്ടറുടെ വാദങ്ങള്‍ പൊളിയുന്നു വികസനത്തേക്കാള്‍ ദ്വീപില്‍ നടക്കുന്നത് ഉദ്യോഗസ്ഥ ധൂര്‍ത്ത്
backup
May 29 2021 | 04:05 AM
സ്വന്തം ലേഖകന്‍
കവരത്തി :അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ.പട്ടേലിനെ ന്യായീകരിക്കാന്‍ ജില്ലാ കലക്ടര്‍ അസ്ഗര്‍ അലി നടത്തിയ വാദങ്ങള്‍ പൊള്ളയെന്ന് തെളിയുന്നു. ലക്ഷദ്വീപില്‍ വികസന പ്രവര്‍ത്തനങ്ങളേക്കാള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ധൂര്‍ത്താണ് നടക്കുന്നതെന്ന് ജനപ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തുന്നു.
കലക്ടര്‍ ബംഗ്ലാവ് കവരത്തിയില്‍ ഉണ്ടായിരിക്കെ, അസ്ഗര്‍ അലി താമസിക്കുന്നത് 55000 രൂപ പ്രതിമാസം വാടക നല്‍കിയുള്ള വീട്ടിലാണ്.വീടിന്റെ ആഡംഭരത്തിനായി പ്രതിമാസം ചെലവഴിക്കുന്നത് പതിനായിരങ്ങള്‍. പ്രഫുല്‍ പട്ടേല്‍ ദ്വീപിലേക്ക് ആറ് മാസത്തിനിടയില്‍ മൂന്ന് തവണ എത്തിയ ചെലവും അരകോടിയോളം വരും. കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനത്തിലാണ് പട്ടേലിന്റെ അഹമ്മദാബാദില്‍ നിന്നുള്ള വരവ്. ഒരു സന്ദര്‍ശനത്തിന് ലക്ഷദ്വീപ് ഖജനാവില്‍ നിന്ന് 18 ലക്ഷം രൂപയാണ് ചെലവ്. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഉപയോഗിക്കാന്‍ ഹെലികോപ്റ്റര്‍ സൗകര്യം ഉണ്ടായിരിക്കേയാണ് ഈ ആര്‍ഭാടം. ചുമതലയേറ്റശേഷം 15 ദിവസത്തോളം മാത്രം ദ്വീപില്‍ തങ്ങിയ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററുടെ ബംഗ്ലാവ് രണ്ട് കോടിയോളം രൂപ ചെലവഴിച്ച് നവീകരിക്കുകയാണിപ്പോള്‍. മറ്റു രണ്ട് ഐ.എ.എസ് ഓഫിസര്‍മാരും കൂടിയ വാടക വീട്ടിലാണ് താമസം. ദ്വീപിന്റെ മൂന്ന് ഹെലികോപ്റ്ററില്‍ രണ്ടെണ്ണം മാത്രമാണ് എയര്‍ ആംബുലന്‍സ് . മറ്റൊന്ന് ഉദ്യോഗസ്ഥരുടെ സൗകര്യത്തിനാണ് പറക്കുന്നത്.
പ്രതിവര്‍ഷം 1300 കോടി രൂപ പദ്ധതി വിഹിതം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുമെങ്കിലും ചെലവഴിക്കാറില്ല. കഴിഞ്ഞ വര്‍ഷം 900 കോടി രൂപ മാത്രമാണ് വിനിയോഗിച്ചത്. ടൂറിസം വികസനം ദ്വീപില്‍ പേരിന് മാത്രമാണ്. കവരത്തിയിലെ ആശുപത്രി നവീകരണം എങ്ങുമെത്തിയിട്ടില്ല. കലക്ടര്‍ പറയുന്ന 500 കോടിയുടെ മാതൃകാ മത്സ്യ വില്ലേജ് പദ്ധതി 15 വര്‍ഷമായി ദ്വീപുകാര്‍ കേള്‍ക്കുന്നതാണ്. അഗത്തി, മിനിക്കോയ് ആശുപത്രി അഞ്ച് വര്‍ഷമായി പറയുന്നു. മിനിക്കോയില്‍ വിമാനത്താവളം മോദി സര്‍ക്കാര്‍ വന്ന കാലം മുതല്‍ കേള്‍ക്കുന്നതാണ്. അഗത്തി വിമാനത്താവള വികസനത്തിന് സ്ഥലം വിട്ടു നല്‍കാന്‍ നാട്ടുകാര്‍ സമ്മതപത്രം നല്‍കിയിട്ടും നടപടി ഒന്നുമായിട്ടില്ല. ദ്വീപിന്റെ സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ടുള്ള വികസനമാണ് ആവശ്യമെന്നും പട്ടേലിന്റെ താല്‍പര്യങ്ങള്‍ അതല്ല പ്രകടമാക്കുന്നതെന്നും ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലും മുന്‍ എം.പി ഹംദുള്ള സഈദും ഒരേ സ്വരത്തില്‍ പറയുന്നു. ജനത്തെ കുടിയൊഴിപ്പിച്ചും സമാധാനാന്തരീക്ഷം തകര്‍ത്തും എങ്ങനെയാണ് വികസനം കൊണ്ടുവരുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്.നിലവിലു ഉള്ള ജോലിയില്‍ നിന്ന് ആളുകളെ പിരിച്ചുവിടുന്നവര്‍ എങ്ങനെയാണ് തൊഴില്‍ നല്‍കുന്നതെന്ന് വിശദീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹസന്‍ പറയുന്നു. കാര്‍ഷിക മേഖലയും ക്ഷീര വികസനവും തകര്‍ത്ത് എങ്ങനെ വികസനം ദ്വീപുകാര്‍ക്ക് വേണ്ടി കൊണ്ടുവരുമെന്ന് കലക്ടര്‍ വിശദീകരിക്കണമെന്നാണ് കവരത്തി പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുല്‍ ഖാദറിന്റെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."