ആനക്കാഴ്ചകള്‍
കുറുമ്പ് കാട്ടുന്ന കുഞ്ഞന്മാരെ കാണണോ, പോക്കിരിയായ 35കാരനെ കാണണോ, ഇതാ ഗജവീരന്മാരുടെ കളിയാട്ട വേദിയിലേക്ക് നിങ്ങള്‍ക്ക് കൊമ്പുകുലുക്കിയുള്ള സ്വാഗതം. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ വന്യജീവിസങ്കേതത്തിലെ കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ ആനകള്‍ സഞ്ചാരികള്‍ക്ക് കൗതുകവും അത്ഭുതവുമാണ്. കാടിന്റെ ചാരുതയും ഔഷധസമ്പന്നമായ കുളിര്‍ക്കാറ്റും ഒക്കെ ഇണചേരുന്ന ഈ വനതാഴ്‌വാരം കാണാന്‍ എത്തുന്നവര്‍ മടങ്ങുന്നത് അനല്‍പമായ അനുഭൂതിയോടെയാണ്.
പുതിയ അനുഭവം
സംസ്‌കാരത്തിലും ചരിത്രത്തിലും മിത്തുകളിലും പരാമര്‍ശിക്കുന്ന ആനകള്‍ക്ക് 2006ലാണ് വനം വകുപ്പ് നെയ്യാറിലെ കാപ്പുകാട്ടില്‍ ഒരു സങ്കേതം ഒരുക്കുന്നത്. അതൊരു പാര്‍ക്കായി വിഭാവനം ചെയ്തിരുന്നു. നെയ്യാറിലെ വെള്ളം കയറി കിടക്കുന്ന മനോഹരമായ ഭാഗത്ത് ഇത് ആനകളുടെ പുനരധിവാസകേന്ദ്രമായി വഴിമാറുന്നത് 2007ലാണ്. തുടര്‍ന്ന് ആനകള്‍ ഇവിടെ ഒന്നൊന്നായി എത്തിത്തുടങ്ങി. മിന്നുവും ജയശ്രീയും ഒക്കെ. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന കാപ്പുകാട് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി. കാട്ടാനയെയും നാട്ടാനയെയും ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഇടത്തു വളര്‍ത്തുക, പ്രായം ചെന്നവയെ സംരക്ഷിക്കുക, കുഞ്ഞുങ്ങളെ സംരക്ഷിക്കുക, പഠനഗവേഷണങ്ങള്‍ നടത്തുക അതിലുപരി സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായാണ് ഇത് തുറന്നത്. കേരളത്തിലെ ഏക ആനസംരക്ഷണ പാര്‍ക്ക് അങ്ങനെ കാപ്പുകാടിന്റെ അഭിമാനവുമായി.
ആനപാര്‍ക്കിലെ കൂട്ടുകാര്‍
ഏതാണ്ട് 100ലേറെ ആനകളെ സംരക്ഷിക്കാനുള്ള പദ്ധതിയാണിത്. 58 ഹെക്ടര്‍ വിസ്തൃതിയുള്ള പാര്‍ക്ക് അതിനായി നവീകരിച്ച് വരികയുമാണ്. രണ്ടില്‍ തുടങ്ങി ഇപ്പോള്‍ 12 എണ്ണമാണുള്ളത്. പെണ്‍വര്‍ഗത്തിനാണ് മുന്‍തൂക്കം. കേവലം മൂന്നര വയസുള്ള കുട്ടിക്കൊമ്പന്‍ മുതല്‍ 36 വയസ് പ്രായമുള്ള കാര്‍ത്തിക് വരെ.
ആനകളുടെ ഒരു ദിവസം
രാവിലെ ഒരു നടത്തം. കാപ്പുകാട്ടിലെ അന്തേവാസികളെ കാട്ടിലും പരിസരത്തും കുറേനേരം നടത്തിപ്പിക്കും. പിന്നെ ഭക്ഷണം. സീനിയേഴ്‌സിന് ഓലയും പനമ്പട്ടയും നല്‍കും. ഇടനേരങ്ങളില്‍ റാഗി, ഗോതമ്പ്, അരി, ശര്‍ക്കര എന്നിവ നല്‍കും. ബേബികള്‍ക്ക് ലാക്ടോജനും റാഗി കുറുക്കും. സന്ദര്‍ശകര്‍ നല്‍കുന്ന വാഴക്കുല പരിശോധിച്ചതിനുശേഷമേ നല്‍കൂ. വൈകിട്ട് കുളി. നെയ്യാറിലെ വിശാലമായ വെള്ളത്തില്‍ സുന്ദരമായ കുളി. ബേബികള്‍ വെള്ളത്തില്‍ കിടന്ന് കുറേ കളിക്കും. പിന്നെ മടക്കം.
സൗകര്യങ്ങള്‍
ആനകളുടെ കാഴ്ച തരുന്ന ഹരത്തിനും സംതൃപ്തിക്കും പുറമേ വിവിധ പരിപാടികളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ആനപ്പുറത്ത് സവാരിയാണ് മുഖ്യം. ആനകളുടെ പുറത്തുകയറി കാട് ചുറ്റാന്‍ ഇവിടെ സൗകര്യമുണ്ട്. സ്വദേശികള്‍ക്ക് 100 രൂപ നല്‍കിയാല്‍ ആനപ്പുറത്തുകയറാം. രാവിലെ ഒന്‍പതിനും വൈകിട്ട് അഞ്ചിനുമിടയ്ക്ക് എത്തിയാലേ ആനപ്പുറത്തുകയറാന്‍ കഴിയൂ. ആനകളെ സൗകര്യപൂര്‍വം കാണാനും അതിനോട് ഇടപഴകാനും സൗകര്യമുണ്ട്. ആനകളെ പരിചരിക്കുന്നത് കാണാനും അവയ്ക്ക് ആഹാരം നല്‍കുന്നത് വീക്ഷിക്കാനും സഞ്ചാരികള്‍ക്ക് സംവിധാനമൊരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് തങ്ങാനും ഇവിടെ കൂടുകള്‍ ഒരുക്കിയിട്ടുണ്ട്. ആദിവാസികളായ കാണിക്കാര്‍ക്കു നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സുകള്‍ ഇപ്പോള്‍ സഞ്ചാരികള്‍ക്ക് താമസിക്കാനായി നല്‍കുന്നു. 850 രൂപ നല്‍കിയാല്‍ ഒരു ദിവസം തങ്ങാം. നെയ്യാറിന്‍ തീരത്ത് നിര്‍മിച്ച മനോഹരമായ ലോഗ്ഹൗസ് സഞ്ചാരികളുടെ ആകര്‍ഷണമാണ്. മുളം കമ്പുകള്‍ കൊണ്ട് നിര്‍മിച്ച ഇവിടെയിരുന്ന് ജലസംഭരണിയും ആനകളെ കുളിപ്പിക്കുന്നതും കാണാം. ആനപ്പാര്‍ക്കില്‍ എത്തുന്നവര്‍ എന്‍ട്രി ഫീ ആയി 10 രൂപ നല്‍കണം. കാപ്പുകാട്ടില്‍ എത്തുന്നവര്‍ക്ക് ഏതുതരം ഭക്ഷണം ലഭിക്കാനും സംവിധാനമുണ്ട്.
ആനകള്‍ മാത്രമല്ല ഈ കാട്ടിലുള്ളത്. മഴക്കാടുകളായ ഇവിടെ ദര്‍ശനം നടത്താനും കാട്ടിലൂടെ സവാരി നടത്താനും സൗകര്യമുണ്ട്. കാപ്പുകാട്ടിന് അടുത്താണ് മീന്‍മുട്ടി വെള്ളച്ചാട്ടം. ഏതു സമയത്തും വെള്ളം വറ്റാത്ത ഈ വെള്ളച്ചാട്ടം കാണാനും അവിടേയ്ക്ക് കുന്നും വളവും തിരിഞ്ഞുപോകാനും സാഹസികരായ സഞ്ചാരികള്‍ക്ക് സൗകര്യമുണ്ട്. ഇവിടേയ്ക്ക് വാഹനസൗകര്യവും വനംവകുപ്പ് ഒരുക്കിത്തരും. കാട്ടില്‍ പോകുന്ന വഴിക്ക് കാട്ടുപോത്ത്, മാന്‍, കരടി തുടങ്ങിയ മൃഗങ്ങളെ കാണാനും കഴിയും. മീന്‍മുട്ടിക്ക് പുറമേ കാട്ടാടികുന്നിലേക്കും തീര്‍ഥക്കരയിലേക്കും സഞ്ചാരികളെ കൊണ്ടുപോകും. ഇതിനായി അനുമതി വാങ്ങണം.
സഞ്ചാരികള്‍ക്ക് പ്രിയമാകുകയാണ് മുളം ചങ്ങാടം. നെയ്യാറിലെ വിശാലമായ നീല ജലാശയത്തിലൂടെ സഞ്ചരിക്കാം. ഇതിനായി പ്രത്യേക ഫീസ് നല്‍കണം.
ഇനിയും പദ്ധതികള്‍
അനുദിനം സഞ്ചാരികളുടെ വിനോദസഞ്ചാരകേന്ദ്രമായി മാറുന്ന കാപ്പുകാട്ടില്‍ ഒട്ടേറെ പദ്ധതികളാണ് വരുന്നത്. കൂടുതലായി ആനകളെ കൊണ്ടുവരുന്നത് ഏറെ ആകര്‍ഷകമാക്കും. ആനപാര്‍ക്കില്‍ സംരക്ഷണവേലി ഉണ്ടാക്കി അതിനകത്ത് സ്വാഭാവിക അന്തരീക്ഷം സംജാതമാക്കാന്‍ പദ്ധതിയിടുന്നുണ്ട്. ആനകള്‍ക്ക് ഗര്‍ഭം ധരിക്കാനും പ്രസവിപ്പിക്കാനും സൗകര്യമൊരുക്കുന്നുണ്ട്. ഇവിടെ കേരളത്തിലെ ഏക പാമ്പ് വളര്‍ത്തല്‍ കേന്ദ്രം വരികയാണ്. വാവാ സുരേഷിനെയാണ് അതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. കാപ്പുകാട്ടില്‍ പക്ഷിസങ്കേതം കൊണ്ടുവരാന്‍ നീക്കം നടത്തുന്നുണ്ട്. വരുന്ന വര്‍ഷം അത് വരുമെന്ന് അധികൃതര്‍ അറിയിച്ചു. ബോട്ട് സവാരിയ്ക്കും പദ്ധതിയുണ്ട്. നെയ്യാര്‍ഡാമില്‍ നിന്ന് ബോട്ടില്‍ ആളെ എത്തിക്കാനാണ് പരിപാടി.
കറുത്ത മുഖം
കാപ്പുകാടിന് ഇപ്പോള്‍ കറുത്തമുഖം കൂടിയുണ്ട്. ഇവിടേക്കുള്ള റോഡിന്റെ അവസ്ഥയാണ് പരിതാപകരമായി മാറുന്നത്. തലസ്ഥാനത്തുനിന്നും 40 കി.മീ മാത്രം ദൂരമുള്ള കാപ്പുകാട്ടില്‍ തലസ്ഥാനത്തുനിന്നും കാട്ടാക്കട, കോട്ടൂര്‍ വരെയും നല്ല റോഡാണ്. എന്നാല്‍ കോട്ടൂരില്‍ നിന്ന് നാലു കി.മീ മാത്രമുള്ള കാപ്പുകാട്ടില്‍ എത്തണമെങ്കില്‍ സര്‍ക്കസ് അഭ്യാസിയാകണം. ടാറിളകി കുഴികളായി കിടക്കുന്ന റോഡിലൂടെ ദിനവും 100ലേറെ വാഹനങ്ങളാണ് കടന്നുപോകുന്നത്. ഇത് നന്നാക്കാന്‍ ഒരു നടപടിയുമെടുത്തിട്ടില്ല. പൊതുമരാമത്ത്‌വകുപ്പ്‌റോഡ് അല്ലാത്തതിനാല്‍ അവര്‍ തിരിഞ്ഞുനോക്കാറില്ല. പഞ്ചായത്തും മൗനത്തിലാണ്. കാപ്പുകാട്ടിലെ വനം പരിപാലനം നടത്തുന്നവരെ കുറിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. ആനകളുടെ പരിപാലനത്തിന് അനുവദിക്കുന്ന ഫണ്ടുകള്‍ വിനിയോഗിക്കാതെ മറ്റിനങ്ങള്‍ക്ക് മാറ്റുന്നത് ആരോപണങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. സഞ്ചാരികള്‍ എത്തിയാല്‍ അവര്‍ക്ക് ഗൈഡ്‌ലൈന്‍ കൊടുക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. അടുത്തിടെ ഇവിടെ നിന്നു വനംവകുപ്പ് മുറിച്ചുമാറ്റിയ അക്കേഷ്യാ മരങ്ങളില്‍ ഒരെണ്ണം ആരോ കടത്തിയത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. അതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം വരെ നടന്നിരിക്കുകയാണ്. ഇവിടെ വെറ്റിറിനറി ഡോക്ടര്‍മാര്‍ സമയത്തിന് എത്താറില്ല. തോന്നുന്ന സമയത്ത് വരും. മാത്രമല്ല കാപ്പുകാട് ആനപാര്‍ക്കിനോട് ചേര്‍ന്നുള്ള വികസനപണികളില്‍ വന്‍ ക്രമക്കേട് നടക്കുന്നതായും ഇതിനെ കുറിച്ച് നാട്ടുകാര്‍ അംഗങ്ങളായ ഇക്കോ കമ്മിറ്റിയില്‍ തന്നെ പരാതികള്‍ വന്നതും വാര്‍ത്തയായിരുന്നു.
ഒന്നു ശ്രദ്ധിക്കുമോ...
നീലജലാശയവും ഇടതൂര്‍ന്ന കാടും നല്‍കുന്ന സുന്ദരമായ കാപ്പുകാട്ടില്‍ ഏറെ സാധ്യതകള്‍ നിലവിലുണ്ട്. അത് വിനിയോഗിക്കാന്‍ സര്‍ക്കാര്‍ ഒന്നു മനസുവയ്ക്കണം. പദ്ധതികള്‍ വേഗത്തില്‍ കൊണ്ടുവന്നാല്‍ നാടിനും അത് ഗുണകരമാകുമെന്നും ചൂണ്ടികാട്ടപ്പെടുന്നു. ഇഴഞ്ഞുനീക്കം ഒഴിവാക്കാനായാല്‍ മതി കാപ്പുകാട് ലോകശ്രദ്ധ തന്നെ നേടുമെന്ന് വനം വകുപ്പിലെ ചിലര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."