വൈദ്യുതി സ്മാർട്ട് മീറ്റർ: വേഗത്തിൽ നടപ്പാക്കാനൊരുങ്ങി കേരളം
ബാസിത് ഹസൻ
തൊടുപുഴ
പ്രീ പെയ്ഡ് സ്മാർട്ട് മീറ്റർ സംവിധാനം നടപ്പാക്കാൻ നടപടികൾ ആരംഭിച്ച് കേരളം. കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങിയതോടെ ഇതിനായുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ ഐ.ടി ചീഫ് എൻജിനീയർക്ക് വൈദ്യുതി ബോർഡ് നിർദേശം നൽകി. ബി.ഒ.ടി വ്യവസ്ഥയിൽ നാലുഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിക്ക് മൂന്നുമാസത്തിനകം ടെൻഡർ ക്ഷണിക്കാൻ കഴിയുമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തൽ.
സംസ്ഥാനത്തെ 1.3 കോടി ഉപഭോക്താക്കളിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാൻ 9,216 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 1,170 കോടി കേന്ദ്ര ഗ്രാൻഡായി ലഭിക്കും. പദ്ധതി സംബന്ധിച്ച് കേരളം സമർപ്പിച്ച വിശദമായ പ്രൊജക്ട് റിപ്പോർട്ട് കേന്ദ്ര ഊർജ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.
മുൻകൂറായി പണമടച്ച് വൈദ്യുതി ഉപയോഗിക്കുന്ന സംവിധാനമായ സ്മാർട്ട് മീറ്റർ നിലവിൽ വരുന്നതോടെ ഉപഭോക്താക്കളുടെ ആവശ്യം മൂൻകൂട്ടി അറിയാൻ കഴിയും. ഇത് വൻവില കൊടുത്ത് വൈദ്യുതി പുറത്തുനിന്നും വാങ്ങുന്നത് ഒരുപരിധി വരെ ഒഴിവാക്കാമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തൽ. ഉപയോഗിക്കുന്ന വൈദ്യുതിയുടെ തുക മുൻകൂർ അടയ്ക്കുന്നതിനാൽ കുടിശികയും ഇല്ലാതാക്കാം.
കാലാകാലങ്ങളായി വൻതുക കെ.എസ്.ഇ.ബി ക്ക് നൽകാനുള്ള സ്ഥാപനങ്ങൾക്ക് വൻ തിരിച്ചടിയാകും ഈ തീരുമാനം. 996.9 കോടി രൂപയാണ് കേരളാ വാട്ടർ അതോരിറ്റിയുടെ മാത്രം നിലവിലെ കുടിശിക. പദ്ധതിയുടെ ആദ്യഘട്ടം 2023 ഡിസംബർ 31 ന് മുമ്പ് പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം.
പ്രതിമാസം 200 യൂനിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന 37 ലക്ഷം ഉപഭോക്താക്കളെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുക. ഹൈടെൻഷൻ, എക്‌സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കൾ, ബ്ലോക്ക് ലെവൽ വരെയുള്ള സർക്കാർ ഓഫിസുകൾ എന്നിവരാണ് ആദ്യഘട്ടത്തിൽ.
രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ എല്ലാ താരിഫ് ഗ്രൂപ്പിലും പെടുന്ന 18 ലക്ഷം ലോ ടെൻഷൻ ഉപഭോക്താക്കളെയാണ് ഉൾപ്പെടുത്തുക. 1264 കോടി രൂപയാണ് ഇതാനായി കണക്കാക്കിയിരിക്കുന്നത്. മൂന്നാം ഘട്ടത്തിൽ 60 ടൗണുകളിലെ 32 ലക്ഷം എൽ.ടി ഉപഭോക്താക്കളെ ഉൾപ്പെടുത്തും. 1264 കോടിയാണ് ഇതിനും പ്രതീക്ഷിക്കുന്നത്.
നാലാം ഘട്ടത്തിൽ 64 ലക്ഷം എൽ.ടി ഉപഭോക്താക്കളാണ് ഉൾപ്പെടുക. 4493 കോടിയാണ് ഇതിന് പ്രതീക്ഷിക്കുന്നത്. 2025 മാർച്ചോടെ രാജ്യത്ത് സ്മാർട്ട് മീറ്റർ പദ്ധതി പൂർണമായും നടപ്പാക്കുകയാണ് കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ലക്ഷ്യം. 25 കോടി സ്മാർട്ട് മീറ്ററുകളാണ് മൊത്തം വേണ്ടിവരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."