ഹയര്‍സെക്കന്‍ഡറി: മലബാറില്‍ ഇക്കൊല്ലവും ആവശ്യത്തിന് സീറ്റില്ല, മലപ്പുറത്തിന് മാത്രം വേണം 200 അധിക ബാച്ചുകള്‍
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിച്ചതില്‍ ഇത്തവണയും മലബാറില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നതായി വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. മലപ്പുറം ജില്ലയില്‍ പത്താംക്ലാസ് പരീക്ഷ ജയിക്കുന്നവരുടെ എണ്ണമനുസരിച്ചുള്ള ഹയര്‍സെക്കന്‍ഡറി ബാച്ചുകളില്ല. പുതിയ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിക്കുന്നതിനും നിലവിലുള്ള ബാച്ചുകള്‍ പുനഃക്രമീകരിക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനായ സമിതിയുടേതാണ് കണ്ടെത്തല്‍.
പല സ്‌കൂളുകളിലും ഒരു ക്ലാസില്‍ 60 65 കുട്ടികളെ വരെ ഉള്‍ക്കൊള്ളിച്ചതായും ഇത് വ്യക്തിഗത പഠനത്തെ സാരമായി ബാധിക്കുന്നതായും സമിതി കണ്ടെത്തി. മലപ്പുറത്ത് പുതുതായി 200 ബാച്ചുകളെങ്കിലും അനുവദിച്ചാലേ നിലവിലെ പ്രതിസന്ധി മറികടക്കാനാകൂവെന്നും സമിതി നിര്‍ദേശിക്കുന്നു.
അതേസമയം തെക്കന്‍ ജില്ലകളില്‍ യഥേഷ്ടം ബാച്ചുകളുണ്ടെങ്കിലും കുട്ടികളില്ലാത്ത അവസ്ഥയുണ്ട്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ ഒരു ബാച്ചില്‍ 15 16 വിദ്യാര്‍ഥികള്‍ മാത്രമേയുള്ളൂ. ഇത്തരത്തിലുള്ള അറുപതോളം ബാച്ചുകള്‍ അവിടെ ഉള്ളപ്പോഴാണ് മലപ്പുറത്ത് ബാച്ചില്ലാതെ വിദ്യാര്‍ഥികള്‍ പ്രയാസപ്പെടുന്നത്. ഈ ബാച്ചുകള്‍ മലപ്പുറം പോലെയുള്ള മലബാറിലെ സ്‌കൂളുകളിലേക്ക് പുനര്‍വിന്യസിക്കണമെന്നാണ് സമിതി പറയുന്നത്.
അധ്യാപകരുടെ തസ്തിക സംരക്ഷണത്തിനും ഇത് സഹായിക്കും. അധികബാച്ചുകള്‍ അനുവദിക്കണമെന്ന് സമിതി നടത്തിയ സിറ്റിങ്ങില്‍ മലബാറിലെ എയിഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളും അധ്യാപക സംഘടനകളും ആവശ്യമുന്നയിച്ചിരുന്നു.
സമിതി മലബാറിലെ വിവിധ ജില്ലകളില്‍ സിറ്റിങ് നടത്തി ലഭിച്ച പരാതികള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഒരു ക്ലാസില്‍ പരമാവധി 50 വിദ്യാര്‍ഥികളെ മാത്രമേ പ്രവേശിപ്പിക്കാവൂവെന്നും സമിതി നിഷ്‌കര്‍ഷിക്കുന്നു. സമിതിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളുമടങ്ങിയ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
മലബാറില്‍ പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ സീറ്റില്ലാതെ വിഷമിക്കുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ ആയിരക്കണക്കിനു ബാച്ചുകള്‍ ഒഴിഞ്ഞുകിടക്കുന്ന കാര്യം പ്രൊഫ. കെ.കെ.എന്‍ കുറുപ്പ് ചെയര്‍മാനായ മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റ് ഉള്‍പ്പെടെ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."