ശാഹ്‌വലിയ്യുല്ലാഹിദ്ദഹ്‌ലവി (റ): ജ്ഞാനവസന്തത്തിന്റെ ഭാരതീയ മാതൃക
ശുഐബുല്‍ ഹൈതമി
ആത്മജ്ഞാനി, തത്വജ്ഞന്‍, മുഹദ്ദിസ്, ഖുര്‍ആന്‍ വ്യാഖ്യാതാവ്, കര്‍മശാസ്ത്ര വിശാദരന്‍, രാഷ്ട്രമീമാംസകന്‍ തുടങ്ങി ജ്ഞാനസാകല്യങ്ങളുടെ വിശേഷാല്‍ വിലാസമായിരുന്നു ശാഹ്‌വ ലിയ്യുല്ലാഹിദ്ദഹ്‌ലവി (റ) (1703-1762). ഭാരതം വൈജ്ഞാനിക ലോകത്തിന് സമര്‍പ്പിച്ച അനുപമ പ്രതിഭാസമെന്ന് അദ്ദേഹത്തെ കുറിച്ച് ഏക സ്വരത്തില്‍ തീര്‍പ്പ് കല്‍പിക്കപ്പെട്ടു. ജന്മാര്‍ജിതമായ ധൈഷണിക പൈതൃകവും കര്‍മാര്‍ജ്ജിതമായ ഗ്രാഹ്യകുശലതയും അദ്ദേഹത്തെ അനിതരനാക്കി.
ഉത്തരേന്ത്യയിലെ പുകള്‍പെറ്റ റഹീമിയ്യാമദ്‌റസയുടെ ശില്‍പി ശൈഖ് അബ്ദു റഹീമിന്റെ മകനാണ് ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി. അദ്ദേഹം മുഗള്‍ചക്രവര്‍ത്തി ഔറംഗസീബിന്റെ മതോപദേശിയും അക്കാലത്തെ പണ്ഡിതാവലംബമായ കര്‍മശാസ്ത്രജ്ഞനുമായിരുന്നു. പില്‍ക്കാലത്ത് ഇന്ത്യന്‍ മുസ്‌ലിംകളുടെ നിയമാധാരമായി സ്വീകരിക്കപ്പെട്ട, ഭരണഘടനാനിര്‍മാണത്തിന്റെ ആസ്പാദനരേഖയായ ഫതാവാ ആലംഗീരി ഇദ്ദേഹത്തിന്റെ ഫത്‌വകളായിരുന്നു. ഈ പൈതൃകം ശാഹ്‌വലിയ്യുല്ലാഹിയില്‍ ഇസ്‌ലാമിക ജ്ഞാനോല്‍സക്യത്തിന് പുറമെ സാമൂഹിക രാഷ്ട്രീയാവബോധവും സൃഷ്ടിച്ചു.
ഔറംഗസീബ് നിര്യാതനാകുമ്പോള്‍ നാലു വയസുകാരനായിരുന്നു ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി. തുടര്‍ന്നുണ്ടായ ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ സാംസ്‌കരികാപചയവും ദിശതെറ്റി സഞ്ചരിച്ച പണ്ഡിതമണ്ഡലങ്ങളും കണ്ടുകൊണ്ടാണ് ആദ്ദേഹം വളര്‍ന്നത്. ഏഴാം വയസില്‍ ഖുര്‍ആന്‍ ഹൃദ്യസ്തമാക്കുകയും പതിനാലാം വയസില്‍ അന്ന് ലഭ്യമായ എല്ലാ മതവിജ്ഞാന ശാഖകളും ഗ്രഹിച്ചെടുക്കുകയും ചെയ്തു. പിതാവിനെപോലെതന്നെ, അദ്ദേഹം ഹനഫീ മദ്ഹബുകാരനായിരുന്നു. പതിനഞ്ചാം വയസില്‍ നഖ്ശബന്ദീ ത്വരീഖതില്‍ അംഗമായി, പിതാവ് തന്നെയായിരുന്നു ശൈഖ്. 1131 ല്‍ പിതാവിന്റെ നിര്യാണത്തെ തുടര്‍ന്ന് റഹീമിയ്യാ മദ്‌റസയുടെ നേതൃത്വം ഏറ്റെടുത്തതോടെ അദ്ദേഹത്തിന്റെ വിശ്രുതികള്‍ വിശാലമായി. അക്കാലയളവിലെ ഗ്രന്ഥപാരായണങ്ങളിലൂടെ തന്റെ അടഞ്ഞ ഹൃദയഭാഗങ്ങള്‍ തുറക്കപ്പെട്ടുവെന്ന് അദ്ദേഹം തന്നെ പിന്നീടെഴുതി. യുക്തിഭദ്രവും ശാസ്ത്രീയവുമായ നിലയില്‍ ഇസ്‌ലാമികദര്‍ശനങ്ങളെ സാമാന്യവല്‍ക്കരിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിരന്തര ശ്രമം. തത്വദീക്ഷയില്ലാതെ വിശ്വാസജല്‍പനങ്ങളെ അദ്ദേഹം നിരാകരിച്ചു.
ഇമാം ഗസ്സാലി(റ)യുടെ വിജ്ഞാനവിതരണ-സമീപനങ്ങളെ അദ്ദേഹം ഇഷ്ട്ടപ്പെട്ടു. കുറ്റവാളി നിയമപാലകരെ പേടിക്കുന്നത് പോലെയല്ല അടിമകള്‍ അല്ലാഹുവിനെ പേടിക്കേണ്ടതെന്നും തൊഴിലാളി മുതലാളിയെ അനുസരിക്കുന്നത് പോലെയല്ല അടിമകള്‍ ഉടമയായ അല്ലാഹുവിനെ അനുസരിക്കേണ്ടതെന്നുമുള്ള അദ്ദേഹത്തിന്റെ സവിശേഷമായ അവതരണരീതികള്‍ ആത്മീയമേഖലയെ ആകര്‍ഷിച്ചു. ഇലാഹിനോടുള്ള അടിസ്ഥാനവികാരം സ്‌നേഹം മാത്രമാകണമെന്ന് അദ്ദേഹം പഠിപ്പിച്ചു. 1143ല്‍ അദ്ദേഹം നടത്തിയ ഹജ്ജ് യാത്രയും, തിരുറൗദാശരീഫില്‍വച്ച് അദ്ദേഹത്തിനുണ്ടായ അല്‍ഭുതാനുഭവങ്ങളുമാണ് പിന്നീട് ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. മസ്ജദുന്നബവിയിലെ മുദരിസായിരുന്ന അബൂ ത്വാഹിറുല്‍ മദനിയില്‍ നിന്നും സ്വിഹാഹുസ്സിത്തയിലും മുവത്വയിലും ശിഷ്യത്വം നേടുകയും ഹദീസ് നിവേദനത്തിനുള്ള സമ്മതം വാങ്ങുകയും ചെയ്തു. റൗദാശരീഫില്‍ വച്ച്, ഉണര്‍വില്‍ തന്നെ അദ്ദേഹത്തെ തിരുമേനി(സ്വ) ആശ്ലേഷിക്കുകയും പ്രകാശത്തിന്റെ അനുഭവപ്രപഞ്ചത്തിലേക്ക് ആനയിക്കുകയും ചെയ്തു. അതിനു ശേഷമാണ് ഹദീസ് വിജ്ഞാനത്തില്‍ അദ്ദേഹം സ്വയം സമര്‍പ്പിതനായത്.
നാട്ടില്‍ തിരിച്ചെത്തിയ ശാഹ്‌വലിയ്യുല്ലാഹിദ്ദഹ്‌ലവി സാമുദായി പരിഷ്്കരണങ്ങളുടെ ശക്തമായ നീക്കങ്ങള്‍ക്ക് ആവിഷ്‌കാരം നല്‍കി. മുഗള്‍ഭരണം ക്ഷയിച്ചതിനാല്‍ മുസ്‌ലിംകളെ സാമൂഹികമായി സമുദ്ധരിക്കുന്ന ധൈഷണിക ദൗത്യവും അദ്ദേഹം ഏറ്റെടുത്തു. മതബോധമില്ലാത്ത ഭരണാധികാരികളും തര്‍ക്ക ശാസ്ത്രങ്ങളിലും പക്ഷപാതിത്വങ്ങളിലും ജീവിതം പാഴാക്കുന്ന പണ്ഡിതന്മാരുമാണ് നാശത്തിന് കാരണമെന്ന് അദ്ദേഹം തുറന്നടിച്ചു. അക്കാലത്താണ് അദ്ദേഹം തന്റെ ലോകപ്രശസ്തമായ ‘ഹുജ്ജതുല്ലാഹില്‍ ബാലിഗ’ എന്ന കൃതി രചിക്കുന്നത്.
ഇസ്്‌ലാമിക തത്വശാസ്ത്രങ്ങളുടെ എക്കാലത്തേയും മാസ്റ്റര്‍ പീസ് ഗ്രന്ഥമായി പിന്നീട് ലോകം ഇതിനെ വാഴ്ത്തി. ഖുര്‍ആന്‍, ഹദീസ് മുതല്‍ ഗൃഹഭരണ മടക്കം രാഷ്ട്രീയ മര്യാദകളും സൈനിക സംസ്‌കാരം വരെ അതില്‍ താത്വികമായി പ്രമേയവല്‍കരിക്കപ്പെട്ടു. അനുഷ്ടാനങ്ങളുടെ ആത്മാവ് വിശദീകരിക്കുന്ന ഗ്രന്ഥമെന്ന നിലയില്‍ തസ്വവ്വുഫിന്‍െ പണ്ഡിതരും, ചരിത്രത്തിന്റെ വെളിച്ചത്തില്‍ സാമൂഹിക പുന:ക്രമീകരണം വിശദീകരിക്കുന്ന ഗ്രന്ഥമെന്ന നിലയില്‍ രാഷ്ട്രീയ വിശാദരര്‍പോലും അവലംബിച്ച ആ ഗ്രന്ഥം വിവിധഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ‘രണ്ടാം ഗസ്സാലി’ എന്ന് ചിലര്‍ അദ്ദേഹത്തെ ഇത്മൂലം വാഴ്ത്തി. ആ നൂറ്റാണ്ടിന്റെ മുജദ്ദിദായി മുസ്‌ലിം ലോകം അദ്ദേഹത്തെ ആംഗീകരിച്ചു.
സൗഭാഗ്യ ഹസ്തനായ ഗ്രന്ഥകാരനെന്നതിലുപരി, പേര് വീണ വാഗ് വിലാസത്തിന്റെ ഉടമസ്ഥന്‍കൂടയായിരുന്നു അദ്ദേഹം. പേര്‍ഷ്യന്‍ ഭാഷയില്‍ ഖുര്‍ആന്‍ വ്യാഖ്യാനമടക്കം നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയുട്ടുണ്ട്. ‘അല്‍ അര്‍ബഊന്‍, ശറഹു മുവത്വ, അല്‍ത്വാഫുല്‍ ഖുദുസ് തുടങ്ങിയ അദ്ദേഹത്തിന്റെ അകം കുടഞ്ഞിട്ട വിജ്ഞാന മുദ്രകള്‍ അനേകമാണ്. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ(റ) സന്താന പരമ്പരയായ ഈ താഴ്്‌വഴിയില്‍ അദ്ദേഹത്തിന്ന് പിറന്ന മക്കളും മഹാ പണ്ഡിതരും ആത്മ ജ്ഞാനികളുമാണ്.
‘സിറാജുല്‍ ഹിന്ദ്’ എന്ന സ്ഥാനപ്പേര് ലഭിച്ച ഇന്ത്യ കണ്ട ഏറ്റവും പ്രഗല്‍ഭരായ മുഹദ്ദിസ് ശാഹ് അബ്ദുല്‍ അസീസ് ദഹ്‌ലവി, കനപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവായ ശാഹ് അബ്ദുല്‍ ഖാദര്‍ എന്നിവരടക്കം അഞ്ചു മക്കളാണ്. അതില്‍ രണ്ടു പേര്‍ പുത്രിമാരാണ്. ഇന്ത്യന്‍ സ്വാതന്ത്ര സമര നേതൃത്വത്തില്‍ മുന്നണിപ്പോരാളികളായ പലരും ഈ സന്താന പരമ്പരകളിലുണ്ട്. അങ്ങനെ ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി തുറന്നിട്ട വിജ്ഞാന വസന്തത്തില്‍ വിരിഞ്ഞ ദീപാങ്കുരപ്പുക്കള്‍ കാല പ്രവാഹത്തെ വര്‍ണസുരഭിലമാക്കി ഇന്ദുപൂര്‍ണിമ പോല്‍ പ്രശോഭിച്ച് നില്‍ക്കുന്നു. ഇപ്പോഴും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."