എന്നു പുലരും അഴിമതിമുക്ത കേരളമെന്ന സ്വപ്നം?
സർക്കാർ ഓഫിസുകളിൽ അരങ്ങുതകർക്കുന്ന അഴിമതിയെക്കുറിച്ചും അത് തുടച്ചുനീക്കേണ്ടതിനെക്കുറിച്ചും കാലങ്ങളായി നേതാക്കളും ഭരണകർത്താക്കളും പറഞ്ഞുകൊണ്ടിരിക്കുന്നു. അഴിമതിക്കെതിരേ സർക്കാർ ശക്തമായ നടപടികൾ എടുക്കുമ്പോൾ അഴിമതിക്കാരായ ഉദ്യോഗസ്ഥർ അത് നടത്താനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു. വിജിലൻസിന്റെ പക്കൽ ആകെക്കൂടിയുള്ളത് ഫിനോഫ്‌ലിൻ ആണ്. പരാതിപ്പെടുന്നവർക്ക് വിജിലൻസ് ഫിനോഫ്‌ലിൻ പുരട്ടിയ നോട്ടുകൾ കൊടുക്കുന്നു. മുഖ്യമന്ത്രി പറഞ്ഞ ആർത്തിപ്പണ്ടാരങ്ങൾ മുമ്പുംപിമ്പും നോക്കാതെ അത്തരം നോട്ടുകൾ വാങ്ങുമ്പോൾ മാത്രമാണ് പിടിയിലാകുന്നത്. അഴിമതി കുറേക്കൂടി ശാസ്ത്രീയമായി നടത്തുന്ന ഉദ്യോഗസ്ഥരാകട്ടെ നോട്ടുകെട്ടുകൾ നേരിട്ട് വാങ്ങാതെ മറ്റ് വഴികളിലൂടെ വീട്ടിലെത്തിക്കുകയാണ്.
അഴിമതി നടത്തുന്നവരെ വിജിലൻസ് പിടികൂടിയാൽ കേസെടുക്കണമെങ്കിൽ മേലധികാരിയുടെ സമ്മതം വേണം. അഴിമതിക്ക് പിടിക്കപ്പെട്ടവരെ സംബന്ധിച്ച വിവരങ്ങൾ സർക്കാരിലേക്ക് അയക്കുന്നതോടെ വിജിലൻസിന്റെ ജോലിഭാരം കഴിയുന്നു. സെക്രട്ടേറിയറ്റ് ഓഫിസിലെ ഫയലുകളിൽ അത്തരം കേസുകൾ മയങ്ങുന്നു. കോടതിയിൽ എത്തുമ്പോൾ അഴിമതിക്ക് പിടിക്കപ്പെട്ട പല സർക്കാർ ഉദ്യോഗസ്ഥരും രക്ഷപ്പെടുകയാണ് പതിവ്. അപൂർവം ചിലർ മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ. വിട്ടയക്കപ്പെട്ടവർ സർവിസിൽ തിരികെ കയറി അഴിമതി തുടരുന്നു. ഈയൊരു പശ്ചാത്തലത്തിൽ അഴിമതിക്കെതിരേയുള്ള മുഖ്യമന്ത്രിയുടെ യുദ്ധപ്രഖ്യാപനം എത്രത്തോളം പ്രാവർത്തികമാകും? അഴിമതി നടത്തുകയെന്നത് ചില ഉദ്യോഗസ്ഥരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. ഒരുദിവസം അഞ്ച് രൂപയെങ്കിലും അവിഹിതമായി പോക്കറ്റിൽ വന്നില്ലെങ്കിൽ അന്ന് രാത്രി അവർക്ക് ഉറക്കംവരില്ല. അത്തരത്തിലുള്ള എത്രയോ സർക്കാർ ഉദ്യോഗസ്ഥർ കേരളത്തിലുണ്ട്. തടയിടാൻ മുഖ്യമന്ത്രി ശ്രമിച്ചാൽ അതിനെ വെല്ലുന്ന മറുതന്ത്രം പയറ്റി അഴിമതി നിലനിർത്താൻ പ്രാപ്തരാണ് അഴിമതിക്കാരായ പല സർക്കാർ ഉദ്യോഗസ്ഥരും.
കൊല്ലത്ത് ശ്രീനാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റി, കില, കേരള യൂനിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയ ജനപ്രതിനിധികളുടെ അക്കാദമിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടമാടുന്ന അഴിമതിക്കെതിരേ രൂക്ഷമായി പ്രതികരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാത്രമല്ല, വില്ലേജ് ഓഫിസ് മുതൽ ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കേണ്ട സർക്കാർ സ്ഥാപനങ്ങളിൽ പലതും അഴിമതിയിൽ മുങ്ങിക്കിടക്കുകയാണ്.
സർക്കാർ ഓഫിസുകളിലെ സേവനങ്ങൾ പലതും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി നിർവഹിക്കപ്പെടുന്ന കാലം കൂടിയാണിത്. എന്നാൽ അഴിമതി തൂത്തെറിയാൻ ഒരു സാങ്കേതികവിദ്യയും വിലപ്പോവില്ല എന്നതാണ് വസ്തുത. വീട്ടുനമ്പർ കിട്ടാൻ പഞ്ചായത്ത് സെക്രട്ടറിക്ക് കൈക്കൂലി കൊടുക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്ന പൊതുസമൂഹവും അത് കിട്ടേണ്ടത് അനിവാര്യമാണെന്ന് ശഠിക്കുന്ന പഞ്ചായത്ത് സെക്രട്ടറിമാരും ഉള്ളേടത്തോളം മുഖ്യമന്ത്രി രോഷംകൊണ്ട അഴിമതി ഉദ്യോഗസ്ഥരെ എങ്ങനെയാണ് പൂട്ടുക. കൈക്കൂലി കൊടുക്കാൻ തയാറാകാത്ത എത്രയോ സംരംഭകർ അവരുടെ ഉദ്യമങ്ങളിൽ നിന്നും പിന്മാറിയ നാടാണ് കേരളം. കൈക്കൂലി കിട്ടാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതികാരത്താൽ പല സംരംഭകരും ഈ നാട്ടിൽ ആത്മഹത്യ ചെയ്തിട്ടുമുണ്ട്.
നിയമന അധികാരിയുടെ മുൻകൂർ അനുമതിയില്ലാതെ കേസും അന്വേഷണവും പാടില്ലെന്ന നിയമമുള്ള ഒരു രാജ്യത്ത് അഴിമതി തുടച്ചുനീക്കുക എളുപ്പമല്ല. വിജിലൻസ് പിടികൂടുന്നവർക്ക് നല്ലനടപ്പും സസ്പെൻഷനുമാണ് ശിക്ഷ. അഴിമതിക്കാർക്ക് രാഷ്ട്രീയ പിൻബലവും കിട്ടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിക്കെതിരേ വാർഡ് ജനപ്രതിനിധികൾ ശ്രദ്ധാലുക്കളാകണമെന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു നിർദേശം. വാർഡിൽ പാലമോ റോഡോ പണിയാൻ പല വാർഡ് മെംബർമാർക്കും ശതമാനം നിരക്കിലാണ് പണി ഏറ്റെടുത്ത കരാറുകാരൻ കൈക്കൂലി കൊടുക്കേണ്ടതെന്ന് മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ടാവില്ല. അഴിമതിക്കാരായ മന്ത്രിമാർക്ക് അവരുടെ പാർട്ടികൾ സംരക്ഷണഭിത്തി പണിയുന്നു. അഴിമതിമുക്ത, മതനിരപേക്ഷ കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് 2021 ജനുവരിയിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും 'അഴിമതിമുക്ത കേരളം' പദ്ധതിക്ക് തുടക്കമിടുകയും ചെയ്തതാണ്. സോഫ്റ്റ് വെയറിലൂടെ പരാതി ഉന്നയിക്കാം. പരാതിപ്പെടുന്ന ആളുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും. പരാതി രണ്ട് ഉയർന്ന ഉദ്യോഗസ്ഥർ പരിശോധിക്കും എന്നൊക്കെയായിരുന്നു പദ്ധതിയെ പറ്റി പറഞ്ഞിരുന്നത്. പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? ഒരു പദ്ധതിയും പ്രഖ്യാപനത്തിനപ്പുറം പ്രാവർത്തികമാകുന്നില്ല. ദൈവത്തിന്റെ സ്വന്തം നാട് എന്നതിന് പകരം അഴിമതിയുടെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും ഉത്തമം.
ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഭീമമായ തുകയാണ് ശമ്പള കമ്മിഷൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ശുപാർശ ചെയ്യുന്നത്. സർക്കാർ അത് അപ്പടിനടപ്പാക്കുകയും ചെയ്യുന്നു. ഒരു സർക്കാർ ഗുമസ്തൻ വരെ ഇപ്പോൾ വലിയ ശമ്പളമാണ് കൈപ്പറ്റുന്നത്. ഉദ്യോഗസ്ഥരുടെ കർമശേഷിയും ഒപ്പം ഉയർത്തണമെന്ന് ശമ്പള കമ്മിഷൻ ശുപാർശ ചെയ്യാറുണ്ടെങ്കിലും സർവിസ് സംഘടനകൾ അതു മുഖവിലയ്ക്കെടുക്കാറില്ല. സർക്കാർ ഒട്ടും ഗൗനിക്കാറുമില്ല.
അഴിമതി അവകാശമാണെന്ന് കരുതുന്ന സർക്കാർ ഉദ്യോഗസ്ഥരെ പിടികൂടി ശിക്ഷിക്കാൻ നിലവിലുള്ള നിയമങ്ങൾ പോരാത്തതുകൊണ്ടാണ് അഴിമതി പിന്നെയും തഴച്ചുവളരുന്നത്. അഴിമതിക്ക് പിടിയിലാകുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാനുള്ള അധികാരം വിജിലൻസിന് ഉണ്ടാകണം. ഇപ്പോൾ നിയമനാധികാരിയുടെ അനുമതി കിട്ടിയാൽ മാത്രമേ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്താൻ പോലും വിജിലൻസിനു കഴിയൂ. തെളിവ് സഹിതം പിടികൂടിയാൽ അവിടെ വച്ചുതന്നെ അവരെ സർവിസിൽ നിന്നും പിരിച്ചുവിടുകയും ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും ചെയ്യുന്ന നിയമം ഉണ്ടാകണം. നിയമത്തെ ദുരുപയോഗം ചെയ്യുന്ന വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരേയും നടപടി സ്വീകരിക്കാനുള്ള നിയമഭേദഗതി ഉണ്ടാകണം.
അഴിമതി തൊട്ടുതീണ്ടാത്ത, ജോലി പ്രാർഥനപോലെ നിർവഹിക്കുന്ന ഉദ്യോഗസ്ഥരും നമുക്കുണ്ടെന്ന കാര്യം വിസ്മരിക്കരുത്. അവരുടെ സ്തുത്യർഹമായ പ്രവർത്തനമാണ് നമ്മുടെ സംസ്ഥാനത്തെ ഈ വിധമെങ്കിലും മുന്നോട്ട് കൊണ്ടുപോകുന്നത്. കൂട്ടത്തോടെ അഴിമതി നടത്തുന്നവർക്ക് അഴിമതിയില്ലാത്ത ഉദ്യോഗസ്ഥർ അലോസരമാണ്. അവരെ കുടുക്കാൻ അഴിമതിക്കാരായ ഉദ്യോഗസ്ഥർ നടത്തുന്ന കുത്സിത പ്രവർത്തനങ്ങൾക്കെതിരേയും നടപടി ഉണ്ടാകണം. ഇതൊന്നും നടപ്പാകാതെ, അഴിമതിക്കെതിരേയുണ്ടാകുന്ന ഗർജനങ്ങളെല്ലാം വനരോദനങ്ങളാവുകയേയുള്ളൂ. അഴിമതിമുക്ത കേരളമെന്നത് സ്വപ്നം മാത്രമായി അവശേഷിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."