ദ്വീപ് ഭരണം ആര്‍ക്കുവേണ്ടി?
സുന്ദരമായിരുന്നു ലക്ഷദ്വീപ് സ്വച്ഛവും. ശാന്തരായ ആള്‍ക്കാര്‍. സാധാരണക്കാരും പാവപ്പെട്ടവരും. അക്രമവാസന തീരെയില്ലാത്തവര്‍. തമ്മില്‍ വഴക്കു കൂടാത്തവര്‍. എല്ലാ ശാന്തതയും ഇല്ലാതാവുകയാണ്. ദ്വീപുകളില്‍ സമാധാനവും സ്വസ്ഥതയും നഷ്ടമാവുകയാണ്. ദ്വീപുവാസികള്‍ക്ക് ഇനി ഭീതിയുടെ ഇരുണ്ട രാവുകള്‍. അടിച്ചമര്‍ത്തലിന്റെ ദിവസങ്ങള്‍.
പുതിയൊരു ഭരണാധികാരി അധികാരത്തിലെത്തിയതോടെയാണ് സര്‍വ നാശത്തിനും തുടക്കമായത്. ദ്വീപുവാസികളുടെ ജീവനോപാധികള്‍ നശിപ്പിക്കുന്നു. മത്സ്യബന്ധന സാമഗ്രികള്‍ നശിപ്പിക്കുന്നു. നിയന്ത്രണങ്ങള്‍ക്കു പിന്നാലെ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. തൊഴിലാളികളെ പിരിച്ചുവിടുന്നു. എവിടെയും ശക്തമായ പൊലിസ് കാവല്‍. ഏറ്റവുമൊടുവില്‍ യാത്രാ വിലക്കും. ലക്ഷദ്വീപിലേയ്ക്കു പോകണമെങ്കില്‍ ഇനി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെന്നായിരിക്കുന്നു. പട്ടാള നിയന്ത്രണത്തിലുള്ള ഏതോ പ്രദേശം പോലെയായിരിക്കുന്നു ലക്ഷദ്വീപ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ പ്രഫുല്‍ ഖോഡാ പട്ടേല്‍ 2020 ഡിസംബറില്‍ ലക്ഷദ്വീപുകളുടെ അഡ്മിനിസ്‌ട്രേറ്റര്‍ ആയതോടെയാണ് ദ്വീപു നിവാസികളുടെ കഷ്ടകാലം തുടങ്ങിയത്. മുമ്പൊക്കെ ഐ.എ.എസ്, അല്ലെങ്കില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായിരുന്നു ഈ സ്ഥാനത്തേക്കു നിയമിക്കപ്പെട്ടിരുന്നത്. പ്രഫുല്‍ ഖോഡാ പട്ടേല്‍ ഒരു രാഷ്ട്രീയക്കാരനാണ്. കറ തീര്‍ന്ന ബി.ജെ.പിക്കാരന്‍. തനി രാഷ്ട്രീയക്കാരനായ ഖോഡ ബി.ജെ.പിയുടെ രാഷ്ട്രീയ ശത്രുത മുഴുവന്‍ ഇവിടെ പ്രയോഗിക്കുകയാണ്. ലക്ഷദ്വീപ് നിവാസികളില്‍ 99 ശതമാനം പേരും മുസ്‌ലിംകളാണ്. അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ ചെയ്തികളിലൊന്ന് സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫും മുട്ടയും ഒഴിവാക്കുകയായിരുന്നു. പിന്നാലെ ഗോവധവും നിരോധിച്ചു. അതു കഴിഞ്ഞു പല മേഖലകളിലും ജോലി ചെയ്യുന്ന താല്‍ക്കാലികക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ഒരു ജനതയോടു കാണിക്കാവുന്ന അതിക്രൂര നടപടികളായി പിന്നെ. മത്സ്യത്തൊഴിലാളികളുടെ വലയും ബോട്ടും സൂക്ഷിക്കുന്ന കൂടാരങ്ങള്‍ പാടേ തകര്‍ത്തു കളഞ്ഞു. തേങ്ങ സൂക്ഷിക്കാന്‍ കെട്ടിയിരുന്ന ഷെഡ്ഡുകളും തകര്‍ത്തു. ജനങ്ങളുടെ ജീവനോപാധികള്‍ പൂര്‍ണമായും ഇല്ലാതായിരിക്കുന്നു. പൊലിസിന്റെ അധികാരശക്തിയില്‍ നിസ്സഹായരായ ജനങ്ങളുടെ മേല്‍ എന്തുമാവാമെന്ന തരത്തിലാണ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനം.
പൊതുവേ ശാന്തശീലരാണ് ലക്ഷദ്വീപിലെ ആളുകള്‍. എല്ലായ്‌പ്പോഴും തികഞ്ഞ സന്തോഷത്തോടെ കഴിഞ്ഞു കൂടുന്നവര്‍. വഴക്കും ബഹളവും തീരെയില്ല. മദ്യപാനവും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും ഒട്ടുമില്ല. അടിപിടിയും ലഹളയുമൊന്നും ഇല്ലേയില്ല. 50 വര്‍ഷം മുന്‍പാണത്രെ ലക്ഷദ്വീപില്‍ ഒരു കൊലപാതകം നടന്നത്. ജയിലുകളൊക്കെ സ്ഥിരമായിത്തന്നെ കാലിയാണ്. വക്കീലന്മാര്‍ക്കും വലിയ പണിയുണ്ടാവില്ല.
പിന്നെന്താണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ പ്രശ്‌നം? അവര്‍ അക്രമമുണ്ടാക്കാത്തതു തന്നെയാവുമോ അദ്ദേഹത്തിന്റെ പ്രശ്‌നം? അതോ അവരൊക്കെയും ഇസ്‌ലാം മതവിഭാഗക്കാരായതാണോ? ഒരക്രമവും നടക്കാത്ത നാട്ടില്‍, ഒരു അക്രമിയുമില്ലാത്ത നാട്ടില്‍, എന്തിന് ഗുണ്ടാനിയമം നടപ്പിലാക്കുന്നു? എന്തിന് കനത്ത സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തുന്നു? ദ്വീപു നിവാസികളുടെ ആഹാരരീതിയില്‍ ഇടപെടുന്നു? അവരുടെ ജീവനോപാധികള്‍ നശിപ്പിക്കുന്നു? മുസ്‌ലിംകള്‍ ആയിപ്പോയി എന്നതൊഴിച്ചാല്‍ ലക്ഷദ്വീപു നിവാസികളാരും ഒരു തെറ്റും ചെയ്തിട്ടില്ല.
ഒരു സംശയമുയരുന്നത് ദ്വീപ് സമൂഹങ്ങളുടെ പൊതുസ്വഭാവം മാറ്റുക എന്നതാണോ ഭരണകൂടത്തിന്റെ പരിപാടി എന്നാണ്. ദ്വീപില്‍ വന്‍തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് അഡ്മിനിസ്‌ട്രേറ്ററുടെ ലക്ഷ്യം എന്ന സംസാരമുണ്ട്. വലിയ വികസനമെന്നാല്‍ ദ്വീപിനെ വലിയ ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്നര്‍ഥം. എല്ലാ ദ്വീപുകളിലും കൂടി ഇവിടെ ഒരേയൊരു ബാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബംഗാരം ദ്വീപില്‍ മാത്രം. അവിടെയും പുറമേ നിന്നു വരുന്നവര്‍ക്കു മാത്രമേ മദ്യം വിളമ്പുമായിരുന്നുള്ളൂ. പുതിയ ഭരണകര്‍ത്താവു വന്നതോടെ ഈ ബാര്‍ ദ്വീപുകാര്‍ക്കും തുറന്നുകൊടുത്തു. ഇവിടെ കച്ചവടം കൂടി. ഇതുകണ്ട് കവരത്തി, മിനിക്കോയി, കടമത്ത് എന്നീ ദ്വീപുകളിലും ബാര്‍ ലൈസന്‍സ് നല്‍കി. ജനങ്ങള്‍ ഇഷ്ടം പോലെ മദ്യപിച്ചാല്‍ വികസനം വരുമെന്നായിരിക്കും അധികൃതരുടെ ചിന്ത. അല്ലെങ്കില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ നാടെങ്ങും മദ്യശാലകള്‍ വേണമെന്നായിരിക്കും. എങ്കിലും പ്രഫുല്‍ ഖോഡാ പട്ടേലിന്റെ സ്വന്തം നാടായ ഗുജറാത്തില്‍ മദ്യനിരോധനം നിലനില്‍ക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്. അവിടെ വേണ്ടാത്ത വികസനമാണ് ലക്ഷദ്വീപില്‍ വേണ്ടതെന്ന കാര്യവും ശ്രദ്ധിക്കണം.
ദ്വീപുനിവാസികളെ കഷ്ടപ്പെടുത്തി, അവരുടെ ജീവിതം ദുസ്സഹമാക്കി, അവരെ നേരിട്ടോ അല്ലാതെയോ ഒഴിപ്പിക്കുക എന്നൊരു ഗൂഢലക്ഷ്യവും ഈ നീക്കങ്ങളില്‍ വളരെ വ്യക്തമായിത്തന്നെ കാണാം. അവിടെ നടപ്പിലാക്കാന്‍ പോകുന്ന ഭൂപരിഷ്‌കാരം തന്നെ നോക്കാം. നിലവില്‍ പുറത്തുനിന്നുള്ള ആര്‍ക്കും ഇവിടെ ഭൂമി വാങ്ങാന്‍ അവകാശമില്ല. ഇപ്പോള്‍ അത്യപൂര്‍വമായ പുതിയൊരു നിര്‍ദേശം അഡ്മിനിസ്‌ട്രേറ്റര്‍ ജനങ്ങള്‍ക്കു മുന്നില്‍വച്ചിരിക്കുന്നു. ഓരോ മൂന്നു വര്‍ഷം കൂടുംതോറും സ്വന്തം വസ്തുവിന്റെയും വീടിന്റെയും രജിസ്‌ട്രേഷന്‍ പുതുക്കണം. വീഴ്ച വന്നാല്‍ പിഴയടയ്ക്കണം - രണ്ടര ലക്ഷം രൂപ. പിന്നെ ഓരോ ദിവസവും 20,000- രൂപാ പിന്നെയും പിഴ. ഇന്ത്യയില്‍ ഏതെങ്കിലും സംസ്ഥാനത്ത് ഇങ്ങനെ ഒരു സമ്പ്രദായം നിലവിലുള്ളതായി അറിയില്ല. ഭൂമി വാങ്ങാനും വില്‍ക്കാനും ഇനി വലിയ നികുതി കൊടുക്കേണ്ടി വരും. ഭൂമി വാങ്ങുന്നതും വില്‍ക്കുന്നതും ദുഷ്‌കരമാക്കുക എന്നത് തന്നെയാണ് ലക്ഷ്യം. ഇത്തരം കടുത്ത നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ച് ദ്വീപുനിവാസികളുടെ ജീവിതം ദുര്‍വഹമാക്കുക തന്നെയാണ് അധികൃതരുടെ ലക്ഷ്യമെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ദ്വീപിലെ ജനസമൂഹത്തിന് അവരുടേതായ ജീവിതരീതിയും അച്ചടക്കവുമുണ്ട്. ഒട്ടും ധാരാളിത്തമോ ആര്‍ഭാടമോ ഇല്ലാത്ത ജീവിതം. എല്ലാത്തിനുമുണ്ട് അതിന്റേതായ താളവും ഒഴുക്കും. സാധാരണക്കാരായ ജനങ്ങള്‍ അവരുടേതായ രീതിയില്‍ കൊവിഡിനെയും ചെറുത്തു. കേരളത്തില്‍ നിന്ന് കൊച്ചിവഴി ദ്വീപിലേക്ക് പോകുന്നവര്‍ കൊച്ചിയില്‍ ദ്വീപ് ഭരണകൂടം ഒരുക്കിയിരുന്ന ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഒരാഴ്ച കഴിഞ്ഞിട്ടു മാത്രമേ പോകാനാവുമായിരുന്നുള്ളൂ. ഈ കാലാവധി കഴിഞ്ഞ് പരിശോധനയില്‍ നെഗറ്റീവ് ആവുന്നവര്‍ക്കു മാത്രമേ അനുമതി നല്‍കുമായിരുന്നുള്ളൂ. ദ്വീപില്‍ എത്തിയിട്ടുമുണ്ട് ഒരാഴ്ചത്തെ ക്വാറന്റൈന്‍. പ്രഫുല്‍ പട്ടേല്‍ ഇത്തരം തീയതികളൊക്കെ തെറ്റിച്ചു. 48 മണിക്കൂര്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ ദ്വീപിലെത്താമെന്നതായി സ്ഥിതി. നടുക്കടലില്‍ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ലക്ഷദ്വീപില്‍ കൊവിഡ് സംഹാരതാണ്ഡവമാടി. ഇതുവരെ 25-ലേറെ പേര്‍ മരിച്ചു. അനേകര്‍ ആശുപത്രിയിലായി. ചികിത്സാ സൗകര്യങ്ങള്‍ തീരെയില്ലാത്ത സ്ഥലം. എന്തെങ്കിലും ഗുരുതരമായ അസുഖം വന്നാല്‍ ഹെലികോപ്റ്ററില്‍ കേരളത്തിലെത്താതെ വഴിയില്ല. ഇപ്പോള്‍ അതൊക്കെയും ഭരണകൂടം തടഞ്ഞിരിക്കുന്നു. അസുഖം ഗുരുതരമായാലും ഹെലികോപ്റ്റര്‍ കിട്ടണമെങ്കില്‍ ഉന്നതോദ്യോഗസ്ഥര്‍ കനിയണം. കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ലാത്ത നിലയിലായിരുന്നു.
ഏറ്റവും ദയനീയമായ കാര്യം കന്നുകാലികളെ വളര്‍ത്തി ജീവിച്ചിരിക്കുന്നവരുടെയും ജീവിതം വഴിമുട്ടിച്ചു എന്നതാണ്. മൃഗസംരക്ഷണ വകുപ്പ് നടത്തിയിരുന്ന രണ്ട് പാല്‍ സംഭരണശാലകള്‍ അധികൃതര്‍ അടച്ചു പൂട്ടി കഴിഞ്ഞു. പാല്‍ വിറ്റു ജീവിച്ചിരുന്നവര്‍ ഇനിയെന്തു ചെയ്യും. ജനങ്ങള്‍ക്കു പാല്‍ നല്‍കാന്‍ ഗുജറാത്തില്‍ നിന്നു കപ്പല്‍ വരുമെന്നാണ് പറയുന്നത്.
ഇതിനകം വിവിധ മേഖലകളില്‍ ജനങ്ങള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഇരുന്നൂറിലേറെ അധ്യാപകരെ പിരിച്ചുവിട്ടതായിരുന്നു അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നടപടി. ഇതിനെതിരേ വിദ്യാര്‍ഥികള്‍ നടത്തിയ സമരം പൊലിസ് അടിച്ചമര്‍ത്തി. പ്രധാനപ്പെട്ട ഉദ്യോഗങ്ങളിലെ ദ്വീപിലുള്ള ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കു ചുമതല നല്‍കുകയും ചെയ്തിരിക്കുന്നു. ടൂറിസം വകുപ്പില്‍ പിരിച്ചുവിട്ടത് 150 പേരെ.
ലക്ഷദ്വീപിനെ വലിയ ടൂറിസം കേന്ദ്രമാക്കുകയാണു ലക്ഷ്യം എന്നാണ് നാട്ടുകാര്‍ കണക്കുകൂട്ടുന്നത്. അങ്ങേയറ്റം സുന്ദരമായ സ്ഥലം തന്നെയാണ് ഈ ദ്വീപുകള്‍. പവിഴപ്പുറ്റുകള്‍ കൊണ്ട് സമ്പന്നമായ ദ്വീപ് സമൂഹങ്ങള്‍. മാലദ്വീപുകള്‍ പോലെ, മൗറിഷ്യസ് പോലെ അങ്ങേയറ്റം മനോഹരമായ തീരപ്രദേശം. പ്രകൃതിയെയും അവിടുത്തെ ജനവാസത്തെയും ഒട്ടും മുറിവേല്‍പ്പിക്കാതെ വേണം ഇവിടെ ഏതുതരം വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍. പക്ഷേ എന്തിനോ വേണ്ടി തിരക്കിട്ട് ജനദ്രോഹ നടപടികളിലേക്കു കടന്നിരിക്കുകയാണ് ഭരണകൂടം. ദ്വീപിന്റെ വന്‍ വികസനമാണത്രെ ഭരണകൂടം ലക്ഷ്യംവയ്ക്കുന്നത്.
പക്ഷേ, ജനഹിതമറിയാതെ എന്തു വികസനം? അതാണ് ആര്‍ക്കും മനസിലാവാത്തത്. രാജഭരണം നടക്കുന്നിടത്തു പോലും വികസന പ്രവര്‍ത്തനമാണെങ്കിലും ടൂറിസം വികസനമാണെങ്കിലും ജനഹിതം നോക്കി മാത്രമേ നടത്തുകയുള്ളൂ. ഇവിടെ തുടക്കം തന്നെ ജനങ്ങളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടും അവരുടെ ജീവനോപാധികള്‍ നശിപ്പിച്ചും അവരുടെ സംസ്‌കാരത്തിന്മേല്‍ കടന്നുകയറ്റം നടത്തിയുമാണ്. ആര്‍ക്കു വേണ്ടിയാണീ ഭരണം? ജനങ്ങള്‍ക്കു വേണ്ടിയോ അതോ മറ്റേതെങ്കിലും ശക്തികള്‍ക്കു വേണ്ടിയോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."