സ്‌കോളര്‍ഷിപ്പിലെ അനുപാതം റദ്ദാക്കിയ വിധി ; ക്രിസ്ത്യന്‍ വിഭാഗത്തിന് അധികമായി ലഭിക്കുക മൂന്നുകോടി
കോഴിക്കോട്:ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ അനുപാതം ജനസംഖ്യാടിസ്ഥാനത്തിലേക്ക് മാറ്റുമ്പോള്‍ ക്രൈസ്തവ വിഭാഗത്തിന് അധികമായി ലഭിക്കുക മൂന്നു കോടി രൂപ. നേരത്തെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി 12.68 കോടി രൂപയായിരുന്നു സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ നീക്കിവച്ചിരുന്നത്. ഇതു 9.27 കോടി രൂപയായി കുറയും. ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്ക് 80:20 അനുപാതം അനുസരിച്ച് 3.16 കോടി രൂപയാണ് ലഭിച്ചിരുന്നത്. ഇതു ജനസംഖ്യാനുപാതികമായ ഭാഗംവയ്ക്കുമ്പോള്‍ 6.41 കോടി രൂപയായി വര്‍ധിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
കോടതി ഉത്തരവോടെ 80:20 എന്ന അനുപാതം മുസ്‌ലിംകള്‍ക്ക് 58.67 ശതമാനവും ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് 40.6 ശതമാനവും ആയി മാറും. സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങള്‍ എല്ലാവര്‍ക്കുമായി 0.73 ശതമാനവും ലഭിക്കും.
കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 14,398 വിദ്യാര്‍ഥികള്‍ക്കായി വിവിധ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ആകെ 15.81 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നല്‍കുന്ന സി.എച്ച് മുഹമ്മദ് കോയയുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പിന് എട്ടു കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവയ്ക്കാറുള്ളത്. സ്‌കോളര്‍ഷിപ്പ് ഇനത്തിലെ ഏറ്റവും വലിയ ബജറ്റും സി.എച്ച് സ്‌കോളര്‍ഷിപ്പാണ്. ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ പഠിക്കുന്ന പരമാവധി ഏഴായിരം പെണ്‍കുട്ടികള്‍ക്കാണ് ഒരുവര്‍ഷം ഇതു ലഭിക്കുക.
വിവിധ തട്ടുകളിലായി 5,000, 6,000, 7,000, 13,000 എന്നിങ്ങനെ തുക ഒരുവര്‍ഷം ലഭിക്കുന്ന വിധത്തിലുള്ള സ്‌കോളര്‍ഷിപ്പാണിത്. പത്തുകോടി രൂപ ബജറ്റില്‍ വകയിരുത്തി 2008ലാണ് സി.എച്ച് സ്‌കോളര്‍ഷിപ്പ് തുടങ്ങിയത്. ആദ്യവര്‍ഷം അപേക്ഷകര്‍ കുറഞ്ഞതോടെ ഇത് എട്ടുകോടി രൂപയാക്കുകയായിരുന്നു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള മറ്റൊരു സ്‌കോളര്‍ഷിപ്പാണ് ജോസഫ് മുണ്ടശ്ശേരിയുടെ പേരിലുള്ളത്. പത്താംക്ലാസ്, പ്ലസ്ടു തലത്തില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുന്ന പരമാവധി 2,835 വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ബിരുദ, ബിരുദാനന്തരതലത്തില്‍ ഡിസ്റ്റിങ്ഷന്‍ നേടുന്നവര്‍ക്കും തുക ലഭിക്കും. കൂടാതെ വിവിധ കോഴ്‌സുകള്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് മദര്‍ തെരേസയുടെ പേരിലും എ.പി.ജെ അബ്ദുല്‍ കലാമിന്റെ പേരിലും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."