സര്‍ക്കാര്‍ ജീവനക്കാരുടെ മുട്ട്, ഇടുപ്പെല്ല് രോഗങ്ങള്‍ വ്യാജമെന്നോ ?
കണ്ണൂര്‍: സാമ്പത്തിക ബാധ്യത കൂട്ടുമെന്നും അനാവശ്യ ചികിത്സ തേടുന്നുവെന്നും വിശദീകരിച്ച് മെഡിസെപ് മുഖാന്തിരമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം നിജപ്പെടുത്തിയ ധനവകുപ്പിന്റെ നടപടി വിവാദത്തില്‍. സാമ്പത്തിക ബാധ്യത വരുമെങ്കിലും ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മുട്ട്, ഇടുപ്പ് രോഗങ്ങള്‍ വ്യാജമല്ലെന്നാണ് സര്‍ക്കാര്‍ ജീവനക്കാരും ഡോക്ടര്‍മാരും കാരണസഹിതം വ്യക്തമാക്കുന്നത്. സര്‍ക്കാരിനു സാമ്പത്തിക പ്രതിസന്ധി വരുമെങ്കിലും ശസ്ത്രക്രിയക്ക് ചെലവ് കുറവാണെന്ന് രോഗികളും ഡോക്ടര്‍മാരും പറയുന്നു.
ഇതോടെ മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ മാത്രമായി മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഒതുങ്ങി. ഇവിടങ്ങളിലെ ഓര്‍ത്തോ വിഭാഗത്തിന് കൈകാര്യം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ രോഗികളാണ് ഉള്ളത്. ഇതിനാല്‍ ലക്ഷക്കണക്കിന് വയോധികരായ പെന്‍ഷന്‍കാര്‍, ജീവനക്കാര്‍ എന്നിവരുടെ ശസ്ത്രക്രിയ വൈകുകയാണ്. കായികതാരങ്ങള്‍, സാധാരണ ജീവിതം നയിക്കുന്ന 5055 പ്രായമുള്ളവര്‍, മുട്ടുമടക്കിയും ചെയ്യുന്നവര്‍, നിലത്തിരുന്നു ജോലി ചെയ്യുന്നവര്‍, പാരമ്പര്യമായി, ഉയര്‍ന്ന പ്രായമുള്ളവര്‍, ഇന്ത്യന്‍ ബാത്ത് റൂമുകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം മുട്ട്, ഇടുപ്പ് തേയ്മാനം വേഗത്തില്‍ വരാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സര്‍ജറി ആരും ഇഷ്ടപ്പെടുന്നില്ല
അനാവശ്യമായുള്ള സര്‍ജറി ഒരു രോഗിയും ഇഷ്ടപ്പെടുന്നില്ല. പരമാവധി സര്‍ജറി ഒഴിവാക്കാനാണ് രോഗികളുടെ ശ്രമം. മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വര്‍ധിക്കാന്‍ കാരണങ്ങള്‍ പലതാണ്. ശസ്ത്രക്രിയക്കു ശേഷം ശരീരത്തിനകത്ത് വയ്ക്കുന്ന ഉപകരണങ്ങള്‍ക്കും ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കും വന്‍ വിലക്കുറവ് ഉണ്ടായിട്ടുണ്ട്. ഇത്തരം ഉപകരണങ്ങള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുണ്ട്. ഈ ശസ്ത്രക്രിയക്ക് മികച്ച പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ കേരളത്തില്‍ വര്‍ധിച്ചു. അഞ്ചു ഡോക്ടര്‍മാരുടെയെങ്കിലും ഉപദേശം ലഭിച്ച ശേഷമേ ഒരാള്‍ ഇത്തരം സര്‍ജറിക്ക് തയാറാവുന്നുള്ളൂ. അതുകൊണ്ടു തന്നെ അനാവശ്യ സര്‍ജറി നടക്കുന്നേയില്ല.
ഡോ. രാജീവ് രാഘവന്‍
(അസ്ഥിരോഗ വിദഗ്ധന്‍, ജില്ലാ ആശുപത്രി, കണ്ണൂര്‍)
ജീവനക്കാരെ പരിഹസിക്കുന്നു
അനാവശ്യ സര്‍ജറിയെന്ന് പറഞ്ഞ് ജീവനക്കാരെ സര്‍ക്കാര്‍ പരിഹസിക്കുകയാണ്. ആരെങ്കിലും അനാവശ്യമായി അവരവരുടെ മുട്ടും ഇടുപ്പും മാറ്റിവയ്ക്കുമോ. അങ്ങനെ മാറ്റിവച്ചാല്‍ ആ തുക രോഗിക്ക് കിട്ടണം. അത് നടക്കില്ലല്ലോ. പലതും സര്‍ക്കാര്‍ മുടക്കുകയാണ്. യൂറോളജി ശസ്ത്രക്രിയ പോലും നിജപ്പെടുത്തിയിരിക്കുകയാണ്. ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. പെന്‍ഷനൊക്കെയായി കഴിഞ്ഞാല്‍ മുട്ട്, ഇടുപ്പ് രോഗങ്ങള്‍ സ്വാഭാവികമാണ്. ഇതിനെയൊക്കെ അനാവശ്യമെന്ന് പറഞ്ഞാല്‍ ഉള്‍ക്കൊള്ളാനാകില്ല.
കെ.സി രാജന്‍
(കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."