രുചിപ്പെരുമയിൽ നോമ്പുതക്കാരം
നിയാസ് അലി
ഭക്ഷണങ്ങളും ആഗ്രഹങ്ങളുമെല്ലാം ഒഴിവാക്കി ദൈവപ്രീതിയില്‍ ആരാധനയില്‍ മുഴുകുക എന്നത് ദേശവ്യത്യാസമില്ലാത്ത കര്‍മമാണ്. അതുകൊണ്ടുതന്നെ നോമ്പുകാലത്തെ പകലുകള്‍ക്ക് ദേശാന്തരങ്ങള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍ നോമ്പുരാവുകള്‍ ഓരോ പ്രദേശത്തിന്റെയും സാംസ്‌കാരിക വൈവിധ്യങ്ങളുടെ പ്രകടനമാവുന്നത് പൊതുകാഴ്ചയാണ്. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലെ നോമ്പുകാല കാഴ്ചകള്‍ ഈ പ്രദേശത്തിന്റേത് മാത്രമാവുന്നത് അങ്ങനെയാണ്.
ലൗഡ്‌സ്പീക്കര്‍ പ്രചരിച്ചിട്ടില്ലാത്ത കാലത്ത് നകാര കൊട്ടിയും മറ്റുമാണ് മാസപ്പിറവിയും അത്താഴ സമയവുമെല്ലാം അറിയിച്ചിരുന്നത്. മാസമുറപ്പിക്കല്‍ ചടങ്ങ് നടക്കുന്ന തീരപ്രദേശങ്ങളില്‍നിന്ന് ഈ മലയോര മേഖലയിലേക്ക് വാര്‍ത്തയെത്താനുള്ള കാലതാമസം കാരണം തറാവീഹ് വൈകിയാരംഭിക്കുന്നത് പഴയകാല കാഴ്ചയാണ്.
നോമ്പുകാലരാത്രികള്‍ പൊതുവില്‍ രണ്ടുവിധത്തിലാണ്. പുതിയാപ്ല വീട്ടിലുള്ള ദിവസവും പുതിയാപ്ല ഇല്ലാത്ത ദിവസവും. വിവാഹശേഷം ഭര്‍ത്താക്കന്മാര്‍ ഭാര്യവീട്ടില്‍ താമസിക്കുക എന്ന രീതി പിന്തുടരുന്ന അപൂര്‍വം ചില പ്രദേശങ്ങളിലൊന്നായ ഇവിടത്തുകാര്‍ക്ക് നോമ്പുതുറ വിഭവങ്ങളൊരുക്കുന്നതില്‍ പുതിയാപ്ലയെ സല്‍ക്കരിക്കുക എന്ന അധികച്ചുമതലകൂടി ഉണ്ടാകും. വിവാഹം കഴിഞ്ഞതിന്റെ ആദ്യനാളുകള്‍ മാത്രമല്ല പുതിയാപ്ല സല്‍ക്കാരം. പുതിയാപ്ല മരണപ്പെട്ടാല്‍ ആ ഖബറിനുപോലും പുതിയാപ്ലയുടെ ഖബര്‍ എന്ന ബഹുമതി കുറയാതെ ഉണ്ടാകും.
അപ്രതീക്ഷിതമായി നോമ്പുതുറ നേരത്ത് പുതിയാപ്ല കയറിവന്നേക്കാനുള്ള സാധ്യതയെ മുന്നില്‍ക്കണ്ട് എല്ലാ ദിവസവും ചെറുതല്ലാത്ത ഒരുക്കത്തില്‍ തന്നെയായിരിക്കും ഭാര്യാവീട്ടുകാര്‍. പുതിയാപ്ല വന്നുകയറിയതിനു ശേഷമുള്ള ആദ്യത്തെ റമദാനാണെങ്കില്‍ വരനൊപ്പം ചിലപ്പോഴെങ്കിലും പരിവാരങ്ങളുമുണ്ടാകും. ആ ദിവസങ്ങളില്‍ വീട്ടുകാരെ സഹായിക്കാന്‍ അയല്‍ക്കാരും ഒത്തുചേരും. ഇവര്‍ക്കുകൂടി വിഭവമൊരുക്കി വരുമ്പോഴേക്കും വീട്ടിലുള്ള സ്ത്രീകളും അയല്‍ക്കാരികളും ക്ഷീണിതരായി കാണപ്പെടും. എങ്കിലും ഒരുമിച്ചുകൂടലിന്റെ സ്‌നേഹവും സൗഹാര്‍ദവും പങ്കിടുമ്പോള്‍ അവരതു മറക്കുകയും ചെയ്യും. നോമ്പ് മുപ്പതും പുതിയാപ്ല വീട്ടിലുണ്ടായാലും പലഹാരങ്ങളും നോമ്പുവിഭവങ്ങളുമായി പുതിയാപ്ലയുടെ കുടുംബവീട്ടിലേക്കു പോവുക എന്നത് പെണ്‍വീട്ടുകാര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത മാമൂലാണ്. മോന്റോളെ (മരുമകളുടെ) വീട്ടില്‍നിന്ന് കൊണ്ടുവന്ന പലഹാരങ്ങള്‍ കൃത്യമായി വീതിച്ച് കുടുംബക്കാര്‍ക്കും അയല്‍പക്കക്കാര്‍ക്കും എത്തിച്ചു കൊടുക്കലാണ് ചെക്കന്റെ വീട്ടുകാരുടെ അടുത്ത പണി.
ഭൂമിശാസ്ത്രപരമായി ഒരുഭാഗം മുഴുവന്‍ കടലായതുകൊണ്ടുതന്നെ കേരളം വാതിലടക്കാനാകാത്ത സംസ്ഥാനമാണെന്നതും അത് ഒരുപരിധിവരെ വൈദേശിക കടന്നുവരവുകള്‍ക്ക് കാരണമായെന്നതും ചരിത്രവസ്തുതയാണല്ലോ. കേരളത്തിലെ ഒരേയൊരു മുസ്‌ലിം രാജവംശം സ്ഥിതിചെയ്ത കണ്ണൂര്‍ ഏറെക്കുറെ ഒരു മിനി അറേബ്യയാണെന്ന് നോമ്പുകാലം നമുക്കു ബോധ്യപ്പെടുത്തിത്തരും.
അറേബ്യന്‍ വിഭവങ്ങള്‍കൊണ്ട് സമ്പന്നമായിരിക്കും വീടുകളും രാത്രികാല റമദാന്‍ സ്റ്റാളുകളുമെല്ലാം. അറേബ്യന്‍ വിഭവങ്ങള്‍ എന്ന പേരില്‍ അറബുനാടുമായി പുലബന്ധമില്ലാത്ത വിഭവങ്ങളുമുണ്ട്. മുട്ടമാലയും ഇറച്ചിപ്പത്തിരിയും കായി അടയുമെല്ലാം അറബുനാടുമായി എന്തു ബന്ധമാണുള്ളത്? ഇവിടെ ഭക്ഷണവൈവിധ്യങ്ങള്‍ തയാറാക്കുന്നതിന്റെ ലക്ഷ്യം ഒരുകാലത്തും വയറുനിറച്ച് തിന്നുക എന്നതായിരുന്നില്ല. മറിച്ച്, ഇഷ്ടക്കാരെ സല്‍ക്കരിക്കുക എന്നതായിരുന്നു.
നോമ്പെടുത്ത് ക്ഷീണിച്ച പകലിനു ശേഷം രുചിവൈവിധ്യങ്ങള്‍ കൊണ്ട് രാത്രിയെ പകലുകളാക്കുന്ന റമദാന്‍ സ്‌പെഷല്‍ സ്റ്റാളുകള്‍ നഗരങ്ങളില്‍ സജീവമാണ്. വീട്ടിലെ നോമ്പുതുറ കഴിഞ്ഞ് മഗ്‌രിബ് നിസ്‌കാരത്തിനായി എത്തുന്നവരെ ലക്ഷ്യംവച്ച് തുടങ്ങിയ ഇത്തരം സ്റ്റാളുകള്‍ നഗരങ്ങളിലെ സ്ഥിരം കാഴ്ചയാണ്.
കണ്ണൂര്‍ സിറ്റിയിലെ തലയെടുപ്പോടെ നില്‍ക്കുന്ന അറക്കല്‍ പള്ളിക്കു സമീപമുള്ള പ്രദേശങ്ങള്‍ ഇത്തരം രുചിവൈവിധ്യങ്ങളുടെ കേന്ദ്രങ്ങളാണ്. നാഗൂരില്‍ നിന്നും തമിഴ്‌നാട്ടിലെ മറ്റു ദര്‍ഗകളില്‍ നിന്നുമൊക്കെ വരുന്ന ഉഠോ ബാബകളുടെ അറബനയുടെ അകമ്പടിയോടുകൂടിയുള്ള സുഫീ സംഗീതങ്ങള്‍, പള്ളി ദര്‍സിലെയും അറബിക് കോളജിലെയും പഠിതാക്കളുടെടെ തത്വോപദേശങ്ങളാല്‍ സമ്പന്നമായ ഉറുദി, മരിച്ച മനുഷ്യരുടെ ഖബറിനരികിലുള്ള ഖുര്‍ആന്‍ പാരായണത്തിന്റെ ആശ്വാസ ശബ്ദങ്ങള്‍... അങ്ങനെ സുകൃതങ്ങളാല്‍ അലങ്കരിക്കപ്പെട്ട നിമിഷങ്ങള്‍ക്കാണ് ഓരോ നോമ്പുകാലവും സാക്ഷ്യം വഹിക്കുന്നത്.
രസകരമായ ഒരനുഭവത്തിലേക്ക്. കാലങ്ങള്‍ക്കു മുമ്പ് സഹോദരീപുത്രന്‍ ചില രൂപങ്ങളെ വരക്കുകയുണ്ടായി. ഇത്തരം ചിത്രങ്ങള്‍ വീട്ടിലുണ്ടായാല്‍ വീട്ടില്‍ മലക്കുകള്‍ വരില്ലെന്ന സഹോദരിയുടെ ഉപദേശം കേട്ട കുട്ടി ഉടന്‍തന്നെ അതു കീറിക്കളഞ്ഞു. വീട്ടുകാരെല്ലാവരും അകത്ത് പല ജോലികളില്‍ മുഴുകിയിരിക്കെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി ഉറക്കെ ഇപ്രകാരം വിളിച്ചുപറയുന്നുണ്ടായിരുന്നു.
ഉമ്മാ, മലക്ക് വരുന്നുണ്ട്... മലക്ക്'
കേട്ടപാടെ ഒരു ഞെട്ടലില്‍ ഞങ്ങളെല്ലാവരും വീടിന്റെ ഉമ്മറത്തുവന്ന് നോക്കുമ്പോള്‍ പുറത്ത് രണ്ട് മുതഅല്ലിം കുട്ടികള്‍ നില്‍ക്കുന്നു. തൊട്ടടുത്തുള്ള അറബിക് കോളജിലെ വിദ്യാര്‍ഥികള്‍.
തൂവെള്ള വസ്ത്രവും നീട്ടിയുള്ള സലാം പറച്ചിലും മുഖത്തെ വിനയവുമെല്ലാം കണ്ടപ്പോള്‍ കുട്ടി വിളിച്ചുപറയുകയായിരുന്നു. പള്ളികളിലെല്ലാം ഇത്തരം മതവിദ്യാര്‍ഥികളുടെ തത്വോപദേശങ്ങളാല്‍ നിറയുന്നതുകൂടിയാണ് ഓരോ റമദാനും. വിശന്നിരിക്കുന്ന നേരത്ത് ഒന്നുമില്ലാത്തവന്റെ ഇഫ്താറിനെക്കുറിച്ചും സകാത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും ഓര്‍മിപ്പിക്കുന്നതായിരിക്കും പല ഉറുദി പ്രഭാഷണങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."