HOME
DETAILS

തൃക്കാക്കരയിലേത് മതേതര കേരളത്തിന്റെ പാരമ്പര്യം

ADVERTISEMENT
  
backup
June 04 2022 | 19:06 PM

8653-5623

മുസ്തഫ മുണ്ടുപാറ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തങ്ങളുടെ സിറ്റിങ് സീറ്റ് നിലനിർത്തിയെന്നത് പ്രത്യക്ഷത്തിൽ വലിയ സംഭവമൊന്നുമല്ല. പക്ഷേ പരോക്ഷമായി നോക്കുമ്പോൾ അത് ഭരണത്തിന്റെ എല്ലാ അധികാരങ്ങളും പ്രയോജനപ്പെടുത്തി അരങ്ങിലും അണിയറയിലും തന്ത്രങ്ങൾ മെനഞ്ഞ് സർവ സന്നാഹങ്ങളുമായി കാടിളക്കി പ്രചാരണത്തിനിറങ്ങിയ സി.പി.എമ്മിന് വൻ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. നിയമസഭയിൽ സെഞ്ചുറി തികയ്ക്കുമെന്ന് അവകാശപ്പെട്ട്, വികസനത്തിനുവേണ്ടി വോട്ടു ചോദിച്ചെത്തിയവർ ഇഞ്ചുറി വാങ്ങി പിൻവാങ്ങേണ്ടിവന്നപ്പോൾ അത് കേവല പരാജയം മാത്രമല്ല. മുഖ്യമന്ത്രിയും 20 മന്ത്രിമാരും അറുപതിലേറെ എം.എൽ.എമാരും കണ്ണിമ വെട്ടാതെ ഉറക്കമൊഴിച്ച് പ്രചാരണം നടത്തിയിട്ടും യു.ഡി.എഫിന് റെക്കോഡ് ഭൂരിപക്ഷം ലഭിച്ചു എന്നതാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിന് കൂടുതൽ ആഘാതമേൽപ്പിക്കുന്നത്.


ഇത്തവണ പോളിങ് നില കുറവായിട്ടും കഴിഞ്ഞ തവണ പരിചയ സമ്പന്നനായ പി.ടി തോമസിന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം നേടി സഹധർമിണി ഉമ തോമസ് വിജയത്തേരിലേറിയത് സർക്കാരിന്റെ അവകാശവാദങ്ങൾക്കും ഭരണത്തിന്റെ തണലിൽ പ്രത്യക്ഷമായും പരോക്ഷമായും സ്വീകരിച്ച വർഗീയ പ്രീണന നയങ്ങൾക്കും ഏറ്റ കനത്ത തിരിച്ചടിയാണ്. ഭരണത്തിലിരിക്കുന്ന മുന്നണി വികസന അജൻഡകൾ ഉയർത്തിക്കാട്ടി, ഭരിക്കുന്ന പാർട്ടിയെന്ന നിലയ്ക്കു മണ്ഡലത്തിന് ലഭിക്കാവുന്ന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയിട്ടും ജനം അത് തിരസ്‌കരിച്ചതിന് പ്രധാന കാരണം വർഗീയശക്തികളുമായുള്ള കൂട്ടുകെട്ട് അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ്.


വിമർശനങ്ങൾക്കു മുന്നിൽ മുഖം രക്ഷിക്കാൻ വോട്ടു കൂടിയെന്ന് അവകാശപ്പെടാമെങ്കിലും സർക്കാരിന്റെ നയങ്ങൾക്ക് തൃക്കാക്കരയിലെ മതേതര വിശ്വാസികൾ നൽകിയ പ്രോഗ്രസ് റിപ്പോർട്ടാണ് ഈ വമ്പൻ പരാജയം. 2021ൽ നേടിയതിനേക്കാൾ 2244 വോട്ടുകൾ ഇടതുപക്ഷം നേടിയിട്ടുണ്ട് എന്നത് ശരി തന്നെ. എന്നാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മന്ത്രിമാരും മണ്ഡലത്തിൽ ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയിട്ടും 2016ലെ 49555ൽ എത്താൻ ക്രിസ്തീയ സഭയുടെ എല്ലാവിധ ആശീർവാദത്തോടെയും രംഗത്തിറക്കിയ ഡോ. ജോ ജോസഫ് എന്ന സ്ഥാനാർഥിക്കായില്ല. ആരു മത്സരിച്ചാലും കിട്ടുന്ന ശരാശരി വോട്ട് മാത്രമേ ജോക്ക് നേടാനായുള്ളൂ.


കഴിഞ്ഞതവണ പി.ടി തോമസ് നേടിയത് 14329 എന്ന ഭൂരിപക്ഷമാണെങ്കിൽ ഇത്തവണ ഉമ തോമസ് അത് 25016 ആയി ഉയർത്തിയത് ഇടതുപക്ഷത്തിന്റെ തന്ത്രങ്ങൾ മതേതര കേരളം സ്വീകരിച്ചില്ലെന്നതിന് തെളിവായി. പാർട്ടി അണികളിൽ ഏറെ സ്വാധീനമുള്ള അഡ്വ. കെ.എസ് അരുൺകുമാറിനെ പിന്തള്ളിയാണ് സിറോ മലബാർ സഭയുടെ പിന്തുണയോടെ ക്രിസ്ത്യൻ മാനേജ്‌മെന്റിന് കീഴിലുള്ള ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോ ജോസഫിനെ സി.പി.എം സ്ഥാനാർഥിയായി അവതരിപ്പിച്ചത്. എല്ലാത്തിനുമപ്പുറം ക്രിസ്ത്യൻ പ്രീണനം തന്നെയായിരുന്നു പാർട്ടിയെ ഇതിനു പ്രേരിപ്പിച്ചത്. സഭാപ്രതിനിധിയുടെ സാന്നിധ്യത്തിൽ ലിസി ആശുപത്രിയിൽ വെച്ച് സ്ഥാനാർഥിയുടെ രംഗപ്രവേശനം നടത്തിയിടത്തുതന്നെ ഭരണം കൈയാളുന്ന സി.പി.എമ്മിന് പിഴവ് പറ്റിയിരുന്നു. ഇതേ സംഭവം യു.ഡി.എഫിന്റെ ഭാഗത്തായിരുന്നെങ്കിൽ എന്തൊക്കെയാവുമായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചാരണങ്ങൾ എന്നുകൂടി സി.പി.എം അപ്പോൾ ആലോചിക്കേണ്ടതായിരുന്നു. ജില്ലയിലെ യുവ മുഖമായ കെ.എസ് അരുൺകുമാറിനെ ഒഴിവാക്കിയതിൽ കൃത്യമായ വിശദീകരണം അണികൾക്കുപോലും നൽകാൻ പാർട്ടിക്കു കഴിഞ്ഞില്ല. മാത്രമല്ല, തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടെ കടുത്ത മുസ്‌ലിം വിദ്വേഷ പ്രചാരണവുമായി പി.സി ജോർജ് രംഗത്തെത്തിയിട്ടും സർക്കാർ നടപടി ഒച്ചിന്റെ വേഗതയിലാണ് നീങ്ങിയത്.
തീവ്ര ക്രൈസ്തവ നിലപാട് സ്വീകരിക്കുകയും മുസ്‌ലിംവിരുദ്ധ പ്രചാരണം നടത്തുകയും ചെയ്യുന്ന ചിലർ സാമൂഹികമാധ്യമങ്ങളിലൂടെ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിക്കുകയും യു.ഡി.എഫ് സ്ഥാനാർഥി ഉമയ്‌ക്കെതിരേ പരസ്യനിലപാട് സ്വീകരിക്കുകയും ചെയ്തു. ലൗ ജിഹാദ് അടക്കമുള്ള വ്യാജ പ്രചാരണങ്ങൾ നടത്തി മുസ്‌ലിംവിരുദ്ധ നിലപാട് സ്വീകരിക്കുന്ന കെന്നഡി കരിമ്പിൻകാലയും പരസ്യമായി എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ, കേരളത്തിൽ നാർക്കോട്ടിക് ജിഹാദും ലൗ ജിഹാദും ഉണ്ടെന്ന് പറഞ്ഞ് മുസ്‌ലിം വിദ്വേഷം പരത്താൻ ശ്രമിക്കുന്ന കാസ പോലുള്ള സംഘടനകളെ തള്ളിപ്പറയാൻ ഒരിക്കൽ പോലും സി.പി.എം തയാറായില്ല.


കോടഞ്ചേരിയിൽ സി.പി.എം പ്രാദേശിക നേതാവായ മുസ്‌ലിം യുവാവ് ക്രിസ്ത്യൻ യുവതിയെ പ്രണയ വിവാഹം ചെയ്തപ്പോൾ അതിനെ ലൗ ജിഹാദായി സി.പി.എമ്മിന്റെ മുൻ എം.എൽ.എ ജോർജ് എം. തോമസ് പ്രഖ്യാപിച്ചതും ഈയിടെയായിരുന്നു. വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാൻ ഒരു വിഭാഗത്തിന്റെ നീക്കം നടക്കുന്നുവെന്നായിരുന്നു ജോർജ് എം. തോമസ് ആരോപിച്ചത്. മാത്രമല്ല, ക്രിസ്തീയ സഭകളെ പ്രീണിപ്പിക്കുന്നതിനായി മുസ്‌ലിംകൾക്ക് മാത്രം അവകാശപ്പെട്ട സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ ആനുകൂല്യങ്ങൾ മറ്റുവിഭാഗങ്ങൾക്കുകൂടി വീതിച്ചുനൽകിയ സർക്കാർ നടപടിയും വിമർശിക്കപ്പെട്ടു.ഇതെല്ലാം സർക്കാരിന് തിരിച്ചടിയാവുകയായിരുന്നു.


അതേസമയം, ക്രിസ്തീയ സഭകൾക്ക് കാര്യമായ സ്വാധീനമുള്ള മേഖലയായിട്ടുകൂടി സഭയോട് നിരന്തരം കലഹിച്ച പി.ടി തോമസിന്റെ വിധവയെ തന്നെ യു.ഡി.എഫ് സ്ഥാനാർഥിയായി രംഗത്തിറക്കി. പകരം സഭയ്ക്ക് സ്വീകാര്യനായ ഒരാൾ യു.ഡി.എഫിന് പരീക്ഷിക്കാമായിരുന്നെങ്കിലും അവർ അതിന് മുതിർന്നില്ല. തീവ്രവാദികളുടെ വോട്ടുകൾ തങ്ങൾക്ക് വേണ്ടെന്ന് വി.ഡി സതീശൻ പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും കാസ പോലുള്ള സംഘടനകളുടെ പിന്തുണ തങ്ങൾക്കു വേണ്ടെന്ന് ഇടതുപക്ഷത്തിന് പറയാൻ ധൈര്യമുണ്ടായില്ല. പക്ഷേ തങ്ങൾക്ക് ഇതൊന്നും സ്വീകാര്യമല്ലെന്ന് ജനം അന്നേ തീരുമാനിച്ചിരുന്നതായി തെരഞ്ഞെടുപ്പ് ഫലത്തിൽനിന്ന് വ്യക്തമാവും.


വർഗീയ, പ്രീണന അജൻഡകൾ പരാജയപ്പെട്ടതിന്റെ തെളിവാണ് ബി.ജെ.പിയുടെ വോട്ടുനില കുറഞ്ഞത്. കടുത്ത മുസ്‌ലിം വിദ്വേഷം വിളിച്ചുപറയുന്ന പി.സി ജോർജിനെ കളത്തിലിറക്കിയിട്ടും ബി.ജെ.പിക്ക് ഒരു നേട്ടവും ഉണ്ടാക്കാനായില്ല. സംസ്ഥാനത്തെ പ്രമുഖ നേതാവായ എ.എൻ രാധാകൃഷ്ണനെത്തന്നെ ഇറക്കിയിട്ടും നേടാനായത് 12957 വോട്ട് മാത്രം. ഒരു വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ എ. സജി 15483 വോട്ട് നേടിയപ്പോൾ ഇത്തവണ ബി.ജെ.പിക്ക് 2526 വോട്ടിന്റെ കുറവ് അനുഭവപ്പെട്ടു. അതായത് കഴിഞ്ഞ തവണ 11.34 ശതമാനം വോട്ട് നേടിയ പാർട്ടി കടുത്ത വർഗീയ പ്രചാരണങ്ങൾ വിലപ്പോവാതെ 9.57 ലേക്ക് ചുരുങ്ങി.


കെ റെയിൽ വിരുദ്ധ വികാരമൊഴിച്ചാൽ കാര്യമായ പ്രതികൂല ഘടകങ്ങളൊന്നും സർക്കാരിനെതിരേ ഉന്നയിക്കാൻ ഇല്ലാതിരുന്നിട്ടും സി.പി.എമ്മിന്റെ പ്രതീക്ഷകളെല്ലാം തകർന്നടിഞ്ഞത് കേരളത്തിന്റെ മതേതര നിലപാടിലൂടെയാണ്. വർഗീയതയെ ഭരണകൂടം പിന്തുണച്ചാലും അത് തങ്ങൾ അംഗീകരിക്കില്ലെന്ന് തൃക്കാക്കരയുടെ മതേതര മനസ്സ് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഇന്ത്യയിലെ ലുലു ഫോറെക്‌സിന്റെ 31ാം ശാഖ കോഴിക്കോട് ലുലു മാളില്‍

Kerala
  •  16 minutes ago
No Image

പി.വി അന്‍വറിന് പിറകില്‍ അന്‍വര്‍ മാത്രം, മറ്റാരുമില്ല;അന്വേഷണം അട്ടിമറിക്കാനാവില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  35 minutes ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; 20 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് എ.എ.പി

National
  •  41 minutes ago
No Image

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

Kerala
  •  2 hours ago
No Image

ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നു: മന്ത്രി ജി.ആര്‍ അനില്‍

Kerala
  •  2 hours ago
No Image

രാജ്യത്ത് ആര്‍ക്കും എംപോക്‌സ് ഇല്ല; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

National
  •  2 hours ago
No Image

ഇന്നും നാളെയും ശക്തമായ മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

സ്‌കൂളും പഠനവുമില്ലാതെ രണ്ടാം അധ്യയന വര്‍ഷത്തിലേക്ക്; ലോകത്തിനു മുന്നില്‍ ചോദ്യചിഹ്നമായി ഗസ്സയിലെ 6.3 ലക്ഷം വിദ്യാര്‍ഥികള്‍

International
  •  3 hours ago
No Image

നിവിന്‍ പോളിക്കെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago
No Image

'നിങ്ങള്‍ ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്, ചുണ്ടില്‍ എന്താണ് പുരട്ടാറ്' പശിമ ബംഗാള്‍ മെഡിക്കല്‍ കോളജിലെ വൈവ ചോദ്യങ്ങള്‍ ഇങ്ങനെ 

National
  •  3 hours ago