കനലെരിയുന്ന ജീവിതങ്ങള്‍!
ദിവ്യ ജോണ്‍ ജോസ്
അതിര്‍ത്തിരക്ഷാ സേനയെക്കുറിച്ചുള്ള ചില പരിപാടികള്‍ ടി.വിയില്‍ സ്ഥിരം കാണുമായിരുന്നു. ചിലപ്പോഴെല്ലാം തമാശ നിറഞ്ഞതും മറ്റു ചിലപ്പോള്‍ അപകടകരമായ സംഭവങ്ങളും അതില്‍ കാണിക്കാറുണ്ട്. ഓരോ രാജ്യങ്ങളുടെയും അതിര്‍ത്തി കടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൗതുകരമായതും ഗൗരവമേറിയതും; ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അനാവശ്യമായ ചോദ്യംചെയ്യലുകളും പെട്ടി തുറന്നുള്ള പരിശോധനയും ഒഴിവാക്കാം എന്നുമൊക്കെ മനസിലാക്കാനും പറ്റിയിരുന്നു.
എയര്‍പോര്‍ട്ടിലെ ചെക്കിങ്ങില്‍ നാട്ടില്‍നിന്നു കൊണ്ടുവരുന്ന പല സാധനങ്ങളും എടുത്തു പുറത്തിട്ട് വിശദീകരിക്കേണ്ട സന്ദര്‍ഭങ്ങളെപ്പറ്റി പല സുഹൃത്തുക്കളും പല കഥകളും പറയാറുണ്ട്. മാത്രമല്ല, എനിക്കുതന്നെ ഇത്തരത്തിലുള്ള മൂന്നോ നാലോ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവുമടുത്തു നടന്നത് പെട്ടിയിലുണ്ടായിരുന്ന ധന്വന്തരം കുഴമ്പ് പുറത്തെടുക്കാന്‍ പറഞ്ഞ സംഭവമാണ്. അതെന്താണെന്നു പറഞ്ഞു ഫലിപ്പിക്കാന്‍ ഇച്ചിരി പാടുപെട്ടു എന്നുമാത്രം. ഒരു സുഹൃത്തിന് ബാഗിലുണ്ടായിരുന്ന കറുത്ത കുടമ്പുളി എന്തോ അപകടംപിടിച്ച സാധനമെന്നു കരുതി ചോദ്യംചെയ്തപ്പോള്‍ അവസാനം അത് തിന്നുകാണിക്കേണ്ടിവന്നു! ഇതൊക്കെ ചിരിച്ചുതള്ളാമെങ്കിലും അമേരിക്കയിലെ 9/11 സംഭവത്തിനുശേഷം അവിടേക്കുള്ള യാത്രയില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് കൂടുതല്‍ കര്‍ക്കശമായി. പാക്-ബ്രിട്ടിഷ് എഴുത്തുകാരി കമില ഷംസി ഇതു പറയുമ്പോള്‍ അതിന് കുറച്ചുകൂടി പ്രധാന്യം വരുന്നത്, പലപ്പോഴായി അവരോടൊപ്പമുണ്ടായിരുന്ന ചില യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം ഇന്ററോഗേഷന്‍ മുറിയില്‍ ചോദ്യംചെയ്യലുകള്‍ക്ക് വിധേയമാകേണ്ടിവന്നത് കാണുകയും പല യാത്രകളിലും ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കുകയും അതൊരു നോവലിനുള്ള പ്രചോദനമാവുകയും ചെയ്തതുകൊണ്ടാണ്.
സോഫക്ലീസിന്റെ 'ആന്റിഗണി' എന്ന കഥാപാത്രത്തിനാല്‍ പ്രചോദിതയായി കമില ഷംസി എഴുതിയ നോവലാണ് ഹോം ഫയര്‍. ഈ നോവല്‍ തുടങ്ങുന്നത് മുസ്‌ലിം നാമധാരിയായതുകൊണ്ടുമാത്രം ഇസ്മ എന്ന യുവതി-നോവലിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്ന്- മസാച്ചുസെറ്റ് എയര്‍പോര്‍ട്ടില്‍ ദീര്‍ഘമായ ചോദ്യംചെയ്യലിനു വിധേയമാകുന്നത് വിവരിച്ചുകൊണ്ടാണ്. മാതാപിതാക്കള്‍ മരിച്ചശേഷം തന്റെ ഇളയതുങ്ങളായ ഇരട്ടസഹോദരങ്ങളെ വളര്‍ത്തിവലുതാക്കുന്നത് ഇസ്മയാണ്. ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന് പാകിസ്താന്‍ വേരുകളുള്ള അവര്‍ സ്റ്റുഡന്റ് വിസയില്‍ അമേരിക്കയിലെ മസാച്ചുസെറ്റിലേക്ക് പിഎച്ച്.ഡി ചെയ്യാന്‍ പോകുന്നു. വിമാനത്താവളത്തില്‍വച്ച് നേരിടേണ്ടിവരുന്ന ചോദ്യംചെയ്യലുകള്‍, മാനസികപിരിമുറുക്കങ്ങള്‍, വിമാനം നഷ്ടപ്പെടുന്നതിലുള്ള സങ്കടം എന്നിവ വിവരിക്കുന്നതിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. ഒരു ക്ലാസിക് കൃതിയോട് സാമ്യപ്പെടുന്ന രീതിയിലാണ് ഹോം ഫയര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ചോദ്യംചെയ്യല്‍ രണ്ടു മണിക്കൂര്‍ നീളുന്നു. ശീഈ മുസ്‌ലിം, ഹോമോസെക്‌സ്, ബ്രിട്ടിഷ് രാജ്ഞി, ഡെമോക്രസി, ദ ഗ്രേറ്റ് ബ്രിട്ടിഷ് ബേക് ഓഫ്, ഇറാഖികളുടെ പ്രശ്‌നങ്ങള്‍, ഇസ്‌റാഈല്‍, ചാവേര്‍ ബോംബുകള്‍, ഡേറ്റിങ് വെബ്‌സൈറ്റ് തുടങ്ങിയ വിഷയങ്ങളെപ്പറ്റിയെല്ലാം അവരോടു ചോദിക്കുന്നു. ഇതിനിടയില്‍ ഇസ്മയുടെ കമ്പ്യൂട്ടറിലെ ബ്രൗസിങ് ഹിസ്റ്ററി വരെ അവര്‍ പരിശോധിക്കുന്നു.
ആന്റിഗണിയെപ്പോലെ അഞ്ചു ഭാഗങ്ങളായി ഈ നോവലിനെ തിരിച്ചിരിക്കുന്നു. ആന്റിഗണി വായിക്കാത്തവര്‍ക്കും ഹോം ഫയര്‍ ഒരു സ്വതന്ത്ര കൃതിയായി വായിക്കാനാകുമെന്ന് കമില പറയുന്നു. എന്നാല്‍ ആന്റിഗണിയുടെ പ്ലോട്ട് വായിക്കുന്നത് ഒരുപക്ഷേ, വ്യത്യസ്തവീക്ഷണത്തിലൂടെ നോവലിനെ കാണാന്‍ സഹായിക്കുമെങ്കില്‍ അതാവട്ടെയെന്നും അവര്‍ പറയുന്നുണ്ട്. താന്‍ തന്നെ ആന്റിഗണിയുടെ പരിഭാഷകള്‍ വായിച്ചതും വിവിധതരത്തില്‍ കൃതിയെ മനസിലാക്കാന്‍ പറ്റിയതായും കമില പറയുന്നുണ്ട്. യാദൃശ്ചികമായാണെങ്കിലും ആന്റിഗണിയുടെ ഘടനയോട് പ്രത്യക്ഷമായി ഹോം ഫയര്‍ താരതമ്യപ്പെടുന്നുണ്ടെന്ന് അവര്‍ സമ്മതിക്കുന്നു.
മൂന്നു സഹോദരങ്ങളുടെ കഥയാണ് ആന്റിഗണി. ഹോം ഫയറില്‍ മൂന്നു മുസ്‌ലിം സഹോദരങ്ങള്‍ കഥാപാത്രങ്ങളാകുന്നു. ആന്റിഗണിയില്‍ സഹോദരന്റെ മരണശേഷം രാജാവിന്റെ അപ്രീതിക്കു കാരണമായി എന്ന കാരണംകൊണ്ട് ഭൗതികശരീരം യഥാവിധി സംസ്‌കരിക്കാനാകാതെ ആന്റിഗണി ധര്‍മസങ്കടത്തിലാവുന്നു. ജീവന്‍പോയാലും വേണ്ടില്ല എന്നുറച്ച് സഹോദരനെ സംസ്‌കരിക്കാന്‍ മുന്നിട്ടിറങ്ങുന്ന അവള്‍ക്കു മുമ്പില്‍ ജീവിച്ചിരിക്കുന്ന സഹോദരിയുടെ ചോദ്യങ്ങള്‍ വീണ്ടും ഒരു കടമ്പയാവുന്നു.
ഹോം ഫയറില്‍ തീവ്രവാദിയായ പിതാവിന്റെ പാത പിന്തുടര്‍ന്ന് സിറിയയിലേക്കു പോകുന്ന സഹോദരന്‍ പര്‍വേസ് തീരുമാനങ്ങള്‍ തെറ്റായിരുന്നെന്ന തിരിച്ചറിവിലെത്തിയെങ്കിലും മരണപ്പെടുന്നു. ആന്റിഗണിന്റെ സഹോദരന്റെ ഭൗതികദേഹം സംസ്‌കരിക്കാന്‍ കഴിയാതെവരുമ്പോഴുണ്ടാകുന്ന മാനസികസമ്മര്‍ദങ്ങളെ ഈ നൂറ്റാണ്ടിലേക്കും കമില പകര്‍ത്തിവയ്ക്കുന്നത് പര്‍വേസിന്റെ മരണാനന്തരം നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ്. സോഫക്ലീസിന്റെ നാടകത്തെ അതുപോലേ അനുകരിക്കുകയല്ല മറിച്ച്, പുതിയ കാലത്തും നിലനില്‍ക്കുന്ന ചില അധികാരദുര്‍വിനിയോഗങ്ങളെ പുതിയ കഥയിലൂടെ ചോദ്യംചെയ്യുകയാണെന്ന് അവര്‍ സമ്മതിക്കുന്നുണ്ട്.
ലണ്ടന്‍, മസാച്ചുസെറ്റ്, സിറിയ, കറാച്ചി തുടങ്ങിയ സ്ഥലങ്ങളിലായി സഹോദരസ്‌നേഹവും പ്രണയവും മരണവും ഭീകരവാദവും അധികാരദുര്‍വിനിയോഗവും സര്‍വോപരി, ബ്രിട്ടിഷ് മുസ്‌ലിംകള്‍ നേരിടുന്ന ചില പ്രശ്‌നങ്ങളും അവതരിപ്പിക്കാനുള്ള ശ്രമംകൂടി ഹോം ഫയറില്‍ കാണാം.
നോവലിനുവേണ്ടി പലതും ഗൂഗിളില്‍ സെര്‍ച്ചുചെയ്യേണ്ടിവരുമ്പോള്‍ എപ്പോഴും ഒരു പ്രിക്കോഷ്യസ് മെന്റാലിറ്റി തന്നെ പൊതിഞ്ഞുനില്‍ക്കുന്നുണ്ടെന്നു തോന്നുമായിരുന്നുവെന്ന് കമില ഒരു അഭിമുഖത്തില്‍ പറഞ്ഞതോര്‍ക്കുന്നു. സിറിയയിലെ ചില കാര്യങ്ങള്‍ നോവലിനുവേണ്ടി തുടര്‍ച്ചയായി തിരയേണ്ടിവന്നപ്പോഴെല്ലാം ബ്രിട്ടനില്‍ താമസിക്കുന്ന ഒരു മുസ്‌ലിം എന്ന നിലയില്‍ നിരീക്ഷിക്കപ്പെടുമോ എന്നുപോലും സംശയിച്ചിരുന്നതായി അവര്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നവരാണ് എന്ന ബോധത്തോടെ ജീവിക്കേണ്ടിവരുന്നവരുടെ വൈകാരികസമ്മര്‍ദങ്ങള്‍ നോവലിലുടനീളം കഥാപാത്രങ്ങളിലൂടെ കമില പ്രകടിപ്പിക്കുന്നുണ്ട്. ആന്റിഗണിയിലെ രാഷ്ട്രീയവും അതുതന്നെയാണ്.
ദി വിമണ്‍ പ്രൈസ് ഫോര്‍ ഫിക്ഷന്‍ 2018ന് അര്‍ഹമായ ഈ കൃതി കമില ഷംസിയുടെ ഏഴാമത്തെ നോവലാണ്. 2017ലെ മാന്‍ ബുക്കര്‍ പ്രൈസിന് നാമനിര്‍ദേശം ചെയ്യപ്പെട്ട നോവലുകളിലൊന്ന് ഹോം ഫയര്‍ ആയിരുന്നു. 2019ല്‍ ബി.ബി.സി ന്യൂസ് 100 മോസ്റ്റ് ഇന്‍ഫ്‌ളുവന്‍ഷ്യല്‍ നോവലുകളുടെ പട്ടികയില്‍ ഇതിനെ ഉള്‍പ്പെടുത്തി. കറാച്ചിയില്‍ ജനിച്ച കമില ഷംസി ബ്രിട്ടിഷ് പൗരത്വം നേടി ഇപ്പോള്‍ യു.കെയില്‍ താമസിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."