കൈ പിടിച്ച് ഷെട്ടാറും; ഞെട്ടലൊഴിയാതെ ബി.ജെ.പി
ബംഗളൂരു: ബി.ജെ.പി വിട്ട മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജഗദീഷ് ഷെട്ടാറിനെ സ്വീകരിക്കുകയും ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസ് പതാക കൈമാറുകയും ചെയ്തു. സിറ്റിങ് മണ്ഡലമായ ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രലില്‍ ഷെട്ടാര്‍ മത്സരിക്കും.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബി.ജെ.പിക്ക് കനത്ത പ്രഹരം നല്‍കിയാണ് ജഗദീഷ് ഷെട്ടാറിന്റെ കോണ്‍ഗ്രസ് പ്രവേശനം. ആറു തവണ എം.എല്‍.എയായ 67 കാരനായ ഷെട്ടാര്‍, ബി.ജെ.പിയുമായി മൂന്നു ദശാബ്ദക്കാലമായുള്ള ബന്ധമാണ് ഉപേക്ഷിച്ചത്. ഞായറാഴ്ച എം.എല്‍.എ പദവിയും ബി.ജെ.പി അംഗത്വവും രാജിവെച്ച ഷെട്ടാറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.
#WATCH | Former Karnataka CM Jagadish Shettar joins Congress, in the presence of party president Mallikarjun Kharge, KPCC president DK Shivakumar & Congress leaders Randeep Surjewala, Siddaramaiah at the party office in Bengaluru.
— ANI (@ANI) April 17, 2023
Jagadish Shettar resigned from BJP yesterday. pic.twitter.com/vxqVuKKPs1
'മുതിര്‍ന്ന നേതാവെന്ന നിലക്ക് എനിക്ക് ടിക്കറ്റ് ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. എനിക്കത് കിട്ടില്ലെന്ന് വന്നപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ആരും എന്നോട് സംസാരിച്ചില്ല. എന്നെ ബോധ്യപ്പെടുത്താനും ശ്രമിച്ചില്ല' കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം ഷെട്ടാര്‍ പ്രതികരിച്ചു.
രണ്ടാം പട്ടികയിലും തന്നെ തഴഞ്ഞതോടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി ഷെട്ടാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സീറ്റ് നല്‍കില്ലെന്ന് വ്യക്തമാക്കിയ നേതൃത്വം പകരം, കുടുംബത്തില്‍ നിന്ന് ഒരംഗത്തെ സീറ്റിലേക്ക് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സ്ഥാനം അടക്കമുള്ള പദവികളും വാഗ്ദാനം ചെയ്തു.
സിറ്റിങ് മണ്ഡലമായ ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രലില്‍ സീറ്റ് നല്‍കണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്നും നിലപാട് കടുപ്പിച്ച ഷെട്ടാറിനെ അനുനയിപ്പിക്കാന്‍ കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍, കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബി.എസ്. യെദിയൂരപ്പ എന്നിവര്‍ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒരാഴ്ചക്കിടെ ബി.ജെ.പി വിടുന്ന രണ്ടാമത്തെ പ്രധാന നേതാവാണ് ഷെട്ടാര്‍. മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബി.ജെ.പി വിട്ടുവന്ന ലക്ഷ്മണ്‍ സാവ്ദിയ്ക്ക് സിറ്റിങ് സീറ്റായ അത്താനി സീറ്റ് കോണ്‍ഗ്രസ് നല്‍കിയിരുന്നു. മുതിര്‍ന്ന രണ്ട് നേതാക്കളും നിരവധി എംഎല്‍എമാരും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."