കെ.എസ്.ആർ.ടി.സി: ധനവകുപ്പ് 30 കോടി അനുവദിച്ചു
തിരുവനന്തപുരം
കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണത്തിനായി ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. 65 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.എം.ഡി നേരത്തെ ധനവകുപ്പിനു കത്തയച്ചിരുന്നു. ഇതു പരിഗണിച്ചാണ് തുക അനുവദിച്ചത്.
ബാക്കി തുകയുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഈ തുക കൊണ്ട് ശമ്പളവിതരണം നടത്താനാകില്ലെന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി. കഴിഞ്ഞ മാസവും ധനവകുപ്പ് കെ.എസ്.ആർ.ടി.സിക്ക് 30 കോടി രൂപ നൽകിയിരുന്നു. പിന്നാലെ ഘട്ടംഘട്ടമായാണ് ശമ്പളം വിതരണം ചെയ്തത്.
അതേസമയം ശമ്പള പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സിയിൽ സമരം തുടങ്ങി. ആരു വന്നുപോയാലും തൊഴിലാളികളും എം.ഡിയും ഇല്ലെങ്കിലും കെ.എസ്.ആർ.ടി.സി ഇവിടെ ഉണ്ടാകുമെന്ന് സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ. കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കോർപറേഷന്റെ തിരുവനന്തപുരം ചീഫ് ഓഫിസിന് മുന്നിൽ നടത്തുന്ന സത്യഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനത്തെയും തൊഴിലാളികളെയും വഴിയിൽ കാണുന്ന ചെണ്ടപോലെ കൊട്ടുകയാണ്. മാനേജ്മെന്റിന്റെ കുറ്റം തൊഴിലാളികളുടെ മേൽ കെട്ടിവയ്ക്കുന്നു. സ്ഥാപന നടത്തിപ്പിനുള്ള ഉത്തരവാദിത്വം മാനേജ്മെന്റിന് ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു.
ജനങ്ങളുടെ മുന്നിൽ ജീവനക്കാരെ ശത്രുവായിട്ടാണ് ചിത്രീകരിക്കുന്നത്. ജീവനക്കാരുടെ സേവനത്തിന്റെ കണിക പോലും മാനേജ്മെന്റ് കാണിക്കുന്നില്ല. സർക്കാരിന്റെയും കോർപറേഷന്റെയും ജീവനക്കാരുടെയും പങ്ക് ഇനം തിരിച്ച് കാണിക്കണമെന്നും ആനത്തലവട്ടം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."