കണ്ണൂരില്‍ ജനവാസമേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി
കണ്ണൂര്‍: അടയ്ക്കാത്തോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടി. രണ്ടാഴ്ച്ചയായി നാട്ടിലിറങ്ങി ഭീതി വിതച്ച കടുവയെ മയക്ക് വെടി വെച്ചാണ് പിടികൂടിയത്. വീടുകളുടെ പരിസരത്തടക്കം കടുവ കറങ്ങി നടക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അഞ്ച് ദിവസം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് കടുവയെ പിടികൂടിയത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് മയക്ക് വെടിവെച്ചത്. രണ്ട് വെറ്റിനറി ഡോക്ടര്‍മാരടങ്ങുന്ന വനം വകുപ്പിന്റെ ദൗത്യ സംഘമാണ് കടുവയെ പിടികൂടിയത്.
ഇടയ്ക്ക് കടുവ വനം വകുപ്പിന്റെ മുന്നില്‍പ്പെട്ടെങ്കിലും മയക്ക് വെടി വെക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഇന്നലെയും ഇതുപോലെ കരിയന്‍കാപ്പ് യക്ഷിക്കോട്ടയിലും, രാജമലയിലും കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു. കടുവയെ പിടികൂടാന്‍ സാധിക്കാതിരുന്നതിനാല്‍ അടയ്ക്കാത്തോട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.
ഇന്ന് കരിയങ്കാവിലെ റബര്‍ തോട്ടത്തില്‍ വെച്ചാണ് കടുവയെ കണ്ടത്. തുടര്‍ന്ന് കടുവയെ മറ്റൊരാളുടെ പറമ്പിലേക്ക് ഒടിച്ച് കയറ്റി. തുടര്‍ന്നാണ് മയക്ക് വെടി വെച്ചത്. പിടികൂടിയ കടുവയെ പ്രാഥമിക ചികിത്സ നല്‍കി കണ്ണവത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."