മുട്ടില്‍ വില്ലേജിലെ വിവാദ മരംമുറി: ആദിവാസികള്‍ ഉള്‍പ്പെടെ 68 കര്‍ഷകര്‍ക്കെതിരേ കേസ്
കല്‍പ്പറ്റ: മുട്ടില്‍ വില്ലേജിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന വിവാദ മരംമുറിയുമായി ബന്ധപ്പെട്ട് 68 കര്‍ഷകര്‍ക്കെതിരേ മോഷണക്കുറ്റത്തിന് പൊലിസ് കേസെടുത്തു. ഡെപ്യൂട്ടി തഹസില്‍ദാര്‍ അയൂബിന്റെ പരാതിയില്‍ മീനങ്ങാടി പൊലിസാണ് കേസെടുത്തത്. മരംമുറി നടന്ന സ്ഥലങ്ങള്‍ പൊലിസ് സന്ദര്‍ശിച്ചിരുന്നു.
റവന്യൂ പട്ടയഭൂമി ഉടമകളായ ആദിവാസികള്‍ അടക്കമുളളവര്‍ക്കെതിരേയാണ് കേസ്. ചെറുകിട ഭൂ ഉടമകളില്‍നിന്ന് മരം കച്ചവടം ചെയ്തുവെന്ന് ആരോപണമുള്ള വാഴവറ്റ സ്വദേശികളും സഹോദരങ്ങളുമായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരും കേസിലെ പ്രതികളാണ്. ഇവരുടെ ഭൂമിയില്‍നിന്നും മരം മുറിച്ചിട്ടുണ്ട്.
43 റവന്യൂ പട്ടയ ഭൂമികളിലാണ് മരങ്ങള്‍ മുറിച്ചത്. ചില ഉടമകള്‍ മരണമടഞ്ഞിനാല്‍ ഒന്നിലേറെ അനന്തരാവകാശികളാണുളളത്. ഇവരടക്കമാണ് 68 പേരെ പ്രതിചേര്‍ത്തത്. റവന്യൂ പട്ടയ ഭൂമിയിലെ മരംമുറി വന്‍ വിവാദമായതിനെ തുടര്‍ന്നാണ് തഹസില്‍ദാര്‍ പരാതി നല്‍കിയത്.
1964ലെ ഭൂ പതിവു ചട്ടംപ്രകാരം പതിച്ചുനല്‍കിയതിന് ശേഷം ഭൂമിയില്‍ സ്വയം കിളിര്‍ത്തതും ഭൂ ഉടമസ്ഥര്‍ നട്ടുപിടിപ്പിച്ചതുമായ മരങ്ങള്‍ മാത്രംമുറിക്കാന്‍ അനുമതി നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് കോടികള്‍ വിലവരുന്ന വീട്ടി അടക്കമുള്ള റിസര്‍വ് മരങ്ങള്‍ മുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."