ശമ്പളം എം.ഡിക്ക് മാത്രം പോര
സ്വന്തം ലേഖകൻ
കൊച്ചി
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കാലതാമസമില്ലാതെ ശമ്പളം നൽകിയേ പറ്റൂവെന്ന് ഹൈക്കോടതി. കോർപറേഷന്റെ ആസ്തിവിവര കണക്കുകളും വായ്പയെടുത്ത പണം എന്തിന് വിനിയോഗിച്ചുവെന്നതടക്കമുള്ള വിവരങ്ങളും അറിയിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
തങ്ങൾക്ക് കൃത്യമായി ശമ്പളം ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ സ്വകാര്യ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം.
കമ്പനി എം.ഡിക്കു മാത്രം സർക്കാർ ശമ്പളം കൊടുക്കുന്നതെന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. എല്ലാവരും ചെയ്യുന്നത് ജോലിയാണ്. ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഉയർന്ന പോസ്റ്റിലായാലും അല്ലെങ്കിലും ഒരുപോലെ ശമ്പളം വിതരണം ചെയ്യണം. മാനേജ്‌മെന്റിന് കാര്യപ്രാപ്തിയില്ലെങ്കിൽ അതിനു കഴിവുള്ളവരെ നിയമിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
ഡീസലില്ലാതെ വണ്ടിയും ശമ്പളമില്ലാതെ മനുഷ്യരും ഓടില്ല. യൂനിയൻ പ്രവർത്തനവും കൊടിപിടിക്കലും മാത്രമേ നടക്കുന്നൊള്ളൂ. കമ്പനി നന്നാകണമെങ്കിൽ എല്ലാവരും വിചാരിക്കണം.
സ്വകാര്യ മേഖല എന്തുകൊണ്ട് ലാഭത്തിൽ പോകുന്നുവെന്ന് നാം ചിന്തിക്കണം. 50,000 കോടി രൂപയുടെ ആസ്തിയുള്ള സ്ഥാപനമായിട്ടും ചില നിർമാണ പ്രവൃത്തികൾ മാത്രം നടത്തി വെറുതെ കിടക്കുകയാണ്.
ബസുകൾ ക്ലാസുകളാക്കുന്നതിനെയും കോടതി വിമർശിച്ചു. ക്ലാസുകൾ നിർത്തി സർവിസ് നടത്തണം. 30 കോടി സർക്കാർ നൽകിയിട്ട് ഈ മാസം ഇതുവരെ ശമ്പളം കൊടുത്തില്ല. കഴിഞ്ഞ മാസത്തെ വരുമാനത്തിൽനിന്നു തന്നെ ശമ്പളം നൽകാമായിരുന്നല്ലോയെന്നും കോടതി ചോദിച്ചു. ഹരജി വീണ്ടും 21ന് പരിഗണിക്കാൻ മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."