രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; അടുത്ത ഊഴം ആര്‍ക്ക്; ജൂണ്‍ 15ന് വിജ്ഞാപനം, ജൂലൈ 18ന് വോട്ടെടുപ്പ്
ന്യുഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ സമയക്രമം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഈ മാസം 15നാണ് വിജ്ഞാപനം. ജൂലൈ 18ന് വോട്ടെടുപ്പ് നടക്കും. ജൂലൈ 21ന് വോട്ടെണ്ണുമെന്നും ജൂലൈ 25ന് പുതിയ രാഷ്ട്രപതി ചുമതലയേല്‍ക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലോക്സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലേയും ഡല്‍ഹിയിലേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളേജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ഇലക്ടറല്‍ കോളേജില്‍ ഏറ്റവും കൂടുതല്‍ വോട്ട് മൂല്യമുള്ളത് ഉത്തര്‍പ്രദേശിനാണ്.
233 രാജ്യസഭാംഗങ്ങളും, 543 ലോക്സഭാംഗങ്ങളും, 4,120 നിയമസഭാ സാമാജികരും -ആകെ 4,896 ഇലക്ടര്‍മാര്‍ അടങ്ങുന്നതാണ് ഇലക്ടറല്‍ കോളേജ്. ഓരോ എം.പിയുടെയും വോട്ടിന്റെ മൂല്യം 708 ആയി നിജപ്പെടുത്തിയിട്ടുണ്ട്, സംസ്ഥാനങ്ങളില്‍ ഒരു എം.എല്‍.എയുടെ വോട്ടിന്റെ മൂല്യം ഏറ്റവും ഉയര്‍ന്നത് 208 ആണ്. അതനുസരിച്ച്, ഉത്തര്‍പ്രദേശ് നിയമസഭയുടെ മൊത്തം വോട്ടുകളുടെ മൂല്യം 83,824 ആണ്. ഓരോ വോട്ടിന്റെയും മൂല്യം 1971 ലെ സെന്‍സസ് അടിസ്ഥാനമാക്കി അതാത് സംസ്ഥാനത്തെ ജനസംഖ്യയുടെ ആനുപാതികമായി മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്നു.
ദേശീയ ജനാധിപത്യസഖ്യത്തിന് സ്വന്തം സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെങ്കിലും മുന്നണി സ്ഥാനാര്‍ത്ഥിക്ക് തന്നെയാവും രാജ്യസഭയില്‍ കൂടുതല്‍ വോട്ട്‌നേടാനാവുക.
രാഷ്ട്രപതിയുടെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അടുത്ത രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടനയുടെ 62-ാം അനുച്ഛേദത്തില്‍ പറയുന്നത്. 2017 ജൂലൈ 17-നാണ് അവസാനത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്.
നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ബി.ജെ.പി രണ്ടാമൂഴം കൊടുക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. അടുത്തപിന്‍ഗാമി ആരെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമായി. പ്രതിപക്ഷം ആരെ സ്ഥാനാര്‍ത്ഥിയായിക്കുമെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."