ഡിജിറ്റല്‍ ക്ലാസുകള്‍ ഫലപ്രാപ്തിയില്‍ എത്തിയില്ലെന്ന് പരിഷത്ത്
വി.കെ പ്രദീപ്
കണ്ണൂര്‍: കൊവിഡ് വ്യാപനത്തില്‍ സ്‌കൂളുകള്‍ അടച്ചിട്ടതിനെതുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഡിജിറ്റല്‍ ക്ലാസുകള്‍ ഫലപ്രാപ്തിയിലെത്തിയില്ലെന്നു ശാസ്ത്രസാഹിത്യ പരിഷത്ത്.
ഡിജിറ്റല്‍ ക്ലാസുകളിലൂടെ അധ്യയനത്തിന്റെ ലക്ഷ്യം പൂര്‍ണമായി നേടിയെടുക്കാനായില്ലെന്നു കഴിഞ്ഞ അധ്യയനവര്‍ഷത്തിനു ശേഷം നടത്തിയ പഠനത്തില്‍ പരിഷത്ത് വിലയിരുത്തുന്നു.ഇപ്പോള്‍ നടന്നുവരുന്ന സംഘടനയുടെ സമ്മേളനങ്ങളില്‍ ഈ റിപ്പോര്‍ട്ട് പ്രതിനിധികള്‍ക്കിടയില്‍ പരിഷത്ത് ചര്‍ച്ചയ്ക്കു വിധേയമാക്കുന്നുണ്ട്.
ഡിജിറ്റല്‍ ക്ലാസുകളിലൂടെ അധ്യയനത്തിന്റെ ലക്ഷ്യം പൂര്‍ണമായി നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൊവിഡ്കാല വിദ്യാഭ്യാസത്തില്‍ ഫലപ്രാപ്തി ഉറപ്പാക്കണമെന്നു പരിഷത്ത് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോട് ആവശ്യപ്പെടുന്നു.
രാജ്യത്തെ ഇതരസംസ്ഥാനങ്ങള്‍ക്കു സങ്കല്‍പിക്കാന്‍ പോലും കഴിയാത്തവിധം ഡിജിറ്റല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്ത് കുട്ടികളുടെ വിദ്യാഭ്യാസവിടവ് തടയാന്‍ കഴിഞ്ഞതവണ കഴിഞ്ഞു.അധ്യാപകര്‍ തുടര്‍പ്രവര്‍ത്തനവുമായി നിന്നതും വിദ്യാര്‍ഥികള്‍ക്കു പഠനത്തില്‍ ഗുണംചെയ്തു. എന്നാല്‍ സമ്പൂര്‍ണ വിദ്യാഭ്യാസമെന്ന രീതിയില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ വിജയിച്ചില്ലെന്നു പരിഷത്ത് പഠനം വിലയിരുത്തുന്നു.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിലയിരുത്തലുകള്‍ എസ്.സി.ഇ.ആര്‍.ടി, യൂനിസെഫ് എന്നീ ഏജന്‍സികളുടെ പഠനത്തില്‍ കാര്യകാരണ സഹിതം വ്യക്തമാക്കിയതായും സമ്മേളനങ്ങളില്‍ വയ്ക്കുന്ന റിപ്പോര്‍ട്ടില്‍ പരിഷത്ത് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."