'തായ്‌വാനി'ൽ ഉടക്കി ചൈനീസ്- യു.എസ് പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച യുദ്ധത്തിന് മടിക്കില്ലെന്ന് ചൈന
സിംഗപ്പൂർ സിറ്റി
തായ്‌വാന്റെ പേരിൽ ഉടക്കി യു.എസ്- ചൈനീസ് പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ വഷളായിരിക്കെയാണ് ഇന്നലെ സിംഗപ്പൂരിൽ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ചൈനീസ് പ്രതിരോധ മന്ത്രി വീ ഫെൻഗെയും കൂടിക്കാഴ്ച നടത്തിയത്. ഓസ്റ്റിൻ പെന്റഗൺ ആസ്ഥാനത്തെത്തിയ ശേഷം ആദ്യമായാണ് ചൈനീസ് പ്രതിരോധമന്ത്രിയെ കാണുന്നത്. 2019ന് ശേഷം ആദ്യമായാണ് ചൈനീസ്- യു.എസ് ഉന്നത നേതാക്കൾ കൂടിക്കാഴ്ച നടത്തിയതെന്ന പ്രത്യേകതയുമുണ്ട്.
തായ്‌വാന്റെ പരമാധികാരം വകവച്ചുകൊടുക്കണമെന്ന പതിവ് ആവശ്യം യു.എസ് ഉന്നയിച്ചപ്പോൾ അവർ തങ്ങളുടെ അവിഭാജ്യഭാഗമാണെന്ന നിലപാട് ചൈന ആവർത്തിച്ചെന്നാണ് റിപ്പോർട്ട്. തായ്‌വാൻ വിഷയത്തിൽ തൽസ്ഥിതി നിലനിർത്തണമെന്ന രാജ്യാന്തര ധാരണയ്ക്ക് വിരുദ്ധമായി ചൈന പ്രവർത്തിക്കുകയാണെന്ന് യു.എസ് ആരോപിച്ചു. എന്നാൽ, ആയുധങ്ങൾ വിതരണംചെയ്ത് തായ്‌വാനിൽ യു.എസ് അസ്ഥിരത സൃഷ്ടിക്കുകയാണെന്ന് ചൈനയും ആരോപിച്ചു. തായ്‌വാനെ ചൈനയിൽനിന്ന് വേർപെടുത്താൻ ആരു ശ്രമിച്ചാലും തടയുമെന്നും അത്തരമൊരു സാഹചര്യത്തിൽ യുദ്ധം പ്രഖ്യാപിക്കാൻ മടിക്കില്ലെന്നും ചൈന മുന്നറിയിപ്പ് നൽകി.
ചൈനയെ ഒതുക്കാനായി തായ്‌വാനെ ആരെങ്കിലും ഉപയോഗിക്കുകയാണെങ്കിൽ വകവച്ചുതരില്ലെന്നും വീ ഫെൻഗെ വ്യക്തമാക്കി.
തായ്‌വാന്റെ പേരിൽ യു.എസ് പരസ്യമായി നടത്തിയ പ്രസ്താവനകളെ തുടർന്ന് രൂപപ്പെട്ട അകൽച്ചയ്ക്കിടെയാണ് ഇരുരാജ്യങ്ങളുടെയും ഉന്നത നേതാക്കൾ ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. ചൈന തായ്‌വാന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചാൽ യു.എസ് സേന പ്രതിരോധം തീർക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അടുത്തിടെ പറഞ്ഞിരുന്നു. ചൈന തീകൊണ്ടാണ് തലചൊറിയുന്നതെന്നും ബൈഡൻ മുന്നറിയിപ്പ് നൽകുകയുണ്ടായി. ഇതിനോട് അതിരൂക്ഷമായിട്ടായിരുന്നു ചൈന മറുപടി നൽകിയത്.
വർഷങ്ങളായി തന്ത്രപരമായ സമീപനമായിരുന്നു തായ്‌വാൻ വിഷയത്തിൽ യു.എസ് സ്വീകരിച്ചിരുന്നത്.
ആക്രമണത്തിലേക്ക് ചൈന നീങ്ങുന്നതും തായ്‌വാൻ ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും തടയുകയെന്ന നയമായിരുന്നു യു.എസിൻ്റേത്. ഇതിനിടെയാണ് ചൈനയെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ടുള്ള ബൈഡന്റെ വരവ്. കൂടാതെ കിഴക്കൻ ലഡാക്കിൽ ഇന്ത്യക്കെതിരായ ചൈനയുടെ പ്രവർത്തനങ്ങളെയും യു.എസ് വിമർശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."