മുഖ്യമന്ത്രിയുടെ രാജിക്ക് കോൺഗ്രസ് പ്രതിഷേധം
തിരുവനന്തപുരം
നയതന്ത്ര സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം. ഇന്നലെ എല്ലാ ജില്ലാ ആസ്ഥാനത്തേക്കും കോൺഗ്രസ് നടത്തിയ മാർച്ചിൽ പല ഇടങ്ങളിലും സംഘർഷം. കൊച്ചിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്ത മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം കലക്‌ട്രേറ്റിലേക്ക് കോൺഗ്രസ്, ആർ.വൈ.എഫ് പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ആർ.വൈ.എഫ് പ്രവർത്തകർക്കു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂരിൽ പൊലിസിനു നേരെ ചെരുപ്പേറ് ഉണ്ടായപ്പോൾ കാസർകോട് ബിരിയാണിച്ചെമ്പ് തന്നെ പൊലിസിനു നേരെ എറിഞ്ഞു.
കോൺഗ്രസ് പ്രവർത്തകരും പൊലിസും തമ്മിൽ ഏതാണ്ടെല്ലാ മാർച്ചിലും ഉന്തും തള്ളുമുണ്ടായി. പല സ്ഥലത്തും പൊലിസിന് നേരെ കല്ലേറുണ്ടായി. പൊലിസുകാർക്കും പ്രതിഷേധക്കാർക്കും പലയിടങ്ങളിലും പരുക്കേറ്റു. സെക്രട്ടേറിയറ്റിനു മുന്നിലെ പ്രതിഷേധം യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്കെതിരേ കോടതിയിൽ മൊഴി നൽകിയവരെ സർക്കാർ വിരട്ടുകയാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ് സ്വപ്‌നയുടെ മൊഴിയിലുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എറണാകുളത്ത് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു പറഞ്ഞു.
ഇനിയാരും മൊഴി നൽകാതിരിക്കാനാണ് സർക്കാർ പൊലിസിനെ ഉപയോഗിച്ച് വിരട്ടുന്നത്. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. അന്വേഷണം പൂർത്തിയാകുന്നതു വരെ മുഖ്യമന്ത്രി പദവിയിൽനിന്നു മാറിനിൽക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു. ശരിയായ അന്വേഷണം നടന്നാൽ ക്ലിഫ് ഹൗസിൽനിന്ന് പൂജപ്പുരയിലേക്ക് മുഖ്യമന്ത്രി പോകേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല ആലപ്പുഴയിലെ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു പറഞ്ഞു.
മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും ഒരു മുഖ്യമന്ത്രി സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്ത് വരുന്നത് രാജ്യത്ത് ആദ്യമാണെന്നും കൊല്ലത്ത് കെ.മുരളീധരൻ എം.പി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു പറഞ്ഞു. കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, കണ്ണൂരിൽ എം.ലിജു, കോഴിക്കോട് എ.പി അനിൽകുമാർ, മലപ്പുറത്ത് പി.സി വിഷ്ണുനാഥ് എം.എൽ.എ, വയനാട് ടി.സിദ്ധീഖ് എം.എൽ.എ, തൃശൂരിൽ ബെന്നി ബഹനാൻ എം.പി, പാലക്കാട് വി.കെ ശ്രീകണ്ഠൻ എം.പി, കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, പത്തനംതിട്ടയിൽ വി.ടി ബൽറാം, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് എം.പി കലക്‌ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."