പ്രവാചകനിന്ദയ്ക്കെതിരേ പ്രതിഷേധാരവം ഉയർത്തി ആയിരങ്ങൾ
സ്വന്തം ലേഖകർ
മലപ്പുറം / തിരുവനന്തപുരം / കണ്ണൂർ / കൊച്ചി
ഇന്ത്യൻ മതേതരത്വത്തെ മുറിവേൽപ്പിച്ച് പ്രവാചകനിന്ദ നടത്തിയ കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.വൈ.എസ് സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലേക്ക് നടത്തിയ ധർണ പ്രതിഷേധ തീക്കാറ്റായി. വിശ്വാസികളുടെ സ്നേഹഭാജനമായ പുണ്യപ്രവാചകനെ അപമാനിക്കുന്നത് വിശ്വാസികൾ സഹിക്കില്ലെന്ന പ്രഖ്യാപനവുമായി ധർണയിലേക്ക് നടന്നു നീങ്ങിയ പ്രകടത്തിന് ആയിരങ്ങൾ കരുത്ത് പകർന്നു. കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താളങ്ങൾക്ക് മുന്നിലാണ് ഇന്നലെ എസ്.വൈ.എസ് പ്രകടനവും ധർണയും നടത്തിയത്.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊളത്തൂർ ജങ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്രവർത്തകർ പങ്കെടുത്തു. വിമാനത്താവള പരിസരത്തെ നുഹ്മാൻ ജങ്ഷനിൽ നടന്ന ധർണ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ടി.വി ഇബ്റാഹിം എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എയർപോർട്ട് മാനേജർക്ക് നിവേദനം സമർപ്പിച്ചു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ചാക്ക ബൈപ്പാസ് ജങ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ പ്രവർത്തകർ പങ്കെടുത്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിദ്ധിഖ് ഫൈസി അസ്ഹരി അധ്യക്ഷനായി.
നെടുമ്പാശേരി വിമാനത്താവളത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ട്രഷറർ എ.എം പരീത് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.ബി ഉസ്മാൻ ഫൈസി പ്രസംഗിച്ചു.
കണ്ണൂർ വിമാനത്താവളത്തിന് മുമ്പിൽ നടത്തിയ ധർണ സമസ്ത സെക്രട്ടറി പി.പി ഉമർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്റാഹിം ഫൈസി പേരാൽ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."