ചിറയന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചയാള്‍ മരിച്ചു
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചയാള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രന്‍ ആണ് മരിച്ചത്. മോഷണ കുറ്റം ആരോപിച്ച് കഴിഞ്ഞമാസം 28 ന് ചന്ദ്രനെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നു.
പാത്രങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പിന്നീട് ഇവര്‍ പൊലിസിനെ അറിയിച്ചതിനെത്തുടര്‍ന്ന് ചിറയന്‍കീഴ് പൊലിസെത്തി ചന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അവശ നിലയിലായിരുന്ന ചന്ദ്രനെ
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെനിന്ന് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍. പരാതിയില്ലെന്ന് എഴുതി കൊടുത്തതിനാല്‍ മോഷണ കുറ്റത്തിന് ചന്ദ്രനെതിരെ പൊലീസ് കേസ് എടുത്തിരുന്നില്ല.
ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് എതിരെ ചന്ദ്രനും പരാതി നല്‍കിയിരുന്നില്ല. പിന്നീട് കലശലായ ശരീരവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍ എത്രയും വേഗം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിക്കണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ചന്ദ്രന്‍ തിരികെ വീട്ടിലേക്ക് മടങ്ങുകയാണ് ചെയ്തത്. അടുത്തദിവസം ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതോടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങില്‍ കുടലിന് ക്ഷതമേറ്റതായും അണുബാധ ഉള്ളതായും കണ്ടെത്തി. അടിയന്തരമായി ശസ്ത്രക്രിയ നടത്തുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും ചന്ദ്രന്‍ കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. ചന്ദ്രന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."