ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചിയോട്ടം: അഭിലാഷ് ടോമി ഇന്ന് പുതുചരിത്രമെഴുതും
ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചിയോട്ടം: അഭിലാഷ് ടോമി ഇന്ന് പുതുചരിത്രമെഴുതും
ലെ സാബ് ലെ ദെലോന്‍(ഫ്രാന്‍സ്): ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തില്‍ മലയാളി നാവികന്‍ അഭിലാഷ് ടോമിയിലൂടെ ഇന്ത്യ ഇന്ന് ചരിത്രമുഖത്ത്. മത്സരരംഗത്ത് രണ്ടാമതുള്ള അഭിലാഷ് ടോമി തന്റെ വഞ്ചിയായ ബയാനത്തില്‍ ഫ്രഞ്ച് തുറമുഖമായ ലെ സാബ് ലെ ദെലോണില്‍ ഇന്നു രാവിലെ ഫിനിഷ് ചെയ്യും. തീരം തൊട്ടാല്‍ ഗോള്‍ഡന്‍ ഗ്ലോബില്‍ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ താരമായി അഭിലാഷ് ടോമി മാറും. ഒന്നാമതുണ്ടായിരുന്ന ദക്ഷിണാഫ്രിക്കന്‍ വനിത കിര്‍സ്റ്റന്‍ നോയിഷെയ്ഫര്‍ തീരമണഞ്ഞു.
ഇന്ത്യന്‍ സമയം കഴിഞ്ഞ ദിവസം അര്‍ധ രാത്രിയാണ് ദക്ഷിണാഫ്രിക്കക്കാരിയുടെ വഞ്ചി മിനേഹാഹ തീരം തൊട്ടത്. ഗോള്‍ഡന്‍ ഗ്ലോബ് റേസ് ഫിനിഷ് ചെയ്യുന്ന ആദ്യ വനിതയാണ് കിര്‍സ്റ്റന്‍. തീരം തൊട്ട നോയിഷെയ്ഫറിന് വമ്പിച്ച സ്വീകരണമാണ് സംഘാടകര്‍ നല്‍കിയത്. മൂന്നാമതുള്ള ഓസ്ട്രിയന്‍ നാവികന്‍ മൈക്കല്‍ ഗൂഗന്‍ബര്‍ഗര്‍ 1800 നോട്ടിക്കല്‍ മൈല്‍ (ഒരു നോട്ടിക്കല്‍ മൈല്‍ 1.8 കിലോമീറ്റര്‍) പിന്നിലാണ്.ഇന്ത്യയുടെയും യു.എ.ഇയുടെയും പതാക പാറിച്ചുകൊണ്ടാണ് ഇന്ന് അഭിലാഷ് ടോമി തീരമണിയുക. അബൂദബിയിലെ ബയാനത്ത് ഗ്രൂപ്പാണ് ടോമിയുടെ സ്‌പോണ്‍സര്‍. കോഴിക്കോട് സ്വദേശി കൗശിക് കൊടിത്തൊടികയുടെ ഉടമസ്ഥതയിലുള്ള ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സും സഹസ്‌പോണ്‍സറാണ്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ നാലിന് ആരംഭിച്ച പായ് വഞ്ചിയോട്ടമാണ് മഹാസമുദ്രങ്ങള്‍ താണ്ടി 235 ദിവസങ്ങള്‍ക്കു ശേഷം തീരമണിയുന്നത്. തുടക്കത്തില്‍ മത്സരരംഗത്ത് 16 പേരുണ്ടായിരുന്നു. കാലാവസ്ഥയെയും കാറ്റിനെയും അതിജീവിക്കാനാവാതെ 13 പേര്‍ പിന്‍വാങ്ങിയപ്പോള്‍ അവസാനം മത്സര രംഗത്തുണ്ടായത് മൂന്ന് പേര്‍ മാത്രം. നോയിഷെയ്ഫര്‍ തീരമണഞ്ഞെങ്കിലും ആദ്യം ഫിനിഷ് ചെയ്യുന്നയാള്‍ ജേതാവാകുമെന്നു വ്യവസ്ഥയില്ല. വഞ്ചി അനുവദനീയമായ സഞ്ചാരപാതയില്‍നിന്നു മാറിസഞ്ചരിക്കുകയോ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ഡീസല്‍ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോയെന്നതിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ പ്രഖ്യാപിക്കുക
ഗോള്‍ഡന്‍ ഗ്ലോബ് റേസ് ഒറ്റയ്ക്ക് ഒരിടത്തും നിര്‍ത്താതെ പായ്‌വഞ്ചിയില്‍ കടലിലൂടെ ലോകം ചുറ്റിവരികയെന്ന മത്സരമാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്. 1968ലാണ് ഇത് ആദ്യമായി സംഘടിപ്പിച്ചത്. ഇതിന്റെ ഓര്‍മയ്ക്കായി 2018ല്‍ മത്സരം പുനരാരംഭിച്ചു. ഇപ്പോഴിത് രണ്ടാം എഡിഷനില്‍ എത്തിനില്‍ക്കുന്നു. ഇതില്‍ 1968ലെ മത്സരത്തില്‍ നാവികര്‍ ഉപയോഗിച്ച അതേ മാതൃകയിലുള്ള ബോട്ടുകളും സാങ്കേതിക വിദ്യകളും സൗകര്യങ്ങളും മാത്രമാണ് മത്സരാര്‍ഥികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി.
golden-globe-race-abhilash-tomy-will-finish-today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."