അരിക്കൊമ്പനെ നാടു കടത്തിയിട്ടും ചിന്നക്കനാലില്‍ ഭീതിയൊഴിയുന്നില്ല; വീണ്ടും കാട്ടാന ആക്രമണം, ഷെഡ് തകര്‍ത്തു
അരിക്കൊമ്പനെ നാടു കടത്തിയിട്ടും ചിന്നക്കനാലില്‍ ഭീതിയൊഴിയുന്നില്ല
ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്‌കൂളിന് സമീപം വീട് തകര്‍ത്തു. രാജന്‍ എന്നയാള്‍ താമസിക്കുന്ന ഷെഡാണ് തകര്‍ത്തത്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു കാട്ടാന ആക്രമണം.
അരിക്കൊമ്പനെ പിടികൂടിയ സ്ഥലത്ത് ഇന്നലെ പിടിയാനകളും കുട്ടിയാനകളും അടക്കം ആനക്കൂട്ടത്തെ ഇന്നലെ കണ്ടെത്തിയിരുന്നു. ചക്കക്കൊമ്പനും പ്രദേശത്ത് ചുറ്റിയടിക്കുന്നുണ്ടായിരുന്നു. അരിക്കൊമ്പനെ തേടിയാണ് ആനക്കൂട്ടം അവിടെ തമ്പടിച്ചതെന്നാണ് നിഗമനം.
ചക്കക്കൊമ്പന്റെ നേതൃത്വത്തിലുള്ള ആനക്കൂട്ടമാണ് വീടു തകര്‍ത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അരിക്കൊമ്പനെ കാടു കടത്തിയതിന്റെ വൈരാഗ്യം തീര്‍ത്തതാണോ ഇതെന്നും നാട്ടുകാര്‍ സംശയിക്കുന്നു. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം വീണ്ടമുണ്ടായേക്കുമെന്ന് പ്രദേശവാസികള്‍ ഭയപ്പെടുന്നു.
ചിന്നക്കനാലിൽ ഏറെനാൾ ഭീതിപരത്തിയ അരിക്കൊമ്പനെ ദിവസങ്ങൾ നീണ്ട ദൗത്യത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് മാറ്റിയത്. പെരിയാർ വന്യജീവി സങ്കേതത്തിലേക്കാണ് ആനയെ മാറ്റിയത്. മയക്കുവെടിവച്ച അരിക്കൊമ്പനെ ഞായറാഴ്ച പുലർച്ചെയാണ് പെരിയാറിലെ ഉൾവനത്തിൽ തുറന്നുവിട്ടത്.
അതേസമയം, പുതിയ ആവാസവ്യവസ്ഥയുമായി അരിക്കൊമ്പൻ പൊരുത്തപ്പെട്ടുതുടങ്ങിയതായി വനം വകുപ്പ് അറിയിച്ചു. പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിൽ ചുറ്റിത്തിരിയുകയാണ് അരിക്കൊമ്പൻ. ഇറക്കിവിട്ട സ്ഥലത്തുനിന്ന് നാല് കിലോമീറ്റർ ചുറ്റളവിൽ അരിക്കൊമ്പനുണ്ടെന്നാണ് ജി.പി.എസ് കോളറിൽനിന്ന് ഒടുവിൽ ലഭിച്ച സന്ദേശം. ഇന്നലെ വൈകീട്ട് മേദകാനം ഭാഗത്താണ് ആനയുണ്ടായിരുന്നത്. ഇന്നത്തോടെ പൂർണമായും മയക്കംവിട്ട് ഉണരുമെന്നാണ് കണക്കുകൂട്ടൽ.
നിലവിലെ സാഹചര്യത്തിൽ ആന ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. ഏതാനും ദിവസങ്ങൾകൂടി ദൗത്യസംഘം അരിക്കൊമ്പൻ നിരീക്ഷണം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."