മദ്‌റസാ അധ്യാപകരുടെ ശമ്പളം: മുഖ്യമന്ത്രിയുടെ മറുപടി ചോര്‍ന്നതില്‍ നടപടി വേണമെന്ന് സ്പീക്കര്‍
തിരുവനന്തപുരം: മദ്‌റസാ അധ്യാപകരുടെ ശമ്പളം സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി നിയമസഭയിലെത്തുന്നതിന് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ വകുപ്പ്തല നടപടി വേണമെന്ന് സ്പീക്കര്‍ എം.ബി രാജേഷിന്റെ റൂളിങ്. ജൂണ്‍ ഏഴിന് മഞ്ഞളാം കുഴി അലി,പി.കെ. ബഷീര്‍, എന്‍. ശംസുദ്ദീന്‍, കെ.പി.എ മജീദ് എന്നീ അംഗങ്ങള്‍ നല്‍കിയ നക്ഷത്രച്ചിഹ്നമിടാത്ത 99ാം നമ്പര്‍ ചോദ്യത്തിന്റെ മറുപടിയാണ് സഭയില്‍ വരുന്നതിന് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഇത് ചട്ട ലംഘനവും അംഗങ്ങളോടും സഭയോടുമുള്ള അനാദരവുമാണെന്നും ചൂണ്ടിക്കാണിച്ച് മഞ്ഞളാംകുഴി അലി ക്രമപ്രശ്‌നം ഉന്നയിച്ചു. തുടര്‍ന്നാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പ്തല അന്വേഷണവും മാതൃകാപരമായ അച്ചടക്ക നടപടിയും സ്വീകരിക്കണമെന്ന് സ്പീക്കര്‍ റൂള്‍ ചെയ്തത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി എഴുതി നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം മുഖ്യമന്ത്രി അംഗീകരിച്ച് നിയമസഭയ്ക്ക് ലഭ്യമാക്കിയ ഉത്തരമല്ല പ്രചരിച്ചതെന്നും ചോദ്യത്തിനുള്ള മറുപടിക്കായി ന്യൂനപക്ഷ ക്ഷേമവകുപ്പ് നല്‍കിയ വിവരണം മാത്രമാണ് പുറത്തു വന്നതെന്നും സ്പീക്കര്‍ പറഞ്ഞു.
അംഗങ്ങളുടെ പ്രത്യേക അവകാശത്തിന് പ്രത്യക്ഷത്തില്‍ ലംഘനം ഉണ്ടായിട്ടില്ലെങ്കിലും ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനാണ് നടപടി ആവശ്യപ്പെടുന്നതെന്നും സ്പീക്കര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."