അരിക്കൊമ്പന്‍ എവിടെ?; സിഗ്നല്‍ കിട്ടുന്നില്ല, സാങ്കേതിക പ്രശ്‌നമെന്ന് വനം വകുപ്പ്; ചിന്നക്കനാലില്‍ തിരിച്ചെത്താന്‍ സാധ്യതയെന്ന് വിദഗ്ധര്‍
അരിക്കൊമ്പന്‍ എവിടെ?; സിഗ്നല്‍ കിട്ടുന്നില്ല
ഇടുക്കി: അരിക്കൊമ്പനില്‍ നിന്ന് സിഗ്‌നല്‍ ലഭിക്കാതെ വനം വകുപ്പ്. ഇന്നലെ ഉച്ചയ്ക്കാണ് ജി.പി.എസ് കോളറില്‍ നിന്ന് അവസാനമായി സിഗ്‌നല്‍ കിട്ടിയത്. തമിഴ്‌നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് അരിക്കൊമ്പന്‍ ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്ഥയും ഇടതൂര്‍ന്ന വനവുമാണെങ്കില്‍ സിഗ്‌നല്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
അതേസമയം, അരിക്കൊമ്പന്‍ ചിന്നക്കനാലില്‍ തിരിച്ചെത്താനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു മുന്‍പും ട്രാന്‍സ് ലൊക്കേറ്റ് ചെയ്ത ആനകള്‍ തിരിച്ചു വന്നിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. പറമ്പിക്കുളമായിരുന്നു അരിക്കൊമ്പന് കൂടുതല്‍ അനുയോജ്യമായ ഇടമെന്നും ഇവര്‍ വ്യക്തമാക്കി.
ചിന്നക്കനാലില്‍ നിന്ന് പിടികൂടിയ അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലാണ് തുറന്ന് വിട്ടത്. ആന മയക്കത്തില്‍ നിന്ന് ഉണര്‍ന്നെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും പൂര്‍ണ ആരോഗ്യവാനെന്നും വനം വകുപ്പ് അറിയിച്ചിരുന്നു.
അതേസമയം മിഷന്‍ അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ മാറ്റിയ ശേഷമുള്ള സാഹചര്യവും കോടതി വിലയിരുത്തും. റേഡിയോകോളര്‍ ധരിപ്പിച്ച ശേഷമുള്ള അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനം വകുപ്പ് കോടതിയെ അറിയിക്കും.
പെരിയാറില്‍ അരിക്കൊമ്പനനുകൂലമായ സാഹചര്യമായതുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനത്തെ വിദഗ്ധ സമിതി അംഗീകരിച്ചത്. മിഷന്‍ സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടും കോടതിയുടെ പരിഗണനയില്‍ വരും. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാരും പി ഗോപിനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പതിനൊന്ന് മണിക്കാണ് ഹരജി പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."