പവാര്‍- പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ചയുടെ ലക്ഷ്യം 2024 ലെ പൊതുതെരഞ്ഞെടുപ്പ് ?
ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ തിരക്കിട്ട് മുംബൈയിലെത്തി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ചര്‍ച്ചനടത്തിയതിനെച്ചൊല്ലി അഭ്യൂഹങ്ങളും ആകാംക്ഷയും.
ബംഗാളില്‍ ബി.ജെ.പിയുടെ സീറ്റുനില 100 കടക്കില്ലെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞ് മമതയെ വീണ്ടും മുഖ്യമന്ത്രിയാക്കിയ പ്രശാന്ത് കിഷോറിന്റെ നീക്കം ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായക ചുവടുവയ്പായി കാണുന്നവരുണ്ട്. മുംബൈയിലെ പവാറിന്റെ വീട്ടില്‍ ഉച്ചഭക്ഷണത്തിനെത്തിയായിരുന്നു കൂടിക്കാഴ്ച. ബംഗാള്‍, തമിഴ്‌നാട് തെരഞ്ഞെടുപ്പു വിജയങ്ങള്‍ക്കുള്ള നന്ദിയറിയിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, രണ്ടിടത്തും അത്രശക്തിയല്ലാത്ത എന്‍.സി.പിയുടെ സഹായത്തിന് കൊവിഡ് കാലത്ത് മുംബൈയിലെത്തി നന്ദി പറയേണ്ടതില്ല.
യു.പി നിയമസഭാ തെരഞ്ഞെടുപ്പാണ് രാജ്യത്ത് ഇനിയുള്ള ഏറ്റവും ശ്രദ്ധേയമായ അങ്കം. അടുത്തവര്‍ഷം ആദ്യ മാസങ്ങളില്‍ തന്നെ തെരഞ്ഞെടുപ്പ് നടക്കും. പിന്നീട് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ പൊതുതെരഞ്ഞെടുപ്പുമായി. ഈ രണ്ടു പോരാട്ടങ്ങളുമാണ് പ്രശാന്ത് കിഷോറിന്റെ ഉന്നമെന്നാണ് സൂചന. പ്രതിപക്ഷത്ത് ഐക്യം കൊണ്ടുവരിക, ഇത് പൊതുതെരഞ്ഞെടുപ്പ് വരെ നിലനിര്‍ത്തുക എന്നിവയാണ് പ്രശാന്തിന്റെ അജണ്ടകള്‍.
യു.പി.എ സര്‍ക്കാരില്‍ സുപ്രധാനവകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പവാര്‍, നിലവില്‍ ഒരേസമയം കോണ്‍ഗ്രസുമായും ബി.ജെ.പിയുമായും ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്.
ദേശീയതലത്തില്‍ ബി.ജെ.പി വിരുദ്ധ സഖ്യം സാധ്യമാവണമെങ്കില്‍ അതില്‍ പവാര്‍ അവിഭാജ്യഘടകമാവണമെന്ന ആലോചനയില്‍ നിന്നാണ് അദ്ദേഹത്തില്‍ നിന്ന് തന്നെ ചര്‍ച്ച തുടങ്ങുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ബംഗാളിലെ വന്‍ വിജയത്തിനു പിന്നാലെ താന്‍ ഈ മേഖല വിടുകയാണെന്ന് പ്രശാന്ത് പറഞ്ഞിരുന്നു. പുതിയ കാര്യങ്ങള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കിയെങ്കിലും പിന്നണിയില്‍ അദ്ദേഹം തുടരുമെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.
ബി.ജെ.പിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള ബന്ധത്തിന് കോട്ടം സംഭവിച്ചിട്ടില്ലെന്ന ശിവസേന നേതാക്കളുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയും പ്രശംസിച്ച് സംസാരിക്കുകയും ചെയ്തത് സംസ്ഥാനത്തെ മഹാവികാസ് അഘാടി സഖ്യത്തിലുണ്ടായ വിള്ളലിന്റെ സൂചനകളാണെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സഖ്യസര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്നായിരുന്നു ഇതിനോട് കഴിഞ്ഞദിവസം പവാര്‍ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."