സഊദിയിൽ പ്രായമേറിയവരോട് മോശമായി പെരുമാറിയാൽ ഒരു വർഷം തടവും 500,000 റിയാൽ പിഴയും
റിയാദ്: പ്രായമേറിയവരുടെ അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കാനായി കടുത്ത നടപടികളുമായി സഊദി അറേബ്യ. പ്രായമായവരോട് മോശമായി പെരുമാറുന്നവർക്ക് ഒരു വർഷം വരെ തടവും പരമാവധി 500,000 റിയാൽ പിഴയും ഉൾപ്പെടെയുള്ള ശിക്ഷകളാണ് നടപ്പിലാക്കുക. പ്രായമേറിയവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതിയ നിയമത്തിലാണ് ലംഘകർക്ക് കടുത്ത ശിക്ഷ ഏർപ്പെടുത്തിയത്.
പ്രായമായവർക്ക് അവരുടെ കുടുംബത്തോടൊപ്പം ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നതോടൊപ്പം, അവരുടെ പാർപ്പിടവും പരിചരണവും കുടുംബാംഗങ്ങളുടെ ഉത്തരവാദിത്തമാണെന്നും നിയമത്തിലെ വിവിധ ആർട്ടിക്കിളുകൾ ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ചാണ് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് പുറത്തിറക്കിയത്.
ഇക്കഴിഞ്ഞ ജനുവരിയിൽ മന്ത്രിമാരുടെ കൗൺസിൽ അംഗീകരിച്ച നിയമം, 60 വയസും അതിൽ കൂടുതലുമുള്ള സഊദി പൗരന്മാർക്ക് നിരവധി ആനുകൂല്യങ്ങളും അവകാധങ്ങളും നൽകുന്നുണ്ട്. പ്രായമായവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ പരിചരണവും ക്ഷേമവും ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി വ്യവസ്ഥകൾ നിയമത്തിലുണ്ട്. പ്രായമായവരുടെ ശാരീരികവും മാനസികവുമായ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമത്തിൽ വ്യവസ്ഥകളുണ്ട്.
പ്രായമായ ആളുകൾക്ക് അവരുടെ കുടുംബത്തോടൊപ്പം ജീവിക്കാൻ അവകാശമുണ്ടെന്ന് നിയമം അനുശാസിക്കുന്നു. കുടുംബങ്ങൾ അവരുടെ ആവശ്യങ്ങളോട് മാന്യമായി പ്രതികരിക്കണം. നിയമപ്രകാരം, പ്രായമായവരെ അവരുടെ സമ്മതമില്ലാതെ അഭയകേന്ദ്രത്തിലേക്കോ പരിചരണ കേന്ദ്രത്തിലേക്കോ അയയ്ക്കാനും അനുവാദമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."