വായനയുടെ സംസ്കാരവും രാഷ്ട്രീയവും
വായനാദിനത്തിൻ്റെ പ്രാധാന്യത്തെ വായനയെ പ്രോത്സാഹിപ്പിക്കുകയെന്ന ചിന്തയിലാണ് ആചരിക്കുന്നത്. ഗ്രന്ഥശാലകൾ ഇല്ലാത്തകാലത്ത് വായനക്കുവേണ്ടി ജീവിതം മാറ്റിവച്ച പുതുവയൽ നാരായണപ്പണിക്കർ എന്ന പി.എൻ പണിക്കർ ഗ്രന്ഥശാല സംഘത്തിൻ്റെ സ്ഥാപകനായതോടെ കേരളത്തിൻ്റെ സാംസ്കാരികരംഗം അതിവേഗം മാറാൻ തുടങ്ങി. അങ്ങനെയുള്ള വ്യക്തിത്വത്തിന് കൊടുക്കാവുന്ന മികച്ച സാമൂഹിക അംഗീകാരമാണ് അദ്ദേഹത്തിൻ്റെ ചരമദിനമായ ജൂൺ 19ന് വായനാദിനമായി ആചരിക്കുക എന്നത്. അദ്ദേഹം ഗ്രന്ഥശാല പ്രസ്ഥാനം വഴി നടത്തിയ വൈജ്ഞാനിക വിപ്ലവത്തിനു കിട്ടേണ്ട അംഗീകാരമാണത്. 1926ൽ പി.എൻ പണിക്കർ സ്വന്തം ദേശത്ത് 'സനാതനധർമ്മം' എന്ന വായനശാലയിലൂടെ തുടങ്ങിയ ജ്ഞാനവിപ്ലവം 1996 മുതലാണ് വായനാദിനമായി ആചരിക്കുന്നത്. രണ്ടര പതിറ്റാണ്ട് പിന്നിട്ട ഈ ദിനാചരണം വായനയുടെ വൈജ്ഞാനികതലത്തിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതല്ല. അതിനപ്പുറം വായനയുടെ സംസ്കാരവും രാഷ്ട്രീയവും ചർച്ചയാവേണ്ടത് കാലത്തിൻ്റെ ആവശ്യകതയാണ്.
1926നിന്നും 2022ൽ കേരളം എത്തിയപ്പോൾ സാംസ്കാരികവും രാഷ്ട്രീയവുമായ നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യംവഹിച്ചു. വിജ്ഞാനമണ്ഡലത്തിലെ വിപ്ലവം, കലയും സാഹിത്യവും മനുഷ്യപക്ഷത്തേക്ക് അതിൻ്റെ വിനിമയം സാധ്യമാക്കിയ നൂതനമായ വഴികൾ, ഇതിനെയെല്ലാം അതിവേഗം പിന്നിലാക്കി ഇൻ്റർനെറ്റ് ഉണ്ടാക്കിയ മനുഷ്യസമ്പർക്കത്തിൻ്റെ അടുപ്പങ്ങൾ - ഇങ്ങനെ നിരവധി പരിവർത്തനങ്ങൾ വായനയെ എങ്ങനെയാണ് മുന്നോട്ടുനയിക്കുന്നതെന്ന ചോദ്യം ഏറെ പ്രസക്തമായ കാലമാണിത്. എല്ലാവർഷവും വായനാദിനം ആചരിക്കുമ്പോൾ വായന സാധ്യമാക്കുന്ന സാംസ്കാരിക മാറ്റങ്ങളെയും അതിൻ്റെ രാഷ്ട്രീയത്തെയും ഗൗരവത്തിൽ ചർച്ച ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്.
ഭാഷയെക്കുറിച്ച് പറയുമ്പോഴും വായനയെക്കുറിച്ച് പറയാൻ മറക്കാറുണ്ട് നമ്മൾ. മലയാള ഭാഷയ്ക്കുവേണ്ടിയുള്ള സാംസ്കാരികവും രാഷ്ട്രീയവുമായ ഇടപെടൽ മാതൃഭാഷ ശാക്തീകരണത്തിൻ്റെ ഭാഗമാണ്. എന്നാൽ അത്തരം സന്ദർഭങ്ങളിൽ വായനയുടെ പിൻനടത്തത്തെക്കുറിച്ച് ചിന്തിക്കാറില്ല. ഈ പിൻനടത്തത്തെ അത്ര പെട്ടെന്ന് സമ്മതിച്ചുകൊടുക്കുന്നവരല്ല ഭാഷാരംഗത്തെ ബുദ്ധിജീവികൾ. വായന കുറഞ്ഞിട്ടില്ല, അതിൻ്റെ മാധ്യമം മാറി എന്നതാണ് ന്യായവാദം. ശരിയാണ് പുസ്തകവായന കടലാസിൻ്റ ഗന്ധാസ്വാദനത്തെ ഭാഗികമായി മാറ്റി ഇൻ്റർനെറ്റിൽ, മൊബൈൽ സ്ക്രീനിൽ എത്തിനിൽക്കുന്നു എന്നത് വസ്തുതയാണ്. ഇവിടെ എത്ര വായിക്കുന്നു, എങ്ങനെ വായിക്കുന്നു എന്നതിനേക്കാൾ എന്തു വായിക്കുന്നു എന്നതാണ് പ്രധാനം. അത്തരമൊരു അന്വേഷണത്തിലാണ് പ്രസക്തി.
വായനയിൽ മലയാളി എന്നും അതിരുകവിഞ്ഞ ഇടപെടൽ നടത്തിയിട്ടുണ്ട്. അത് നുറ്റാണ്ടുകൾക്ക് മുമ്പേ തുടങ്ങിയതാണ്. എം.എൻ കാരശ്ശേരി മാഷ് ഭാഷയാണ്, ഭാഷയിലാണ് കേരളം എന്ന ലേഖനത്തിൽ എഴുതിയത് ഇവിടെ ചേർക്കാം.'1889-ലാണ് ഇന്ദുലേഖയുടെ ഒന്നാം പതിപ്പ് ഇറങ്ങിയത്. 500 കോപ്പി, വില ഒരണ (ഒരു ഉറുപ്പികയുടെ പതിനാറിലൊന്ന്) അന്ന് മലബാറിൽ ഒരണക്ക് ഒരു ചാക്ക് അരി കിട്ടും. ഒന്നാം പതിപ്പ് മൂന്നു മാസംകൊണ്ട് വിറ്റുതീർന്നു. വളരെ കുറച്ചു പേർക്കേ അന്ന് അക്ഷരാഭ്യാസമുള്ളൂ എന്നുകൂടി ആലോചിക്കണം'(മലയാളം ദേശവും സ്വത്വവും. എഡിറ്റർ ഡോ. പി. സുരേഷ്). മലയാളിയുടെ വായനാ പാരമ്പാര്യത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ വ്യക്തമാകുന്നത് വായന നൂറ്റാണ്ടുകളായി മലയാളിയുടെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിന്നിട്ടുണ്ട് എന്നതാണ്. അതിൻ്റെ ബോധനരീതി വ്യക്തിയിൽനിന്നു തുടങ്ങി വ്യക്തിയിൽ എത്തിനിൽക്കുന്നതാണെങ്കിലും അയാളുടെ (ആ വ്യക്തിയുടെ) ദേശപരിസരം സാംസ്കാരികമായി വികാസം പ്രാപിക്കുന്നു എന്നത് വായനയുടെ ഗുണമാണ്. 1927ൽ പി.എൻ പണിക്കർ തൻ്റെ ദേശത്ത് തുടങ്ങിയ വായനശാല കേരളത്തിൻ്റെ സാംസ്കാരിക മേഖലകളെ അടിമുടി നവീകരിച്ചത് ഒരു വ്യക്തിയിൽനിന്നു തുടങ്ങിയ വായനയാണ്. അതിൻ്റെ രാഷ്ട്രീയം പിന്നീട് സമൂഹിക കാലാവസ്ഥയെ തന്നെ മാറ്റിപ്പണിയുന്നതിൽ വഹിച്ച പങ്ക് വിലപ്പെട്ടതാണ്. അങ്ങനെ കേരളത്തിൻ്റെ രാഷ്ട്രീയത്തെ അടിമുടി സ്പർശിച്ച നോവലും നാടകവും കവിതയും അതാത് കാലത്തിൻ്റെ കണ്ണാടിയായി. വക്കം മൗലവിയും ശ്രീനാരായണ ഗുരുവും കുമാരനാശാനും തുടങ്ങിയ നിരവധി പരിഷ്കർത്താക്കൾ നടത്തിയ ജ്ഞാനാധികാരത്തിലൂടെയാണ് നവോത്ഥാന കേരളം മുന്നോട്ട് ചലിച്ചത്. അയ്യൻകാളി അതിൻ്റെ പ്രാധാന്യത്തെ മനസ്സിലാക്കിയാണ് തൻ്റെ സമുദായത്തിൽ പത്ത് ബി.എക്കാർ ഉണ്ടാവണമെന്നു തീരുമാനിച്ചതും സ്കൂളിനുവേണ്ടി രാജവ്യവസ്ഥിതിയോട് പോരാടിയതും. ഇത്തരം ചരിത്രപശ്ചാത്തലങ്ങൾ മാറി കേരളം എല്ലാ അർഥത്തിലും വികസിച്ച ഈ കാലത്ത് എന്താണ് നമ്മുടെ വായനയുടെ സംസ്കാരവും അതിൻ്റെ രാഷ്ട്രീയവും എന്ന് പരിശോധിക്കേണ്ടതുണ്ട്.
ഒരു പുസ്തകം വായനക്ക് എടുക്കുമ്പോൾ ആ പുസ്തകം വായനക്കാരൻ്റെ ബോധ്യങ്ങളിലേക്ക് കടന്നുകയറാൻ ശ്രമിക്കും. അതിനുള്ള അനുവാദം വായനക്കാരനിലാണ്. അതിനാലാണ് ഒരേ വായനയിലൂടെ സമൂഹത്തിന് മുന്നോട്ട് ചലിക്കാൻ കഴിയാത്തത്. പ്രാഥമികമായി ഇത് അഭിരുചിയാണെങ്കിലും സമൂഹത്തിൻ്റെ നവീകരണത്തെ സ്വാധീനിക്കുന്ന തിരിച്ചറിവിൻ്റെ പ്രത്യയശാസ്ത്രം കൂടിയാണ്. ഇത് വളരെ ലളിതമായി കുഞ്ഞുണ്ണി മാഷ് പറഞ്ഞതാണ് വായിച്ചാൽ വളരുമെന്നത്. ഇങ്ങനെ വായന നൽകുന്ന വളർച്ച വ്യക്തിപരതയിൽനിന്ന് സമൂഹത്തിൻ്റെ മൊത്തം വളർച്ചയായി വികസിക്കുമ്പോഴാണ് വായനയുടെ രാഷ്ട്രീയം രുപപ്പെടുന്നത്. കല കലയ്ക്കുവേണ്ടി മാത്രമല്ലെന്ന രാഷ്ട്രീയബോധ്യം പോലെ 'വായന' വായനക്കാരൻ്റെ സ്വകാര്യ അറിവിനോ ആനന്ദത്തിനോ മാത്രമല്ല. അതിനു രാഷ്ട്രീയത്തെ ഉൽപ്പാദിപ്പിക്കാനുള്ള കഴിവുണ്ട്.
വായനക്ക് ദേശപരിധിയോ ഭാഷാ വ്യത്യാസങ്ങളോ തടസമല്ല. ഡോ. അംബേദ്ക്കറെ വായിക്കുമ്പോൾ ഇന്ത്യൻ ജാതിവ്യവസ്ഥയുണ്ടാക്കിയ അസമത്വവും അതിൻ്റെ ഇരകളായ മനുഷ്യർ ഈ നിമിഷവും അനുഭവിക്കുന്ന ദുരിതങ്ങളും മനുഷ്യസ്നേഹികളെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. ജാതിയും അതിൻ്റെ ഇരകളും നമുക്ക് മുമ്പിലുണ്ട്. എന്നാൽ ജാതിക്ക് കാരണമായ വ്യവസ്ഥിതിയെ രൂപപ്പെടുത്തിയതിൻ്റെ രാഷ്ട്രീയത്തെ അറിയണമെങ്കിൽ ഡോ. ബി.ആർ അംബേദ്ക്കറെ വായിക്കുകതന്നെ വേണം. ഇത്തരം ഘട്ടത്തിലാണ് വായനയുടെ രാഷ്ട്രീയം സാംസ്കാരിക യുക്തിയിൽനിന്ന് രാഷ്ട്രീയ തിരിച്ചറിവിലേക്ക് വളരുന്നത്. ഇതുതന്നെയാണ് ഗാന്ധിജിയെ വായിക്കുമ്പോഴും സംഭവിക്കുന്നത്. അഹിംസ നല്ലൊരു സമരമാർഗമാണ്. അതിൻ്റെ ആന്തരിക സത്തയിലേക്ക് ഇറങ്ങിച്ചെന്നാൽ മാത്രമേ അഹിംസയെന്ന സമരമാർഗം ഒരാളിൻ്റെ ജ്ഞാനപദ്ധതിയിൽനിന്ന് രൂപം പ്രാപിക്കുന്നതാണെന്ന് തിരിച്ചറിയാൻ കഴിയൂ. ഇതിനു ഗാന്ധിജിയെ വായിക്കണം. വായന നേരം പോക്കിനും ഉറക്കം വരാത്തവർക്ക് ഉറക്കം വരാനുമുള്ള ടിപ്സല്ലെന്ന യാഥാർഥ്യത്തിൽ എത്താൻ ഇത്തരം നിരീക്ഷണങ്ങൾ നമ്മളെ സഹായിക്കും.
ഇതൊന്നുമല്ലാതെ ഭാഷയെ വികസിപ്പിക്കുന്നതിൻ്റെ സാംസ്കാരികവും രാഷ്ട്രീയവുമായ പ്രധാന ഉത്തരവാദിത്വം വായനയാണ് നിർവഹിക്കുന്നത്. ഇതു തിരിച്ചറിയാൻ ഭാഷാപരമായ ചരിത്രബോധം പ്രധാന ഘടകമാണ്. 1889ൽ ചന്ദുമേനോൻ ഇന്ദുലേഖയിൽ അവതരിപ്പിച്ച പ്രമേയത്തെ ഇന്ന് വീണ്ടും വായിക്കുമ്പോൾ ആ കാലഘട്ടത്തിലെ സാമൂഹികാവസ്ഥ മുമ്പിൽ തെളിഞ്ഞുവരികയാണ്. നമ്മൾ കാണാത്ത ജീവിതത്തെ മനസ്സിലാക്കാനുള്ള ഏറ്റവും ലളിത വഴി വായനതന്നെയാണ്. കാണാത്ത ദേശങ്ങളുടെ സ്വഭാവത്തെ, അവിടത്തെ മനഷ്യരെ മനസ്സിലാക്കാനുള്ള എളുപ്പവഴിയാണിത്. അതുവഴിയുള്ള സാംസ്കരിക രൂപീകരണമാണ് ഏറ്റവും ചെറിയ ദേശത്തുനിന്ന് ആഗോള മനുഷ്യനായി പരിവർത്തനപ്പെടുത്തുന്നത്. അങ്ങനെ വായന ആന്തരികമായി മനുഷ്യനെ നവീകരിക്കുമ്പോൾ ബാഹ്യതലത്തിൽ രാഷ്ട്രീയമായി ക്രമപ്പെടുത്തുന്നു. അതുകൊണ്ടാണ് വർത്തമാന ഇന്ത്യയിൽ വംശീയതയും ദേശീയതയും ശക്തിപ്പെടുമ്പോൾ ഫാസിസത്തിൻ്റെ ലക്ഷണങ്ങളെ വീണ്ടും വീണ്ടും വായിച്ച് അത് ഒരിക്കലും വായിക്കാത്ത നിഷ്കളങ്കരായ ഇന്ത്യയിലെ സാധാരണ മനുഷ്യരോട് നാം എത്തിച്ചേർന്ന ഭയാനക കാലത്തെക്കുറിച്ച് പറയുന്നത്. നാം കാണാത്ത ഹിറ്റ്ലറെ, മുസോളിനി തുടങ്ങി ചരിത്രത്തിലെ ക്രൂരരായ മനുഷ്യരെയും അവരുടെ കാലത്തെയും അറിയണമെങ്കിൽ വായന മാത്രമാണ് ഏക വഴി. ഇത് സാധ്യമാകുമ്പോൾ നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ വായന വലിയ രാഷ്ട്രീയപ്രവർത്തനമായി മാറുന്നു. വായന മനുഷ്യൻ്റെ സർവ വികാര-വിചാരങ്ങളെയും സ്വാധീനിക്കുന്നുണ്ട്. അതിനാൽ നിരന്തര നവീകരണത്തിന് വ്യക്തിയെ പാകപ്പെടുത്തുന്നതിൽ വായന നൽകുന്ന പോസറ്റീവായ ഊർജത്തെ ദൈനംദിന ജീവിതത്തോട് ചേർത്തുപിടിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."