ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. മരിച്ച കാരക്കോണം സ്വദേശി സുരേഷ്‌കുമാറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഡോക്ടര്‍മാരുടെ സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്ത് മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.
സുരേഷ്‌കുമാറിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് മെഡിക്കല്‍ കോളജ് പൊലിസ് കേസെടുത്തത്. ബന്ധുക്കളുടെ മൊഴി പൊലീിസ് രേഖപ്പെടുത്തും. സുരേഷ്‌കുമാറിന്റെ മൃതേദഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണകാരണം അറിഞ്ഞ ശേഷമായിരിക്കും പൊലിസ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് നീങ്ങുക.
ആശുപത്രി അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ യൂറോളജി, നെഫ്രോളജി മേധാവികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോ. വാസുദേവന്‍ പോറ്റി, ഡോ. ജേക്കബ് ജോര്‍ജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
എന്നാല്‍ ഡോക്ടര്‍മാരെ ബലിയാടാക്കുകായണെന്ന ആരോപണവുമായി മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനായ കെ.ജി.എം.സി.ടി.എ രംഗത്തുവന്നു. ശരിയായ അന്വേഷണം നടത്താതെയുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇല്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഡോക്ടര്‍മാരുടെ ബലിയാടാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും സംഘടന സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി.
എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. മൂന്ന് മണിക്കൂറുകൊണ്ടാണ് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലന്‍സ് മെഡിക്കല്‍ കേളേജിലെത്തിയത്. മെഡിക്കല്‍കോളജില്‍ നാല് മണിക്കൂര്‍ കഴിഞ്ഞാണ് ശസ്ത്രിക്രിയ നടന്നത്. ശസ്ത്രക്രിയ വൈകിയതിനാലാണ് കാരണക്കോണം സ്വദേശിയായ സുരേഷ് കുമാര്‍ മരിച്ചതെന്നാണ് ആക്ഷേപം. ഏകോപനത്തില്‍ പിഴവുണ്ടായിരുന്നുവെന്ന് സമ്മതിച്ച മന്ത്രി വീണാജോര്‍ജ് സമഗ്രാന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."