സമസ്ത സെക്രട്ടറിയെ വഴിയില്‍ തടഞ്ഞ് ഗുണ്ടായിസം
സമസ്ത സെക്രട്ടറിയെ വഴിയില്‍ തടഞ്ഞ് ഗുണ്ടായിസം
മലപ്പുറം: സമസ്ത കേരളാ ജംഇയ്യതുല്‍ ഉലമാ സെക്രട്ടറിയും സമസ്ത കേരളാ ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എം.ടി അബ്ദുല്ല മുസ് ലിയാരെ വഴിയില്‍ തടഞ്ഞ് ഗുണ്ടായിസം. വളാഞ്ചേരി മര്‍കസുത്തര്‍ബിയ്യത്തുല്‍ ഇസ് ലാമിയ്യയിലേക്ക് കമ്മിറ്റി യോഗത്തിനെത്തിയ അദ്ദേഹം ഇതു കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴായിരുന്നു വാഫി വിദ്യാര്‍ഥികളും രക്ഷിതാക്കളുമെന്ന് അവകാശപ്പെട്ടെത്തിയ ചിലര്‍ തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തത്.
സി.ഐ.സിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പിന്നാലെ വളാഞ്ചേരി മര്‍കസില്‍ വാഫി, വഫിയ്യ കോഴ്‌സുകള്‍ തുടര്‍ന്നു നടത്തേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെയായിരുന്നു പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തുള്ള യോഗം നടക്കുകയും സി.ഐ.സിയുടെ കീഴിലുള്ള കോഴ്‌സുകള്‍ തുടരേണ്ടതില്ലെന്ന് തീരുമാനമെടുക്കുകയും ചെയ്തത്.
ഈ യോഗം കഴിഞ്ഞ് മുനവ്വറലി തങ്ങളും ആലിക്കുട്ടി മുസ് ലിയാരും അടക്കമുള്ളവര്‍ മടങ്ങി. ഇതിനു ശേഷമായിരുന്നു ചിലര്‍ പ്രകോപനവുമായി രംഗത്തെത്തിയത്. ഇവരില്‍ ചിലരുമായി എം.ടി അബ്ദുല്ല മുസ് ലിയാര്‍ അടക്കമുള്ളവര്‍ സംസാരിച്ചെങ്കിലും കമ്മിറ്റി തീരുമാനം അംഗീകരിക്കില്ലെന്നായിരുന്നു അവരുടെ വാശി. ഇതിനു പിന്നാലെ മടങ്ങാനൊരുങ്ങിയപ്പോഴാണ് എം.ടി അബ്ദുല്ല മുസ് ലിയാര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അടക്കമുള്ള നേതാക്കളെ ചിലര്‍ തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തത്. കോളജിന്റെ കവാടം അടച്ച് നേതാക്കളെ പുറത്തുവിടില്ലെന്ന രീതിയിലേക്ക് ഗുണ്ടായിസം തുടര്‍ന്നപ്പോള്‍, വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി പ്രകോപനമുണ്ടാക്കിയവരെ പിരിച്ചുവിട്ടു. ഇതിനു ശേഷമാണ് നേതാക്കള്‍ മടങ്ങിയത്.
സമസ്ത കേരളാ ജംഇയ്യതുല്‍ ഉലമ ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള സ്ഥാപനമാണ് വളാഞ്ചേരി മര്‍കസ്. സമസ്തയുടെ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട മര്‍കസ് കമ്മിറ്റിയുടെ തീരുമാനത്തെയും സമസ്തയെയും വെല്ലുവിളിച്ചാണ് പ്രകോപനപരമായ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ സമസ്തയുടെ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമിടയില്‍ വലിയ പ്രതിഷേധമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."