ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണം: എം.കെ മുനീര്‍
കോഴിക്കോട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലെ ഇളവ് ആരാധനാലയങ്ങള്‍ക്കും അനുവദിക്കണമെന്ന് മുസ്‌ലിം ലീഗ് നിയമസഭാകക്ഷി ഉപനേതാവ് ഡോ.എം.കെ മുനീര്‍ ആവശ്യപ്പെട്ടു.
നിയമസഭയും മാളുകളും ഗതാഗത സംവിധാനങ്ങളും ഓഫിസുകളുമെല്ലാം നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ ആരാധനാലയങ്ങളോടു മാത്രം വിവേചനപരമായ സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മാസങ്ങളായി ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുന്നതു മൂലം വിശ്വാസിസമൂഹം വല്ലാതെ മനോവിഷമം അനുഭവിക്കുന്നുണ്ട്. കൊവിഡും ലോക്ക്ഡൗണും മൂലം വലിയ പ്രയാസത്തിലായ വിശ്വാസികള്‍ക്ക് ആരാധനാലയങ്ങളിലെത്തി തൊഴാനും പ്രാര്‍ത്ഥിക്കാനും അവസരം ലഭിക്കുന്നത് അവരുടെ സംഘര്‍ഷവും സമ്മര്‍ദവും ലഘൂകരിക്കും. പൊതുഗതാഗതം ആരംഭിച്ച് തീവണ്ടികളിലും കെ.എസ്.ആര്‍.ടി.സി ബസുകളിലുമെല്ലാം അടുത്തടുത്ത് ഇരുന്ന് യാത്ര പോലും തുടങ്ങി.
ശുദ്ധിയും അകലവും പാലിക്കുന്നതില്‍ വിശ്വാസികളും ആരാധനാലയ നടത്തിപ്പുകാരും അതീവ ശ്രദ്ധ പുലര്‍ത്തുന്നവരാണ്.
കര്‍ശന നിയന്ത്രണങ്ങളോടെ ആരാധനകള്‍ക്കും ആചാരങ്ങള്‍ക്കും അനുമതി നല്‍കുന്നത് കൊവിഡ് പ്രതിരോധത്തെ ഒരുതരത്തിലും പ്രതികൂലമായി ബാധിക്കില്ല.
എല്ലാ മേഖലയും പതിയെ പതിവു രീതിയിലേക്ക് വരുമ്പോള്‍ വിശ്വാസിസമൂഹത്തോടു മാത്രം വിവേചനമെന്നത് അംഗീകരിക്കാനാവില്ല. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ വൈകരുതെന്നും മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."