ഏകീകരണം പൂർത്തിയായി തദ്ദേശവകുപ്പിൽ പുതിയ തസ്തികകൾ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്ത് തദേശ സ്വയംഭരണ വകുപ്പുകളുടെ ഏകീകരണം പൂർത്തിയായി. സ്റ്റേറ്റ് സർവിസിന്റെയും സബോർഡിനേറ്റ് സർവിസിന്റെയും കരട് വിശേഷാൽ ചട്ടങ്ങൾ, തസ്തിക സൃഷ്ടിക്കലിനും നവീകരണത്തിനുമുള്ള അനുമതിയോടെ മന്ത്രിസഭായോഗം അംഗീകരിച്ചു.
സംസ്ഥാന ഡയറക്ടറേറ്റിൽ ഒരു അഡിഷണൽ ഡയറക്ടറുടെ തസ്തിക നഗരകാര്യ വിഭാഗത്തിൽ സൃഷ്ടിക്കും. ജില്ലാ തലത്തിൽ വകുപ്പ് മേധാവികളെ നിയമിക്കുന്നതിന് ഏഴു ജോയിന്റ് ഡയറക്ടർ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം അനുമതി നൽകി.
വിവിധ വകുപ്പുകൾ ഏകീകരിക്കുമ്പോൾ ചില സ്‌കെയിലുകൾ റഗുലർ സ്‌കെയിലുമായി പൊരുത്തപ്പെടാത്തതിനാൽ ഈ സ്‌കെയിലുകൾ ഏകീകരിച്ചിട്ടുണ്ട്. ഈ സ്‌കെയിലുകൾ തൊട്ടു മുകളിലേക്കുള്ള ശമ്പള സ്‌കെയിലിലേക്കാണ് അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നത്.
കോർപറേഷൻ സെക്രട്ടറി തസ്തികയും കോർപറേഷൻ അഡിഷണൽ സെക്രട്ടറി തസ്തികയും ഇനി ജോയിന്റ് ഡയറക്ടറാകും. മുൻസിപ്പൽ സെക്രട്ടറി ഗ്രേഡ് 1 തസ്തിക ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മിഷണർക്ക് തുല്യമായി ഡെപ്യൂട്ടി ഡയറക്ടർ ആയും ഗ്രേഡ് 3 തസ്തിക സീനിയർ സെക്രട്ടറിയായും നവീകരിക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ തസ്തിക ഡെപ്യൂട്ടി ഡെവലപ്‌മെന്റ് തസ്തികയ്ക്ക് തുല്യമായി ഡെപ്യൂട്ടി ഡയറക്ടറാകും.
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്‌സ് ഓഫിസർ, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ എന്നീ തസ്തികകൾ അസിസ്റ്റന്റ് ഡെവലപ്മന്റ് കമ്മിഷണർ തസ്തികയ്ക്ക് തുല്യമായി അസിസ്റ്റന്റ് ഡയറക്ടർ തസ്തികയാക്കും.
സബോർഡിനേറ്റ് സർവിസിലെ ഹെൽത്ത് സൂപ്പർ വൈസർ തസ്തിക ക്ലീൻ സിറ്റി മാനേജർ എന്ന പേരിലും കാംപയിൻ ഓഫിസർ തസ്തിക സ്റ്റേറ്റ് കമ്മ്യൂണിക്കേഷൻ ഓഫിസർ എന്ന പേരിലും മാറ്റി ഗ്രേഡ് ഉയർത്തും.
പഞ്ചായത്ത് വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 1 തസ്തിക നഗരകാര്യ വകുപ്പിലെ ഗ്രേഡ് 1 തസ്തികയ്ക്ക് തുല്യമായി പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 1 എന്ന പേരിൽ ഉയർത്തും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോയിന്റ് ഡയറക്ടർ തസ്തികയ്ക്ക് തുല്യമാക്കി ഉയർത്തുകയും തദ്ദേശവകുപ്പിന്റെ കേഡർ തസ്തികയാക്കി മാറ്റുകയും ചെയ്യും.
ഇതിനു പുറമേ പഞ്ചായത്ത് വകുപ്പിലെ 66 പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ തസ്തികകൾ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയ്ക്ക് തുല്യമാക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി തലത്തിലെ ഏറ്റവും സീനിയറായ 66 പേരെയാണ് ഈ തസ്തികയിൽ പരിഗണിക്കുന്നത്.
ഇവരുൾപ്പെട്ട പെർഫോമൻസ് ഓഡിറ്റ് സംവിധാനത്തെ ആഭ്യന്തര വിജിലൻസ് സംവിധാനമാക്കി മാറ്റി, ഇവരെ ഇന്റേണൽ വിജിലൻസ് ഓഫിസർ ആയി വിന്യസിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."