പൗരത്വ നിയമത്തിനെതിരെ മുസ്‌ലിം ലീഗ് നടത്തുന്ന നിയമ പോരാട്ടം ശക്തിയായി തുടരും: ഇ.ടി മുഹമ്മദ് ബഷീര്‍
മലപ്പുറം: പൗരത്വ നിയമത്തിനെതിരെ മുസ്‌ലിം ലീഗ് നടത്തുന്ന നിയമ പോരാട്ടം ശക്തിയായി തുടരുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഇന്ന് നടന്ന സ്റ്റേ പെറ്റീഷന്‍ സംബന്ധിച്ച കേസ് കൗണ്ടര്‍ അഫിഡവിറ്റ് നല്‍കുന്നതിന് വേണ്ടി രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഇന്നലെ മാത്രമാണ് ഞങ്ങള്‍ക്ക് സര്‍ക്കാരിന്റെ സത്യവാങ്മൂലം കിട്ടിയത്. ഉടനെ തന്നെ ഞങ്ങള്‍ സുപ്രിം കോടതിയില്‍ ഞങ്ങളുടെ കേസിന് നേതൃത്വം കൊടുക്കുന്ന അഡ്വ. കപില്‍ സിപല്‍ , അഡ്വ. ഹാരിസ് ബീരാന്‍, ലോയേഴ്‌സ് ഫോറത്തിന്റെ അധ്യക്ഷന്‍ അഡ്വ. മുഹമ്മദ് ഷാ, എന്നിവരുമായിട്ട് മുസ്‌ലിം ലീഗിന്റെ നേതൃത്വം വീഡിയോ കോണ്‍ഫെറന്‍സ് വഴി ചര്‍ച്ച നടത്തിയെന്നും ഇ.ടി പറഞ്ഞു.
ഇന്ന് ഈ കേസ് കോടതിയില്‍ വന്നപ്പോള്‍ ഗവണ്മെന്റ് കൊടുത്തിട്ടുള്ള അഫിഡവിറ്റ് വളരെ വിചിത്രമാണ്. അത് വസ്തുതകളെ വളച്ചൊടിക്കുന്നതാണ്. ഇത് സി.എ.എ നടപ്പിലാക്കാന്‍ വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതല്ല എന്നാണ് അതില്‍ പറഞ്ഞിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ സി.എ.എ എന്തായിരുന്നു? സി.എ.എ ദേശീയ തലത്തില്‍ എതിര്‍ക്കാനുള്ള കാരണം പൗരത്വം മതം മാനദണ്ഡമാക്കി എടുത്തുകൊണ്ടുള്ള നടപടിയാണ്. ഈ നടപടിയാണ് ഇന്ത്യയിലാകെ ശക്തമായ പ്രക്ഷോഭങ്ങളിലൂടെ എല്ലാവരും എതിര്‍ത്തത്. ഇപ്പോഴത്തെ ഉത്തരവില്‍ അതേ വാചകം തന്നെ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. അത് അതില്‍ റിപീറ്റ് ചെയ്തിട്ടുമുണ്ട്. ഇതെല്ലാം ചെയ്തുകൊണ്ട് ഇത് ഞങ്ങള്‍ സി.എ.എ നടപ്പിലാക്കാന്‍ വേണ്ടിയല്ല എന്ന് പറയുന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. സി.എ.എ ഒളിവില്‍ നടപ്പിലാക്കാന്‍ വേണ്ടിയുള്ള കുബുദ്ധിയാണ് ഗവണ്മെന്റ് ഇതില്‍ കാണിച്ചിട്ടുള്ളത്. കൗണ്ടര്‍ അഫിഡവിറ്റില്‍ ഇക്കാര്യങ്ങളെല്ലാം ഞങ്ങള്‍ വിശദമായി സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗ് അതിന്റെ ശക്തമായ നിയമ പോരാട്ടം തുടരുമെന്നും ഇ.ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."