കണ്ണുതുറക്കാതെ നഗരസഭ അധികൃതര്‍
ആലപ്പുഴ: പ്രധാനപാതയോരങ്ങളും കനാലുകളും നിരീക്ഷണത്തിലായതോടെ നഗരത്തിലെ ഇടവഴികളില്‍ മാലിന്യം നിക്ഷേപ കേന്ദ്രങ്ങളായി. ഇടവഴികളിലൂടെ മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥ വന്നിട്ടും നഗരസഭ അധികൃതര്‍ക്ക് ഇളക്കമില്ല.
നഗരത്തിലെ ഇടവഴികളില്‍ മാലിന്യ നിക്ഷേപം വര്‍ധിച്ചതോടെ മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥയാണ്. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ നഗരത്തിലെ പ്രധാന പാതയോരങ്ങളിലും കനാലുകളിലും നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഇവര്‍ നഗരത്തിലെ ഇടവഴികള്‍ താവളമാക്കിയത്. പുലര്‍ച്ചെയും അര്‍ധാരാത്രിയിലുമാണ് മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി നിറച്ചു ഇരുചക്രവാഹനങ്ങളില്‍ കൊണ്ടു വന്നു ഇടവഴികളില്‍ തള്ളുന്നത്. അറവുമാലിന്യങ്ങളും ഇത്തരത്തില്‍ നിക്ഷേപിക്കുന്നുണ്ട്. വീടിനു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന മാലിന്യ കിറ്റുകള്‍ കൊണ്ട് നഗരത്തിലെ പല പ്രദേശങ്ങളിലെയും ജനങ്ങള്‍ വലയുകയാണ്.
മുന്‍കാലങ്ങളില്‍ മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി നഗരസഭ സ്വീകരിക്കുകയും കാമറ നിരീക്ഷണം ഉള്‍പ്പടെ ശക്തമാക്കുകയും ചെയ്തിരുന്നു. ഗാര്‍ഹിക മാലിന്യങ്ങള്‍ വീടുകളില്‍ സംസ്‌കരിക്കുന്നതിന് കമ്പോസ്റ്റ് യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിന് വേണ്ട സൗകര്യങ്ങളും നഗരസഭ ഒരുക്കിയിരുന്നു. നഗരസഭയുടെ മാലിന്യ നിക്ഷേപകേന്ദ്രങ്ങളില്‍ എയറോബിക് കമ്പോസ്റ്റ് യൂനിറ്റുകള്‍ സ്ഥാപിച്ചതോടെ നഗരത്തിലെ മാലിന്യപ്രശ്‌നത്തിന് താത്കാലികമായ പരിഹാരം ഉണ്ടായി. എയറോബിക് യൂനിറ്റുകളില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചാണ് നല്‍കേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നല്‍കുന്നതിന് താല്‍പര്യം കാട്ടാത്തവരാണ് മാലിന്യങ്ങള്‍ വീണ്ടും ഇടവഴികളില്‍ നിക്ഷേപിക്കുന്നത്. ശുചിത്വ നഗരസഭയ്ക്കുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി മാസങ്ങള്‍ കഴിയുന്നതിന് മുന്‍പാണ് നഗരത്തിലെ ഇടവഴികള്‍ മാലിന്യ കേന്ദ്രങ്ങളായി മാറിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."