എക്സ്ട്രാ ഹൈടെൻഷൻ ഷോക്ക്
സിംഗിൾ ഫേസ് ഷോക്കല്ല, എക്സ്ട്രാ ഹൈടെൻഷൻ ഷോക്കാണ് വൈദ്യുതി ചാർജ് നിരക്ക് വർധനവിലൂടെ സർക്കാർ പൊതുജനങ്ങൾക്കുമേൽ ഏൽപ്പിച്ചിരിക്കുന്നത്. ദിവസംതോറും ഓരോ സേവന നിരക്ക് വർധനവിലൂടെ ജനതയെ പീഡിപ്പിക്കുകയാണ് ഭരണകൂടം. കഴിഞ്ഞ ദിവസം ചെറിയ കൂരകൾക്കു പോലും കെട്ടിടനികുതി ചുമത്തി സാധാരണ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾക്ക് ഷോക്കടിപ്പിച്ചെങ്കിൽ വൈദ്യുതി ചാർജ് നിരക്ക് വർധനയിലൂടെ കൂടുതൽ ദുരിതത്തിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു. വീടുകൾക്കുള്ള ഫിക്സഡ് ചാർജിൽ 75 രൂപയുടെ വർധനവും വരുത്തിയിട്ടുണ്ട്.
യൂനിറ്റിന് ശരാശരി 6.6 ശതമാനമാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പ്രഖാപിച്ചത്. പ്രതിമാസം 150 യൂനിറ്റ് ഉപയോഗിക്കുന്ന ഒരു കുടുംബം യൂനിറ്റിന് 25 രൂപവച്ച് പ്രതിമാസം നൽകേണ്ടിവരുമ്പോൾ 300 യൂനിറ്റ് ഉപയോഗിക്കേണ്ടി വരുന്ന കുടുംബം യൂനിറ്റിന് 150 രൂപയാണ് നൽകേണ്ടിവരിക. ദ്വൈമാസത്തെ ബിൽ കാണുമ്പോൾ ബോധം നശിച്ചുപോകുന്ന ഷോക്കായിരിക്കും ഉപയോക്താവിനുണ്ടാവുക. സാധാരണക്കാരുടെ വീടുകളിൽപോലും അരയ്ക്കലും ഇടിയ്ക്കലും ഇപ്പോൾ വൈദ്യുതോപകരണങ്ങളിലൂടെയാണ് നിർവഹിക്കുന്നത്. പഴയ കാലത്തേതുപോലെ ഇടിക്കാനും പൊടിക്കാനും അരയ്ക്കാനും നിന്നാൽ കുട്ടികൾക്ക് സമയത്തിന് ടിഫിനുകളുമായി സ്കൂളുകളിൽ പോകാൻ കഴിഞ്ഞെന്നു വരില്ല. കുടുംബനാഥനും വീട്ടമ്മ ജോലിക്കാരിയാണെങ്കിൽ അവർക്കും സമയത്തിനു ജോലി സ്ഥലത്തെത്താൻ കഴിയില്ല. പുറത്തുനിന്ന് ഭക്ഷണം വാങ്ങി കഴിക്കാമെന്നു വച്ചാൽ അമിത വിലകൊടുത്ത് നിത്യവും പുറത്തുനിന്നു ഭക്ഷണം വാങ്ങി കഴിക്കാനുള്ള ശേഷി സാധാരണ കുടുംബത്തിൽനിന്നു വരുന്നവർക്ക് ഉണ്ടാകുകയുമില്ല.
ഏഴര വെളുപ്പിന് കുടുംബത്തിലെ എല്ലാവരും എണീറ്റ് പാചകത്തിൽ ഏർപ്പെട്ടാൽ മാത്രമേ ഗ്രൈന്ററും മിക്സിയും ഈസി കുക്കും ഉപയോഗിച്ചുള്ള പ്രാതലും ഉച്ചഭക്ഷണവും തയാറാക്കാൻ കഴിയൂ. എല്ലാ വീടുകളിലും ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പാചകവും അലക്കും തേപ്പുപെട്ടിയും സാർവത്രികമാണ്. ഇതെല്ലാം നിത്യജീവിതത്തിന്റെ ഒഴിവാക്കാനാകാത്ത ഭാഗമായതിനാൽ വൈദ്യുതി ചാർജ് വിർധനവിൽ പ്രതിഷേധിച്ചു പഴയ കാലത്തേക്ക് മടങ്ങിപ്പോകാനും കഴിയില്ല. ഇതു മറ്റാരേക്കാളും വൈദ്യുതി വകുപ്പിനും സർക്കാരിനും അറിയാം.
എത്ര നിരക്ക് വർധനയുണ്ടായാലും സാധാരണക്കാരനായ ഉപയോക്താവ് അതെല്ലാം നിശബ്ദം സഹിച്ചു കൊള്ളുമെന്ന അഹങ്കാരമാണ് സർക്കാരിനും വൈദ്യുത വകുപ്പിനും ഇത്തരം ജനദ്രോഹ നടപടികളുമായി മുമ്പോട്ട് പോകാൻ ധൈര്യം നൽകുന്നത്. ജനോപകാരപ്രദമായ കാര്യങ്ങൾ നിർവഹിക്കാനോ അത്തരം കാര്യങ്ങൾക്ക് പണം കണ്ടെത്താനോ അല്ല വീട്ടുനികുതിയും വൈദ്യുതി നിരക്കും വർധിപ്പിക്കുന്നത്. കെടുകാര്യസ്ഥതയും ധൂർത്തും കാരണമാണ് ഖജനാവ് കാലിയാകുന്നത്.
പല വിദേശ രാഷ്ട്രങ്ങളിലെയും ഭരണത്തലവന്മാർ അവരുടെ ഓഫിസുകളിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ, രണ്ടുതവണ കൊവിഡും പ്രളയങ്ങളും തകർത്ത ഭീമമായ കടംവന്നുമൂടിയ കൊച്ചു കേരളത്തിലെ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ 33 ലക്ഷത്തിന്റെ കിയ കാർണിവൽ കാറാണ് വാങ്ങാൻ പോകുന്നത്. സർക്കാരിന്റെ അനുമതിക്ക് കാത്തുനിൽക്കാതെ വൈദ്യുതി വകുപ്പിലെ എൻജിനീയർമാർ അവരുടെ ശമ്പള ആനുകൂല്യങ്ങൾ സ്വയം വർധിപ്പിച്ചതായുള്ള ആക്ഷേപം വേറെയും ഉയർന്നു വന്നതാണ്. സംസ്ഥാനത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്നത് യാഥാർഥ്യമാണ്. അത് പരിഹരിക്കാൻ വീട്ടുനികുതിയും വൈദ്യതി നിരക്കും വർധിപ്പിച്ചതുകൊണ്ട് ഫലമുണ്ടാകില്ല. നിത്യോപയോഗ സാധനങ്ങളുടെ അമിതവിലയും സേവന നിരക്കുകളുടെ വർധനവും ഉണ്ടാകുമ്പോൾ സ്വാഭാവികമായും സാധാരണക്കാരന്റെ കൈയിൽ നിന്നും പണം ചോർന്നുപോകും. അനന്തരഫലമായി വിപണിയിൽ ക്രയവിക്രയം മന്ദീഭവിക്കുകയാണ് ചെയ്യുക. സർക്കാരിന്റെ വൈദ്യതചാർജ് നിരക്ക് വർധനയും വീട്ടുനികുതി വർധനവും പൊതുജീവിതത്തെ കൂടുതൽ മന്ദീഭവിപ്പിക്കുകയേയുള്ളു. സംസ്ഥാനത്തിന്റെ സാമ്പത്തിക മാന്ദ്യം മറികടക്കാൻ ധനകാര്യ വകുപ്പിന് ക്രിയാത്മകമായ ഒരു പദ്ധതി രൂപപ്പെടുത്തിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ധനവിനിയോഗത്തിൽ ധനവകുപ്പിന് ഒരു നിയന്ത്രണവുമില്ലാത്തതു പോലെയാണ് സംസ്ഥാനത്തെ സാമ്പത്തികനില നിരീക്ഷിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടുക. നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം കുതിച്ചു കയറിക്കൊണ്ടിരിക്കുന്നു. ഇതിനെതിരേ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല. വിപണിയിൽ സർക്കാർ ഇടപെടുന്നില്ല.
എന്നാൽ സാധാരണക്കാരന്റെ മേൽ വീട്ടുനികുതിയായും വൈദ്യുതി ചാർജ് നിരക്ക് വർധനയായും അമിതഭാരം കെട്ടിവയ്ക്കാൻ ഒരു മനഃസാക്ഷിക്കുത്തും ഇല്ല. അധികാര പ്രമത്തതയിൽ സാധാരണക്കാരന്റെ തുച്ഛമായ വരുമാനം ഇത്തരം നടപടികളിലൂടെ തട്ടിപ്പറിക്കുകയാണ് വൈദ്യുതി ബോർഡ്. ഡൽഹി, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ ഗാർഹിക ഉപയോക്താക്കൾക്ക് അവിടുത്തെ സർക്കാരുകൾ സൗജന്യമായും കുറഞ്ഞ നിരക്കിലും വൈദ്യുതി നൽകിക്കൊണ്ടിരിക്കുമ്പോൾ ജലവൈദ്യുത പദ്ധതികളാൽ സമ്പന്നമായ സംസ്ഥാനത്ത് ചാർജ് നിരക്ക് വർധനയിലൂടെ സാധാരണക്കാരെ കൊല്ലാക്കൊല ചെയ്യുകയാണ്. വൈദ്യുതി ബോർഡിലെ ധൂർത്തും അഴിമതിയും തുടച്ചുനീക്കുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്.
ആയിരക്കണക്കിനു കോടി രൂപയുടെ നികുതികുടിശിക പിരിച്ചെടുക്കാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറയുമ്പോൾ വസ്തുതകൾ നിരത്തിയിരുന്നു. അദ്ദേഹത്തിന്റെ വാദത്തെ ഖണ്ഡിക്കാൻ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലിന് കഴിയുന്നില്ല. എത്രയോ വൻകിട വ്യവസായികളും സർക്കാർ സ്ഥാപനങ്ങളും ഭീമമായ വൈദ്യുതി കുടിശിക കൊടുത്തു തീർക്കാനുണ്ട്. 1,200 കോടി കുടിശിക സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് മാത്രം പിരിച്ചെടുക്കാനുണ്ട്. ഇത് തിരിച്ചുപിടിക്കാൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ പക്കൽ തീവ്രയത്ന പരിപാടികളൊന്നുമില്ല. എളുപ്പത്തിൽ കഴിയുക സാധാരണക്കാരന്റ മേൽ അമിതനികുതി ഭാരവും സേവന നിരക്ക് വർധനയും ഏർപ്പെടുത്തുക എന്നതാണ്.
സാധാരണക്കാരാകുമ്പോൾ എല്ലാം നിശബ്ദം സഹിച്ചുകൊള്ളും. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങൾ ചൂട്ടുകത്തിച്ചുള്ള പ്രകടനങ്ങളിൽ ഒതുങ്ങുകയും ചെയ്യും. ഇത്തരം പ്രതിഷേധ സമരങ്ങളുടെ പരിഹാസ്യതയെ കുറിച്ച് സർക്കാരിന് തികഞ്ഞ ബോധ്യമുള്ളതിനിലാണ് ഇത്തരം സമരമുറകൾ സർക്കാരിനെ അലട്ടാത്തത്. കേരളത്തിൽ ഇപ്പോൾ വൈദ്യതി ചാർജ് വർധിപ്പിക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണുമാണുള്ളത്? ഓരോ ദിവസം കഴിയുന്തോറും സാധാരണക്കാരന് ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്കാണ് സർക്കാർ ജനത്തെ തള്ളിയിട്ടു കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."