'ആര്‍ഭാടം' ഭയന്ന് അറ്റകുറ്റപ്പണി നടത്തിയില്ല; മന്ത്രിമന്ദിരങ്ങള്‍ ചോര്‍ന്നൊലിക്കുന്നു
തിരുവനന്തപുരം: ആര്‍ഭാട ആരോപണം ഭയന്ന് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയില്ല. കെട്ടിടങ്ങള്‍ മഴയില്‍ ചോര്‍ന്നൊലിച്ച് നശിക്കുകയാണ്.
പല മന്ത്രിമന്ദിരങ്ങളും പുരാതന കെട്ടിടങ്ങളാണ്. വര്‍ഷംതോറും അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ അവ നശിച്ചുപോകും. അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതിനാല്‍ ഔദ്യോഗിക വസതിയിലേക്ക് മാറാനാവാതെ 14 മന്ത്രിമാരും പ്രതിപക്ഷനേതാവും ഗസ്റ്റ് ഹൗസുകളിലും എം.എല്‍.എ ഹോസ്റ്റലിലും സ്വന്തം വീടുകളിലുമാണ് ഇപ്പോള്‍ താമസിക്കുന്നത്.
ധനമന്ത്രി കെ.എന്‍ ബാലഗോപാലിനുള്ള 'പൗര്‍ണമി'യുടെ ഭിത്തികള്‍ ചോര്‍ന്ന് കിടപ്പുമുറിയില്‍ കിടക്കാന്‍ പോലുമാവാത്ത അവസ്ഥയാണ്. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും ആര്‍ഭാട ആരോപണം ഭയന്ന് അറ്റകുറ്റപ്പണിക്ക് മടിക്കുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് അനുവദിച്ച വഴുതക്കാട്ടെ 'സാനഡു'വും ഓടുകള്‍ പൊട്ടി ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്.
ഭക്ഷ്യമന്ത്രി താമസിക്കേണ്ട രാജ്ഭവനു സമീപമുള്ള 'അജന്ത'യില്‍ ഫലപ്രദമായ അറ്റകുറ്റപ്പണി നടന്നിട്ട് കാലമേറെയായി. കൃഷിമന്ത്രി പി.പ്രസാദ് താമസിക്കേണ്ട നന്തന്‍കോട്ടെ 'ലിന്റ് ഹസി'ലെ മിക്ക മുറികളും നശിച്ച അവസ്ഥയിലാണ്. മരപ്പട്ടിയുടെയും എലിയുടെയും ശല്യം വേറെയും. പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന്റെ അവസ്ഥയും ദയനീയമാണ്.
ദേവസ്വം മന്തി കെ. രാധാകൃഷ്ണനും ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും എം.എല്‍.എ ഹോസ്റ്റലിലും മന്ത്രി വി.എന്‍ വാസവന്‍ മകളുടെ വീട്ടിലുമാണ് താമസം. മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിക്കേണ്ട ഗതാഗതമന്ത്രി ആന്റണി രാജു സ്വന്തം വീട്ടില്‍നിന്നാണ് ഓഫിസിലെത്തുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് കോംപൗണ്ടിലെയും അതിനു പുറത്തെയും മന്ത്രിമന്ദിരങ്ങളാണ് അറ്റകുറ്റപ്പണി നടത്താതെ കൂടുതലും നശിക്കുന്നത്.
ആര്‍ഭാടം നടത്തി മന്ദിരം മോടിപിടിപ്പിച്ചെന്ന ആക്ഷേപത്തില്‍നിന്ന് തലയൂരാന്‍ ഒന്നാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാര്‍ മത്സരിച്ചതോടെ നശിക്കുന്നത് ഈ പുരാതന മന്ദിരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."