പ്ലാച്ചിമട: ഇച്ഛാശക്തിയുണ്ടെങ്കിൽ പരിഹാരവുമുണ്ട്
ഡോ. എസ്. ഫെയ്സി/ വി.എം ഷൺമുഖദാസ്
പ്ലാച്ചിമടയിലെ ആദിവാസികൾ ഉൾപ്പെടുന്ന പ്രാദേശികജനത ബഹുരാഷ്ട്ര കുത്തകക്കമ്പനി കൊക്കകോളക്കെതിരേ നടത്തിയ സമരം 20 വർഷം പിന്നിട്ടു. 2002 ഏപ്രിലിലാണ് സമരം തുടങ്ങുന്നത്. ഈ കാലയളവിൽ കേരളം ഭരിച്ച മുഖ്യമന്ത്രിമാരെല്ലാം പ്ലാച്ചിമടയിലെ സമരങ്ങളിൽ നേരിട്ടെത്തി പങ്കാളികളായിട്ടുണ്ട്, ഒരാളൊഴിക. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനാണത്. വി.എസ് അച്യുതാനന്ദൻ ഭരണകാലത്ത് പ്ലാച്ചിമടയിൽ കോളക്കമ്പനി വരുത്തിയ നാശനഷ്ടങ്ങൾ പഠിക്കാൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ അധ്യക്ഷനായി വിദഗ്ധസമിതിയെ നിയമിച്ചിരുന്നു. സമിതി നിർദേശിച്ച പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബിൽ തയാറാക്കി കേന്ദ്ര, കേരള സർക്കാരുകൾക്ക് അയച്ചു. എന്നാൽ ബില്ല് ഇതുവരെ പാസാക്കിയെടുക്കാൻ കഴിയിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ നഷ്ടപരിഹാരത്തിനായി ഓഗസ്റ്റ് 15 മുതൽ അനിശ്ചിതകാല സമരം തീരുമാനിച്ചിരിക്കുകയാണ് സമരസമിതി. പ്ലാച്ചിമട ഉന്നതാധികാര സമിതി അംഗമായിരുന്ന ഡോ. എസ്. ഫെയ് സിയുടെ നിർദേശങ്ങൾ സർക്കാരിന്റെ ശ്രദ്ധയ്ക്കായി പങ്കുവയ്ക്കുകയാണിവിടെ.
?പ്ലാച്ചിമടയിൽ നഷ്ടപരിഹാരം സാധ്യമാക്കുമെന്ന വാഗ്ദാനം ചെയ്താണ് ഇടതുസർക്കാർ അധികാരത്തിലെത്തുന്നത്. ശേഷം പ്ലാച്ചിമട സമരത്തോട് നീതിപുലർത്താൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞിട്ടുണ്ടോ
=പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ലിന്റെ കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന വാഗ്ദാനം പ്രകടനപത്രികയിൽ ഉൾപ്പെടുത്തി തന്നെയാണ് ഇടതുസർക്കാർ 2016ൽ ഭരണത്തിലേറുന്നത്. പ്രശ്‌നങ്ങൾ പരിഹരിച്ച് ബില്ല് നിയമസഭയിൽ പുനരവതരിപ്പിക്കുമെന്നാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ 2017 ഫെബ്രുവരി 23നു നിയമസഭാ സമ്മേളനം തുടങ്ങുന്നതിനുമുമ്പ് അറിയിച്ചത്. എന്നാൽ നിയമസഭയിൽ ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി. തോമസ് പറഞ്ഞത്, ബില്ല് പുനരവതരിപ്പിക്കാൻ കഴിയില്ലെന്ന് നിയമോപദേശം ലഭിച്ചുവെന്നാണ്. ബില്ലിന്റെ കാര്യത്തിൽ അവ്യക്തത തുടർന്ന പശ്ചാത്തലത്തിലാണ് 2017 ഏപ്രിൽ 22 മുതൽ പാലക്കാട് കലക്ടറേറ്റിനു മുന്നിൽ പ്ലാച്ചിമട സമരസമിതി അനിശ്ചിതകാല സത്യഗ്രഹം തുടങ്ങുന്നത്. 2017 ജൂൺ 15നു മുഖ്യമന്ത്രി പ്ലാച്ചിമടയിലെ സമരപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. അന്നു നഷ്ടപരിഹാര ട്രിബ്യൂണലിന്റെ കാര്യത്തിലും കമ്പനിക്കെതിരായ നിയമനടപടികളുടെ കാര്യത്തിലും കാലതാമസം കൂടാതെ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. മുഖ്യമന്ത്രിയുടെ ഉറപ്പിൽ സമരസമിതി അനിശ്ചിതകാല സത്യഗ്രഹം പിൻവലിക്കുകയും ചെയ്തു.
എന്നാൽ, കൊക്കകോള കമ്പനിയെ കുറ്റവിചാരണ ചെയ്യാനോ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനോ ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ സർക്കാർ താൽപര്യം കാണിച്ചില്ല. ഗുരുതരമല്ലാത്ത നടപടികളാണ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ കമ്പനിക്കെതിരേ സ്വീകരിച്ചത്. വ്യവസായ വകുപ്പാണെങ്കിൽ പരസ്യമായി തന്നെ പ്ലാച്ചിമട സമരത്തിന് എതിരുമായിരുന്നു.
?കൊക്കകോളയെ സർക്കാർ വഴിവിട്ടു സഹായിക്കുന്നതായി തോന്നിയിട്ടുണ്ടോ
=സമരപ്രവർത്തകർക്കു നൽകിയ ഉറപ്പിനു വിപരീതമായ നടപടികളാണ് സർക്കാർ തുടർന്ന് സ്വീകരിച്ചത്. 2017 ഡിസംബറിലാണ് കമ്പനിയുടെ പ്രതിനിധികൾ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് സി.എസ്.ആർ പദ്ധതി അവതരിപ്പിക്കുന്നത്. ആറുമാസം മുമ്പ് സമരപ്രവർത്തകർക്കു നൽകിയ ഉറപ്പ് അവഗണിച്ച് സർക്കാർ കമ്പനിയുടെ പദ്ധതിക്കൊപ്പം നിന്നു. പദ്ധതിസംബന്ധിച്ച അഭിപ്രായമറിയുന്നതിനായി പാലക്കാട് ജില്ലാപഞ്ചായത്തിൽ 2019 ഓഗസ്റ്റിൽ സർവകക്ഷിയോഗം നടന്നു. പദ്ധതി നടപ്പാക്കണോ, വേണ്ടയോ എന്നതു സംബന്ധിച്ച് അതിൽ തീരുമാനമായില്ല. എങ്കിലും നഷ്ടപരിഹാരം നൽകിയതിനു ശേഷം മാത്രമേ പദ്ധതിയെക്കുറിച്ച് ആലോചിക്കാൻ കഴിയൂവെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജനപ്രതിനിധികൾ എതിർപ്പ് അറിയിച്ചതിനു ശേഷം വിഷയത്തിൽപിന്നെ സർക്കാർ മൗനംപൂണ്ടു. രണ്ടു വർഷത്തിനു ശേഷം കൊവിഡ് ചികിത്സാകേന്ദ്രം തുടങ്ങുകയും ചെയ്തു.
കൊവിഡ് ചികിത്സാകേന്ദ്രം തുടങ്ങിയ കമ്പനിയുടെ ഉദാരമനസ്‌കതയെ പുകഴ്ത്തിക്കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്ലാച്ചിമടയിലെ സി.എസ്.എൽ.ടി.സി ഉദ്ഘാടനം ചെയ്തത്. പ്ലാന്റിനകത്ത് സി.എസ്.ആർ ഫണ്ടുപയോഗിച്ച് സൗകര്യമൊരുക്കിയ കൊക്കകോള കമ്പനിയെ പ്രശംസിക്കുകയും ചെയ്തു. അങ്ങനെ, ശക്തമായ സമരങ്ങളെ തുടർന്ന് അടച്ചുപൂട്ടിയ കൊക്കകോള പ്ലാന്റ് മറ്റൊരു പേരിൽ വീണ്ടും തുറക്കപ്പെട്ടു.
പ്ലാന്റിനകത്തെ കെട്ടിടങ്ങൾ സജ്ജമാക്കുന്നതിന് കൊക്കകോള കമ്പനിയുടെ സി.എസ്.ആർ ഫണ്ടുകൂടി ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ തണലിൽ പ്ലാച്ചിമടയിലേക്ക് മടങ്ങിവരാൻ കൊക്കകോള നടത്തുന്ന തയാറെടുപ്പുകളുടെ ഭാഗമാണ് ഈ നീക്കമെന്നു വ്യക്തം.
പ്ലാച്ചിമടയിലെ മലിനീകരണത്തിന്മേലുള്ള പങ്ക് തള്ളിപ്പറയാനും നിയമപ്രകാരമുള്ള നടപടികളെ മറികടക്കാനും കമ്പനി എന്നും ശ്രദ്ധിച്ചിട്ടുണ്ട്. ശീതളപാനീയ നിർമാണം നടന്നില്ലെങ്കിലും ഏതെങ്കിലും തരത്തിൽ പ്ലാന്റ് നിലനിർത്തുക എന്ന താൽപര്യമാണ് കമ്പനിക്കുള്ളത്.
? പൊലിസും മലിനീകരണ നിയന്ത്രണ ബോർഡും ഇപ്പോൾ എന്തു നിലപാടാണ് സ്വീകരിച്ചിക്കുന്നത്
=പ്ലാച്ചിമടയിലെ സമരപ്രവർത്തകർക്കെതിരേ നിരവധി കേസുകൾ സമരത്തിന്റെ ആദ്യനാളുകളിലും പിന്നീടും ചിറ്റൂർ പൊലിസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2016 ജൂൺ ഒമ്പതിനാണ് കമ്പനിക്കെതിരായ ആദ്യ എഫ്.ഐ.ആർ മീനാക്ഷിപുരം പൊലിസ് രജിസ്റ്റർ ചെയ്യുന്നത്. കമ്പനിക്കെതിരായ സമരം തുടങ്ങി 14 വർഷത്തിനു ശേഷമായിരുന്നു അത്. പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമംപ്രകാരം വിജയനഗർ കോളനിയിലെ തങ്കവേലുവും മറ്റുള്ളവരും നൽകിയ പരാതിയിന്മേലാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. കമ്പനിയുടെ പ്ലാച്ചിമട പ്ലാന്റ് തലവൻ, കൊച്ചി ആസ്ഥാനമായുള്ള കേരള റീജ്യനൽ തലവൻ, ഡൽഹി നോയ്ഡ ആസ്ഥാനമായുള്ള അഖിലേന്ത്യാ തലവൻ എന്നിവർക്കെതിരേയാണ് മയിലമ്മയുടെ മകൻ തങ്കവേലു അടക്കമുള്ളവർ പരാതി നൽകിയത്. ആദിവാസികൾ ഉപയോഗിച്ചുവരുന്ന ജലസ്രോതസുകൾ മലിനമാക്കുകയും ഉപയോഗശൂന്യമാക്കുകയും ചെയ്‌തെന്നതാണ് പരാതി. ഈ നൽകിയ പരാതിയിൽ കൊക്കകോളയുടെ ഉന്നതോദ്യോഗസ്ഥരെ ഇതുവരെ ചോദ്യം ചെയ്യാൻ പൊലിസിനു കഴിഞ്ഞിട്ടില്ല. എഫ്.ഐ.ആർ ഇടാൻപോലും ആദ്യഘട്ടത്തിൽ പൊലിസ് തയാറായിരുന്നില്ല.
പരാതി നൽകിയവർ പൊലിസിന്റെ അനാസ്ഥക്കെതിരേ പട്ടികജാതി, പട്ടികവർഗ കമ്മിഷന് മറ്റൊരു പരാതി നൽകി. കമ്മിഷൻ ഇടപെട്ടതിനെ തുടർന്നാണ് മീനാക്ഷിപുരം പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്. പാലക്കാട് ജില്ലാ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടിനായിരുന്നു അന്വേഷണ ചുമതല.
2016 മുതൽ ഡിവൈ.എസ്.പി തലത്തിലുള്ള ആറോളം പൊലിസ് ഉദ്യോഗസ്ഥർ അന്വേഷണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. എന്നിട്ടും കമ്പനിയുടെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്തില്ല. കേസിലെ എതിർകക്ഷികളായ വിനീത് കുമാർ കപില, എൻ. ജനാർദ്ദനൻ എന്നിവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്നാണ് 2019ൽ ഡിവൈ.എസ്.പി സാജു കെ. എബ്രഹാം കോടതിയെ അറിയിച്ചത്. ഈ കേസ് നിലനിൽക്കുന്ന അതേ കാലയളവിൽ തന്നെയാണ് മുഖ്യമന്ത്രി കൊക്കകോളയുടെ സി.എസ്.ആർ പദ്ധതിയെ സ്വീകരിക്കുന്നതും.
?പ്ലാന്റിലെ ഖരമാലിന്യത്തിൽ ഘനലോഹ സാന്നിധ്യം കൂടുതലാണെന്ന റിപ്പോർട്ട് വന്നിരുന്നല്ലോ. പിന്നീട് ഇത് സാധാരണതോത് ആണെന്നും വരുത്തിത്തീർത്തു. ഇതിനുപിന്നിൽ...
=ഘനലോഹ സാന്നിധ്യം അനുവദനീയ പരിധിയുടെ 400-600 ശതമാനം വരെ കൂടുതലാണെന്ന് മലിനീകരണനിയന്ത്രണ ബോർഡ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. 2019ൽ ഡിവൈ.എസ്.പി സാജു കെ. എബ്രഹാം നൽകിയ റിപ്പോർട്ടിൽ കമ്പനി കാരണമാണ് പ്രദേശത്ത് മലിനീകരണം ഉണ്ടായിട്ടുണ്ടെന്നതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ട്. 2017ലും 2019ലും പ്രദേശത്തെ പൊതുകിണറും സ്വകാര്യ കിണറുകളും പരിശോധിച്ചതിന്റെ ഫലം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019ൽ നടത്തിയ ഘനലോഹ പരിശോധനയിൽ വെള്ളത്തിന്റെ സാമ്പിളിൽ ക്രോമിയത്തിന്റെ അളവ് അനുവദനീയ പരിധിയേക്കാൾ കൂടുതലാണെന്ന് കണ്ടെത്തി. എന്നാൽ 2017ൽ നടത്തിയ പരിശോധനയിൽ ഇവയെല്ലാം അനുവദനീയ പരിധിക്ക് അകത്തായിരുന്നു!
ഈ വ്യതിയാനത്തിനു കാരണം സ്ഥലത്തിന്റെ ജിയോളജിക്കൽ പ്രത്യേകതകൾ ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കിണറുകളിലെ ഘനലോഹ സാന്നിധ്യത്തിലുള്ള വർധനവ് കൊക്കകോള കമ്പനിയുടെ പ്രവർത്തനഫലമാണെന്ന് ഉറപ്പിച്ചു പറയാനുള്ള ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നും റിപ്പോർട്ട് പറയുന്നു. കമ്പനി കാരണമാണ് പ്ലാച്ചിമടയിൽ മലിനീകരണം നടന്നതെന്ന് മലിനീകരണ നിയന്ത്രണബോർഡ് അടക്കമുള്ള സ്ഥാപനങ്ങൾ തെളിയിച്ചതാണ്. എന്നിട്ടും കമ്പനിയെ രക്ഷിക്കാൻ പാടുപെടുകയാണ് പൊലിസും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും. ഇവർക്കെതിരേ നിയമനടപടികൾ സ്വീരകിക്കേണ്ട അവസ്ഥയാണുള്ളത്.
?കോള കമ്പനിയെ വരുതിയിലാക്കാൻ സർക്കാരിന് എന്താണ് ചെയ്യാൻ കഴിയുക
=നീതിയുടെ പക്ഷത്തു നിൽക്കാൻ തയാറാവുന്ന ഒരു സർക്കാരിന് പ്ലാച്ചിമടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇനിയും ചില സാധ്യതകളുണ്ട്. പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ല് ആവശ്യമായ മാറ്റങ്ങൾ വരുത്തി നിയമസഭയിൽ പുനരവതരിപ്പിക്കുക എന്നതാണ് അതിലൊന്ന്. കേന്ദ്ര നിയമങ്ങളുമായി ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന പൊരുത്തക്കേടുകൾ ഒഴിവാക്കാൻ ശ്രമിച്ചാൽ ബില്ല് നിയമമാക്കാൻ കഴിയും. ജലമലിനീകരണ നിയന്ത്രണ നിയമപ്രകാരം കമ്പനിക്കെതിരേ നിയമനടപടി സ്വീകരിക്കാൻ തയാറാവുക എന്നതാണ് മറ്റൊരു സാധ്യത. കമ്പനിക്കെതിരേ മറ്റൊരു കേസ് നിലനിന്നിരുന്നതിനാലാണ് പി.സി.ബിയുടെ നിയമനടപടികൾ പാതിവഴിയിൽ മുടങ്ങിയത്. ഗോകുൽ പ്രസാദിന്റെ കേസിൽ വിധി വന്ന പശ്ചാത്തലത്തിൽ കമ്പനിക്കെതിരേ നിയമനടപടി സ്വീകരിക്കാൻ പി.സി.ബിക്ക് ഇനി കഴിയും. പട്ടിതജാതി, പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരമുള്ള കേസിൽ കൊക്കകോളയുടെ ഉന്നതതോദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നിർദേശം പൊലിസിന് നൽകുക എന്നതാണ് മറ്റൊന്ന്.
216 കോടിയുടെ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കമ്പനിക്ക് നോട്ടിസ് അയക്കാം. ഇതിനായി ഒരു അക്കൗണ്ട് തുറന്ന് തുക അതിലേക്ക് നിക്ഷേപിക്കാൻ നിർദേശിക്കാം. കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ കഴിയും. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയാണ് നഷ്ടം കണക്കായിരിക്കുന്നത്. ഇച്ഛാശക്തിയും രാഷ്ട്രീയനിലപാടുമുണ്ടെങ്കിൽ പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതകളുമുണ്ട്.
കൊക്കകോളക്കെതിരേ ദേശീയ മനുഷ്യാവകാശ കമ്മിഷനു ഞാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേരളാ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയെങ്കിലും വ്യക്തമായ റിപ്പോർട്ട് കേരളസർക്കാർ നൽകാൻ തയാറായിട്ടില്ലെന്നാണ് അറിയുന്നത്. പാലക്കാട്ടെ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫിസറും സംഘവും കൊക്കകോളക്ക് അനുകൂലമായി, ഇപ്പോൾ പ്ലാച്ചിമടയിൽ മലിനീകരണം ഇല്ലെന്ന റിപ്പോർട്ടാണ് നൽകിയത്. ഇത് കേരളസർക്കാരിന് ബോർഡ് മുമ്പ് നൽകിയ പഠനറിപ്പോർട്ടിന് വിരുദ്ധവുമാണ്.
അമേരിക്കയിലെ കൊക്കോകോള കമ്പനിക്ക് 216 കോടി രൂപ നൽകാൻ ഒരു പ്രശ്‌നവും ഉണ്ടാവാൻ സാധ്യതയില്ല. പക്ഷേ, നമ്മൾ ചോദിക്കാതെ അവർ തരില്ല. പണം തരാതിരിക്കാൻ അവർ പരമാവധി ശ്രമിക്കും. ഇതിനെതിരേ സർക്കാർ ശക്തമായി മുന്നോട്ടുപോകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."