സത്യാനന്തര കാലത്തെ അക്ഷരജീവിതങ്ങള്‍
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
എല്ലാ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നു. ഈ ദിനത്തോടനുബന്ധിച്ച് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഒട്ടേറെ പ്രഭാഷണങ്ങളും പ്രസംഗങ്ങളും കേരളത്തിന്റെ അങ്ങോളമിങ്ങോളം അലയടിക്കുന്നു. വളരെ നല്ല കാര്യം. വായനയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള ചിന്ത മാത്രമല്ല സത്യത്തില്‍, ഈ ദിവസം നടക്കുന്നത്. വായനയില്‍ താന്‍ ഏറെ പിറകിലാണല്ലോ എന്ന കുറ്റബോധത്തിന്റെ ദിവസം കൂടിയാണത്.
പലരും പറയാറുണ്ട്. വായിക്കാന്‍ ഏറെ ആഗ്രഹമുണ്ട്. എന്തു ചെയ്യാന്‍, സമയം കിട്ടാറില്ല... ഇങ്ങനെ പറയുന്നവര്‍ സ്വയം കണ്ടെത്തേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ നിത്യജീവിതത്തില്‍ എത്രമാത്രം പ്രാധാന്യമാണ് പുസ്തകത്തിനും വായനയ്ക്കും നല്‍കുന്നത്. ഒരു ഫുള്‍സ്‌കാപ്പ് പേപ്പറെടുത്ത് സ്വകാര്യമായ ഒരിടത്തിരുന്ന്, നാം നമ്മുടെ ദൈനംദിന ജീവിതത്തില്‍ എന്തിനൊക്കെയാണ് പ്രാധാന്യം കല്‍പ്പിക്കുന്നത് എന്നതിന്റെ ഒരു മുന്‍ഗണനാ ലിസ്റ്റ് തയാറാക്കി നോക്കുക. അപ്പോഴറിയാം, വായനയ്ക്ക് സത്യത്തില്‍ നാം നല്‍കുന്ന സ്ഥാനം എത്രയോ താഴെയാണെന്ന്. മറ്റൊരു സമൂഹത്തിനുമില്ലാത്ത ഒരു രസകരമായ മലയാളി സ്വഭാവമാണത്. ഒട്ടുമിക്ക പേരും താന്‍ പുസ്തകവായനയിലേര്‍പ്പെടുന്നില്ല എന്ന കുറ്റബോധത്തിന്റെ ഒരുതരം 'അലട്ട്' ഉള്ളില്‍ കൊണ്ടുനടക്കുന്നവരാണ്. ഈ കുറ്റബോധത്തിനു വേണ്ടി എടുക്കുന്ന മാനസികസമയത്തിന്റെ പകുതി മതി, നാല് നല്ല പുസ്തകം വായിക്കാന്‍!
വായനയുമായി ബന്ധപ്പെട്ട ഈ 'കുറ്റബോധം' എന്തുകൊണ്ട് മലയാളിയുടെ മാത്രം സ്വഭാവമാകുന്നു എന്നതിന്റെ കാരണം, നാം ഒരു സാക്ഷരതാ സമൂഹമാണെന്നതു കൊണ്ട് മാത്രമല്ല, നാം നേടിയ ആധുനിക മാനവിക സങ്കല്‍പ ലോകത്തിന്റെ ഉറവിടം മുഖ്യമായും പുസ്തകങ്ങളുമായി ബന്ധപ്പെട്ടതു കൊണ്ടുതന്നെ. നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍, സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍, ഇടതുപക്ഷ ആശയലോകത്തിന്റെ പിറവി ഇവയൊക്കെ പുസ്തകങ്ങളെയും വായനയെയും അവലംബിച്ചാണ് സംഭവിച്ചത്. സാഹിത്യം അതിന്റെ പ്രധാന ചാലകശക്തിയായിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളികളില്‍ പലരും സര്‍ഗാത്മക രചയിതാക്കള്‍ കൂടിയായിരുന്നു എന്നതും ശ്രദ്ധേയമാണ്. ശ്രീനാരായണ ഗുരു തന്നെ ഒരു ഉദാഹരണം. വൈക്കം മുഹമ്മദ് ബഷീര്‍ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടിയ ആളാണ്. പത്രപ്രവര്‍ത്തകനായിട്ടാണ് തുടക്കം. പിന്നെയാണ് സര്‍ഗാത്മക സാഹിത്യത്തിലേക്ക് കടക്കുന്നത്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നിരവധി ചെറുതും വലുതുമായ പ്രസിദ്ധീകരണങ്ങള്‍ കേരളത്തില്‍ സംഭവിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ നേതൃത്വത്തിലിറങ്ങിയ അല്‍ അമീന്‍ പത്രത്തെപ്പറ്റി നമുക്കറിയാം. മാതൃഭൂമി ദിനപത്രം ഇന്നും പ്രധാന പത്രമായി മലയാളി ജീവിതത്തോടൊപ്പമുണ്ട്.
മലയാള മനോരമ, ദീപിക, കേരള കൗമുദി, ചന്ദ്രിക തുടങ്ങിയ പത്രങ്ങള്‍ നിര്‍വഹിച്ച സാമൂഹ്യദൗത്യങ്ങള്‍ ഭൂതകാല വെളിച്ചമായി അക്ഷരലോകത്ത് ഇന്നുമുണ്ട്. സാഹിത്യവും രാഷ്ട്രീയ കാലാവസ്ഥയുടെ വൈജ്ഞാനിക രംഗങ്ങളും ഒന്നിച്ചുപോയതിന്റെ ചരിത്രപരമായ അനുരണനങ്ങള്‍ തന്നെയാണ് സി.എച്ച് മുഹമ്മദ് കോയ എന്ന മികച്ച പുസ്തകവായനക്കാരനായ രാഷ്ട്രീയപ്രവര്‍ത്തകനെ സൃഷ്ടിച്ചതും. ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ ആദ്യകാല നേതാക്കളില്‍ ഇ.എം.എസ് അടക്കമുള്ള പലരും മികച്ച എഴുത്തുകാര്‍ കൂടിയായിരുന്നു. കവിത എഴുതാറുള്ള ഇ.കെ നായനാരെ ഇന്ന് നമ്മില്‍ എത്രപേര്‍ക്ക് അറിയാം? രാഷ്ട്രീയ സാംസ്‌കാരിക സാഹിത്യചലനങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് പോയതിന്റെ സമഗ്രചരിത്രമില്ല എന്നതുകൊണ്ട് പല പേരും ഈ ചെറുകുറിപ്പില്‍ വിട്ടുപോയിട്ടുണ്ടാവും, ക്ഷമിക്കുമല്ലോ.
പറഞ്ഞുവരുന്നത്, മലയാളി രാഷ്ട്രീയ സാംസ്‌കാരിക ജീവിതത്തിന്റെ ഉപബോധത്തിന്റെ പ്രധാന ഉറവിടലോകം തന്നെ അക്ഷരം, പ്രസിദ്ധീകരണങ്ങള്‍, വായന, പുസ്തകങ്ങള്‍ എന്നിവയില്‍ നിന്നാണ് രൂപപ്പെട്ടത് എന്നാണ്. ഇതിന്റെയൊക്കെ ഒപ്പംതന്നെ അറബി മലയാളത്തിലുണ്ടായ എഴുത്തുലോകവും എടുത്തു പറയേണ്ടതാണ്. ക്രിസ്ത്യന്‍ മിഷനറി നമ്മുടെ ഭാഷയ്ക്കും ഭാഷാശാസ്ത്രത്തിനും നല്‍കിയ സംഭാവനകളും അമൂല്യമാണ്. പുസ്തകവായനയുടെ പ്രാധാന്യത്തെപ്പറ്റി മറ്റേത് സമൂഹത്തേക്കാള്‍ വലിയ സങ്കല്‍പം സൂക്ഷിക്കുന്ന ഒരു ജനതയായി നാം പരിണമിച്ചതിനു പിന്നിലുള്ള സാമൂഹ്യമനസ് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെ. മേല്‍പ്പറഞ്ഞ മൂന്ന് രാഷ്ട്രീയ സാംസ്‌കാരിക ധാരയോടൊപ്പമാണ് ഇന്നുകാണുന്ന കേരളത്തിന്റെ മനസ് രൂപപ്പെട്ടത്, നമ്മുടെ സാക്ഷരതാ യത്‌നങ്ങള്‍ ആരംഭിച്ചത്, നമ്മുടെ തൊഴില്‍സംസ്‌കാരം ആരംഭിച്ചത്, യാത്രകള്‍ ആരംഭിച്ചത്.
ഇന്ത്യ ഇന്ന് എത്തിച്ചേര്‍ന്ന ഒട്ടേറെ സമകാലീന രാഷ്ട്രീയ ദുരന്തങ്ങളില്‍നിന്ന് വലിയൊരളവോളം കേരള സംസ്ഥാനം മാറിനില്‍ക്കുന്നത് നമ്മുടെ ഗതകാല വെളിച്ചത്തിന്റെ ഫലമാണ്.
പുസ്തകത്തെ മാറോടണച്ച് പിടിച്ചു നടന്ന ഭരണാധിപന്മാരില്‍നിന്ന് പുസ്തകവിരോധികളുടെ ഗൂഢസംഘങ്ങളിലേക്കുള്ള ഇന്ത്യന്‍ രാഷ്ട്രീയ പതനത്തെപ്പറ്റി നമ്മുടെ വായനാ ദിനത്തിനു ചിലതെല്ലാം പറയാനുണ്ട്. ഇന്ത്യയിലെ അറിയപ്പെടുന്ന വായനക്കാരിലൊരാളായിരുന്നു ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. ഠവല ഉശരെീ്‌ലൃ്യ ീള കിറശമ, ഏഹശാുലെ െീള ംീൃഹറ വശേെീൃ്യ തുടങ്ങിയ ലോകപ്രശസ്തമായ പുസ്തകങ്ങളെഴുതിയ ആളായിരുന്നു നെഹ്‌റു.
കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു വിദ്യാഭ്യാസം. നമ്മുടെ ആദ്യ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത അന്വേഷിച്ചു പോയാല്‍ നാം കേംബ്രിഡ്ജിലാണ് എത്തിച്ചേരുക. എന്നാല്‍ ഇന്നത്തെ ഭരണാധികാരിയുടെ വിദ്യാഭ്യാസം അന്വേഷിച്ചു പോയാല്‍, അന്വേഷിച്ചു പോ
യവന്‍ മിക്കവാറും എത്തിച്ചേരുക ജയിലഴിക്കുള്ളിലാകും!
ഈ പതനം നമ്മുടെ രാഷ്ട്രീയജീവിതത്തെ മാത്രമല്ല, സാംസ്‌കാരിക രംഗങ്ങളെയും വായനയെയുമൊക്കെ ബാധിക്കുന്നുണ്ട്. സത്യം പറയാന്‍ പുസ്തകങ്ങളും അക്ഷരങ്ങളും ഭയക്കുന്ന ഈ 'സാംസ്‌കാരിക ലോക്ക്ഡൗണ്‍' കാലത്ത് വാക്കുകള്‍ സത്യത്തിന്റെ പിന്നിലൊളിച്ച് ഭയന്നു വിറക്കാതിരിക്കട്ടെ, പുസ്തകങ്ങള്‍ തണുത്ത് കുതിരാതിരിക്കട്ടെ. പുസ്തകങ്ങള്‍ തണുത്തു കുതിരുന്നിടത്താണ് നാം സാംസ്‌കാരിക മറവി എന്ന ചിതലിന് ഇരയായിത്തീരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."