ഐ.ടി ഉദ്യോഗസ്ഥനെ പോലും വെട്ടിലാക്കിയ വാട്‌സ് ആപ് തട്ടിപ്പ്; ഇത്തരം സന്ദേശങ്ങളില്‍ വീഴല്ലേ
ഐ.ടി ഉദ്യോഗസ്ഥനെ പോലും വെട്ടിലാക്കിയ വാട്‌സ് ആപ് തട്ടിപ്പ്; ഇത്തരം സന്ദേശങ്ങളില്‍ വീഴല്ലേ
ന്യൂഡല്‍ഹി: പണി ട്രെയിന്‍ പിടിച്ച് വരുമെന്ന് കേട്ടിട്ടില്ലേ. ഇരകളെ കബളിപ്പിക്കാനുള്ള വഴി കണ്ടെത്താന്‍ ഒരു അവസരവും പാഴാക്കാറില്ല തട്ടിപ്പുകാര്‍. അത് അന്തര്‍ദേശീയ കോളുകളായാലും യൂട്യൂബ് വീഡിയോ സ്‌കാമുകളായാലും. പോരാത്തതിന് ഇപ്പോള്‍ വര്‍ധിച്ചു വരികയാണ് വാട്‌സ്ആപ്പ് തട്ടിപ്പുകളും. ഐ.ടി വിദഗ്ധനെ പോലും തട്ടിപ്പില്‍ പെടുത്താന്‍ മാത്രം വിദഗ്ധമായാണ് തട്ടിപ്പുകള്‍ നടക്കുന്നത്.
ഇത്തരത്തിലുള്ള ഒരു ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങളാണ് ഗുഡ്ഗാവിലെ ഒരു ഐടി ഉദ്യോഗസ്ഥന് നഷ്ടമായത്. വാട്‌സാപ്പ് സന്ദേശം വഴി വിശ്വാസ്യത നേടിയ സംഘമാണ് ഐ ടി ഉദ്യോഗസ്ഥനില്‍ നിന്ന് 42 ലക്ഷം രൂപയിലധികം കൈക്കലാക്കിയത്. യുട്യൂബ് വീഡിയോ ലൈക്ക് ചെയ്ത് അധിക വരുമാനം നേടാം എന്നറിയിച്ചാണ് തട്ടിപ്പ് നടത്തിയത്.
പാര്‍ട് ടൈം ജോലിയിലൂടെ അധികവരുമാനം നേടാം എന്ന മെസേജ് വഴിയാണ് തട്ടിപ്പ് സംഘം ആദ്യം ഐ ടി ഉദ്യോഗസ്ഥനെ സമീപിച്ചത്. യുട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്യുന്നതായിരുന്നു പാര്‍ട് ടൈം ജോലി. ഇത്തരത്തില്‍ അധിക വരുമാനം നേടാമെന്ന സന്ദേശം മാര്‍ച്ച് 24നാണ് ഇയാള്‍ കൈപറ്റിയത്. മെസേജിന് മറുപടി നല്‍കിയതോടെ ദിവ്യ എന്ന പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പില്‍ അംഗമാക്കി. ഗ്രൂപ്പംഗങ്ങളായ കമാല്‍, അങ്കില്‍, ഭൂമി, ഹര്‍ഷ് എന്നിവരാണ് പിന്നീട് ഉദ്യോഗസ്ഥനുമായി ആശയവിനിമയം നടത്തിയത്. മുടക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക തിരികെ നല്‍കാമെന്നറിയിച്ചായിരുന്നു ഇയാളില്‍ നിന്ന് പണം കൈക്കലാക്കിയത്.
തന്റെയും ഭാര്യയുടെയും അക്കൗണ്ടുകളില്‍ നിന്നായി 42,31,600 രൂപ ഇയാള്‍ തട്ടിപ്പ് സംഘത്തിന് നല്‍കി. 62 ലക്ഷം രൂപയായി മടക്കി നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ അതിനായി വീണ്ടും പണം നല്‍കേണ്ടതുണ്ടെന്നായിരുന്നു ലഭിച്ച മറുപടി. തട്ടിപ്പ് മനസിലായതോടെ ഇയാള്‍ പൊലിസില്‍ പരാതി നല്‍കി.
ഗുഡ്ഗാവ് സെക്ടര്‍ 102ല്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജോലി ചെയ്യുന്നയാളാണ് ഓണ്‍ലൈന്‍ വഴി കബളിക്കപ്പെട്ടത് എന്നതാണ് ഗൗരവകരമായ കാര്യം. പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് രാജ്യത്ത് വ്യാപകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
whatsapp-scam:-gurgaon-based-techie-loses-rs-42-lakh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."