വി. അബ്ദുറഹിമാൻ മരണത്തിന്റെ വ്യാപാരി, തൊഴിലാളി പാർട്ടിയെ പണം കൊടുത്ത് വാങ്ങി മന്ത്രിയായി: രൂക്ഷ വിമർശനവുമായി കെ.എം ഷാജി
മലപ്പുറം: മന്ത്രി വി. അബ്ദുറഹിമാനെതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. വി. അബ്ദുറഹിമാൻ മരണത്തിന്റെ വ്യാപാരിയാണ്. തൊഴിലാളി പാർട്ടിയെ പണം കൊടുത്ത് വാങ്ങി മന്ത്രിയായ ആളാണ് വി. അബ്ദുറഹിമാനെന്നും കെ.എം ഷാജി പറഞ്ഞു. താനൂരിൽ പൊലിഞ്ഞ 22 ജീവന് മന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് താനൂരിൽ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് അബ്ദുറഹിമാനെതിരെ കെ.എം ഷാജി വിമർശനം ഉന്നയിച്ചത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം മന്ത്രി നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പ്രതിഷേധമായാണ് ഇന്ന് ലീഗ് യോഗം സംഘടിപ്പിച്ചത്. യോഗത്തിൽ, താൻ ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നും മന്ത്രിക്ക് മറുപടിയില്ലെന്നും കെ.എം ഷാജി വിമർശിച്ചു.
ദിവസങ്ങൾക്ക് മുൻപ് നടത്തിയ പ്രതിഷേധ യോഗത്തിൽ താനൂരിൽ മുഖ്യമന്ത്രിക്ക് വരാൻ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയെന്ന് കെ.എം ഷാജി പറഞ്ഞിരുന്നു. ഇതിനെതിരെ എൽഡിഎഫ് താനൂരിൽ സംഘടിപ്പിച്ച യോഗത്തിൽ നിന്റെ വീട്ടിൽ പോലും വേണമെങ്കിൽ ഞങ്ങൾ കടന്നുകയറുമെന്നാണ് മന്ത്രി വി. അബ്ദുറഹിമാൻ മറുപടി നൽകിയത്.
മുസ്‌ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വെക്കുന്ന ആളാണ് കെ.എം ഷാജിയെന്നും ലീഗിനെ തോൽപ്പിച്ചാണ് താനൂരിൽ രണ്ടു തവണ താൻ ജയിച്ചതെന്ന് ഓർക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."